Sorry, you need to enable JavaScript to visit this website.

സൗദി: സൗഹൃദത്തിന്റെയും സൗമനസ്യത്തിന്റെയും വിജയക്കുതിപ്പ് 

അഴിമതി വിരുദ്ധ പോരാട്ട മേഖലയിൽ ആഗോള തലത്തിൽ തന്നെ മറ്റുള്ള രാജ്യങ്ങൾക്ക് മാതൃകയായി സൗദി അറേബ്യ മാറിയിട്ടുണ്ട്. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരിട്ടാണ് അഴിമതി വിരുദ്ധ പോരാട്ടത്തിന് ചുക്കാൻ പിടിക്കുന്നത്. 


സൗദി അറേബ്യ ഇന്ന് 90-ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ. സ്വദേശികളും വിദേശികളും അടക്കം മൂന്നര കോടിയോളം വരുന്ന രാജ്യനിവാസികൾ ദേശീയ ബോധം സ്ഫുരിക്കുന്ന സ്മരണകളാൽ ഈ സുദിനം സമുചിതമായി ആഘോഷിക്കുന്നു. 


സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്കെല്ലാവർക്കും ഇന്ന് പൊതു അവധിയാണ്. തെരുവുകളിലും കെട്ടിടങ്ങളിലുമെല്ലാം സത്യസാക്ഷ്യവാക്യം രേഖപ്പെടുത്തിയ ഹരിത പതാകകൾ പാറിക്കളിക്കുന്നു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെയും ഫോട്ടോകളോടെ, ഭരണാധികാരികൾക്കുള്ള ആശംസകൾ അർപ്പിക്കുന്ന കൂറ്റൻ ഫഌക്‌സുകളും ബിൽബോർഡുകളുമാണെങ്ങും. 


കഴിഞ്ഞ ഏതാനും വർഷമായി സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ വലിയ മാറ്റങ്ങൾക്കും കുതിച്ചു ചാട്ടത്തിനുമാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇതിനെല്ലാം ചുക്കാൻ പിടിച്ച് മുന്നിൽ നിന്ന് നയിക്കുന്നത് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ്. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ-030 പദ്ധതി, ഇതിന്റെ ഭാഗമായ വൻകിട പദ്ധതികൾ, വിനോദ സഞ്ചാര വ്യവസായ വികസനം, മൂല്യവർധിത നികുതി ഉയർത്തൽ തുടങ്ങി സാമ്പത്തിക മേഖലയിൽ സുധീരമായ പരിഷ്‌കരണങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു വരികയാണ്. 
പരമ്പരാഗത സഖ്യരാജ്യങ്ങളുമായുള്ള ഊഷ്മളബന്ധം കാത്തുസൂക്ഷിക്കുന്നതോടൊപ്പം തന്നെ, ഇന്ത്യ, ചൈന, റഷ്യ പോലുള്ള രാജ്യങ്ങളുമായും ശക്തമായ സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങൾ സ്ഥാപിക്കാനും നിലനിർത്താനും പ്രത്യേക ശ്രദ്ധയാണ് സൗദി ഭരണാധികാരികൾ കാണിക്കുന്നത്. ഇന്ത്യയുമായുള്ള സൗദിയുടെ ശക്തമായ അടുപ്പം പരമ്പരാഗത സഖ്യരാജ്യമായ പാക്കിസ്ഥാനെ ത്രിശങ്കുവിലാക്കിയിട്ടുണ്ട്. 


ലോകത്തെയാകമാനം നിശ്ചലമാക്കിയ കൊറോണ വ്യാപനത്തെ അതിജയിക്കുന്ന ദിശയിൽ അസൂയാവഹമായ നേട്ടം കൈവരിച്ചു കൊണ്ടിരിക്കെയാണ് സൗദി അറേബ്യ ഇത്തവണ ദേശീയദിനം ആഘോഷിക്കുന്നത്. ഒരു കൊറോണ കേസ് പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതിനു മുമ്പു തന്നെ മഹാമാരി സൃഷ്ടിക്കുന്ന ഭീഷണി മുൻകൂട്ടി കാണാനും രോഗവ്യാപനം തടയാനും നടത്തിയ നിദാന്ത ശ്രമങ്ങൾ ഫലം കണ്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷണക്കിന് ഉംറ തീർഥാടകരും ടൂറിസ്റ്റുകളും വിസിറ്റ് വിസക്കാരും രാജ്യത്തിനകത്തുണ്ടായിരിക്കെയാണ് രോഗവ്യാപനം തടയുന്നതിന് ശ്രമിച്ച് കർഫ്യൂവും വിമാന, ട്രെയിൻ, ബസ്, ടാക്‌സി സർവീസുകളും നിർത്തിവെച്ചത്. 


