നിയമലംഘകരുമായി സൗദി എയര്‍ലൈന്‍സ് ചെന്നൈയിലെത്തി; ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് 26ന്

റിയാദ്- സൗദി അറേബ്യയിലെ നാടുകടത്തല്‍ കേന്ദ്ര (തര്‍ഹീല്‍)ങ്ങളില്‍ കഴിയുന്ന നിയമലംഘകരുടെ രണ്ടാം ഘട്ട യാത്രക്ക് തുടക്കമായി. ഇന്ന് (23.9.20) വൈകുന്നേരം 3.55ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ചെന്നൈ വിമാനത്താവളത്തിലേക്ക് മലയാളികളുള്‍പ്പെടെ 231 പേരുമായി സൗദി എയര്‍ലൈന്‍സ് വിമാനം പുറപ്പെട്ടു. സൗദി സര്‍ക്കാറിന്റെ ചെലവിലാണ് ഇവരെ നാട്ടിലെത്തിക്കുന്നത്
അടുത്ത വിമാനം ശനിയാഴ്ച ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. 351 നിയമലംഘകരാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യുക. സാധാരണപോലെ ശരീരോഷ്മാവ് പരിശോധിച്ചാണ് ഇവരെ വിമാനത്തില്‍ കയറ്റുന്നത്. വരും ദിവസങ്ങളില്‍ തര്‍ഹീലിലുള്ള എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
നിലവില്‍ ജിദ്ദയിലും റിയാദിലുമായി തര്‍ഹീലുകളില്‍ 800 ഓളം ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ മെയില്‍ അഞ്ഞൂറോളം പേരെ ഹൈദ്രാബാദിലെത്തിച്ചിരുന്നു. അതിന് ശേഷം ഇന്ത്യയില്‍ കോവിഡ് രൂക്ഷമാവുകയും വിമാന സര്‍വീസിന് അനുമതി ലഭിക്കാതെയുമായി. ഇതോടെയാണ് ഇവരെ നാട്ടിലെത്തിക്കല്‍ അനിശ്ചിതമായി നീണ്ടത്. എംബസിയുടെയും കോണ്‍സുലേറ്റിന്റെയും നിരന്തര ഇടപെടല്‍ കാരണമാണ് ഇപ്പോള്‍ വിമാനസര്‍വീസ് സാധ്യമായത്.
കഴിഞ്ഞ 16ന് റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനസര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ മലയാളികളല്ലാത്തവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാരണത്താല്‍ അവസാന നിമിഷം കേരളസര്‍ക്കാര്‍ വിമാനത്തിന് നല്‍കിയ അനുമതി റദ്ദാക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ 65 ഓളം മലയാളികളുണ്ട്.

Latest News