ഒരു കോടിയിലേറെ വരുന്ന, ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നുള്ള വിദേശ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യവും രാജ്യമെങ്ങും അലഞ്ഞുനടക്കുന്ന ഇഖാമ, തൊഴിൽ നിയമ ലംഘകരും നുഴഞ്ഞുകയറ്റക്കാരും കൊറോണ നിയന്ത്രണ ശ്രമങ്ങൾക്ക് വലിയ വെല്ലുവിളിയായിരുന്നു. ഭരണാധികാരികളും ആരോഗ്യ മന്ത്രാലയവും നഗരസഭകളും സുരക്ഷാ വകുപ്പുകളും അടക്കമുള്ള സർക്കാർ ഏജൻസികളും വകുപ്പുകളും ഒറ്റക്കെട്ടായി കച്ചകെട്ടിയിറങ്ങിയതോടെ കൊറോണ വ്യാപനം നല്ലൊരു പരിധി വരെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. 


ഇതോടൊപ്പം കൊറോണ പ്രതിസന്ധി പ്രതികൂലമായി ബാധിച്ച സ്വകാര്യ സ്ഥാപനങ്ങളെയും സ്വദേശികളെയും വിദേശികളെയും സഹായിക്കാൻ കാൽ ലക്ഷം കോടി റിയാലിന്റെ ഉത്തേജക പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സർവീസുകൾ നിർത്തിവെച്ചതിനാൽ സൗദിയിലും വിദേശങ്ങളിലുമായി കുടുങ്ങിയവരുടെ വിസകളും റീ-എൻട്രികളും ഇഖാമകളും ഓട്ടോമാറ്റിക് രീതിയിൽ സൗജന്യമായി ദീർഘിപ്പിച്ചു നൽകാനും ഭരണാധികാരികൾ മറന്നില്ല. രാജ്യത്ത് കൊറോണ വ്യാപനം നിയന്ത്രണ വിധേയമായത് കണക്കിലെടുത്ത്, വിദേശങ്ങളിൽ കുടുങ്ങിയവർക്ക് വ്യവസ്ഥകളോടെ സൗദിയിലേക്ക് മടങ്ങാനുള്ള അനുമതി ദിവസങ്ങൾക്കു മുമ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിനകത്തു നിന്നുള്ളവർക്കും വിദേശങ്ങളിൽ നിന്നുള്ളവർക്കും ഉംറക്കും സിയാറത്തിനും വൈകാതെ അവസരമൊരുങ്ങുമെന്ന് ബന്ധപ്പെട്ടവർ പ്രഖ്യാപിച്ചിട്ടുണ്ട്. 


അഴിമതി വിരുദ്ധ പോരാട്ട മേഖലയിൽ ആഗോള തലത്തിൽ തന്നെ മറ്റുള്ള രാജ്യങ്ങൾക്ക് മാതൃകയായി സൗദി അറേബ്യ മാറിയിട്ടുണ്ട്.
 കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരിട്ടാണ് അഴിമതി വിരുദ്ധ പോരാട്ടത്തിന് ചുക്കാൻ പിടിക്കുന്നത്. രാജകുമാരന്മാരും മന്ത്രിമാരും ഗവർണർമാരും സൈനിക മേധാവികളും ജഡ്ജിമാരും ഉന്നത ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും അടക്കമുള്ളവർ അഴിമതി കേസുകളിൽ അഴിക്കുള്ളിലായിട്ടുണ്ട്. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ 40,000 കോടിയോളം റിയാൽ പൊതു ഖജനാവിൽ തിരികെയെത്തിക്കാൻ സാധിച്ചു. 


വനിതാ ശക്തീകരണ മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് സമീപ കാലത്ത് രാജ്യം നടത്തിയത്. ശൂറാ കൗൺസിലിലെ വനിതാ പങ്കാളിത്തം, നഗരസഭാ തെരഞ്ഞെടുപ്പുകളിലെ വനിതാ പങ്കാളിത്തം, വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി, മുമ്പ് അപ്രാപ്യമായിരുന്ന ഉന്നത പദവികളിൽ വനിതകൾക്ക് നിയമനം, പ്രായപൂർത്തിയായ വനിതകൾക്ക് വിദേശ യാത്രക്കുള്ള സഞ്ചാര സ്വാതന്ത്ര്യം, തൊഴിൽ മേഖലയിലെ സ്ത്രീ-പുരുഷ സമത്വം, വനിതകൾക്കു മാത്രമായുള്ള യൂനിവേഴ്‌സിറ്റികളും കോളേജുകളും, രക്ഷാകർത്താക്കളുടെ സമ്മതപത്രമില്ലാതെ തന്നെ വനിതകൾക്ക് പാസ്‌പോർട്ടുകളും തിരിച്ചറിയൽ കാർഡുകളും നേടുന്നതിനും സ്വന്തം നിലക്ക് വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നതിനുമുള്ള അനുമതി, പുതിയ തൊഴിൽ മേഖലകൾ വനിതകൾക്കു മുന്നിൽ തുറന്നുകൊടുക്കൽ തുടങ്ങി സ്ത്രീ ശാക്തീകരണ മേഖലയിൽ കുറഞ്ഞ കാലയളവിനുള്ളിൽ രാജ്യം നടത്തിയ സുധീരമായ ചുവടുവെപ്പുകൾ നിസ്തുലമാണ്. 


പശ്ചിമേഷ്യൻ സംഘർഷം, അറബ് രാജ്യങ്ങളിലെ വൈദേശിക ഇടപെടലുകൾ എന്നിവ അടക്കമുള്ള സമകാലിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സൗദി അറേബ്യയുടെ വിദേശ നയം ഉറച്ചതാണ്. ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന കാര്യത്തിൽ ദീർഘകാലമായി പിന്തുടരുന്ന പ്രഖ്യാപിത നിലപാടിൽ ഉറച്ചു നിൽക്കുന്നതായും പശ്ചിമേഷ്യൻ സമാധാനം ലക്ഷ്യമിട്ട് നടത്തുന്ന ഏതു ശ്രമങ്ങളെയും പിന്തുണക്കുമെന്നും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വ്യക്തമാക്കിയിട്ടുണ്ട്. 


യു.എൻ തീരുമാനങ്ങൾക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി, കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയും ഫലസ്തീൻ അഭയാർഥികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ സാഹചര്യം ഒരുങ്ങുകയും ചെയ്യുന്നതോടെ ഇസ്രായിലുമായി പൂർണ തോതിലുള്ള സാധാരണബന്ധം സ്ഥാപിക്കുമെന്നാണ് അറബ് സമാധാന പദ്ധതി പറയുന്നത്. 
അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന ഇറാനും തുർക്കിയും, ഹിസ്ബുല്ലയും ഹൂത്തികളും അടക്കമുള്ള തങ്ങളുടെ പിണിയാളുകൾ മുഖേന മേഖലാ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനും അട്ടിമറികൾക്കും നിരന്തരം കിണഞ്ഞുശ്രമിക്കുന്നതു മൂലമുള്ള കടുത്ത ആശങ്കകളാണ് ഇസ്രായിലുമായി സമാധാന കരാർ ഒപ്പുവെക്കാൻ യു.എ.ഇയെയും ബഹ്‌റൈനെയും പ്രേരിപ്പിച്ചത്.

സമാനമായി കൂടുതൽ അറബ് രാജ്യങ്ങൾ വൈകാതെ ഇസ്രായിലുമായി സമാധാന കരാർ ഒപ്പുവെക്കാനും സാധാരണബന്ധം സ്ഥാപിക്കാനും മുന്നോട്ടു വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ സൗദി അറേബ്യ ഉണ്ടാകില്ല എന്ന് സൽമാൻ രാജാവും വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും അർഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. എക്കാലവും ഫലസ്തീനികൾക്കും അവരുടെ നിയമാനുസൃത അവകാശങ്ങൾക്കുമൊപ്പം നിലയുറപ്പിക്കുമെന്ന് സൗദി അറേബ്യ അർഥ സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്. വെല്ലുവിളികളും ഭീഷണികളും നേരിടാൻ സൗദി അറേബ്യ കൂടുതൽ കരുത്താർജിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സൈനിക ശക്തിയായി സൗദി അറേബ്യ മാറിയിട്ടുണ്ട്.  


ഓരോ വർഷവും ബിരുദം നേടി പുറത്തിറങ്ങുന്ന മൂന്നു ലക്ഷത്തിലേറെ വരുന്ന സ്വദേശി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് കുറക്കാനും, സ്വദേശിവൽക്കരണ ശ്രമങ്ങളുമായി രാജ്യം ശക്തമായി മുന്നോട്ടു പോവുകയാണ്. ഒട്ടുമുക്കാൽ മേഖലകളും ഇതിനകം സൗദിവൽക്കരണത്തിന്റെ പരിധിയിൽ വന്നു. ഇതോടൊപ്പം വനിതകൾക്കു മുന്നിൽ പുതിയ തൊഴിൽ മേഖലകൾ തുറക്കാനും തൊഴിൽ വിപണിയിൽ സ്ത്രീ-പുരുഷ വിവേചനം ഇല്ലാതാക്കാനും സമത്വം ഉറപ്പുവരുത്താനും ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാനും ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 


90 വർഷം മുമ്പ് ഇതുപോലൊരു ദിവസമാണ് അബ്ദുൽ അസീസ് രാജാവ് കിംഗ്ഡം ഓഫ് സൗദി അറേബ്യയെന്ന പേരിൽ ഐക്യ സൗദി അറേബ്യയുടെ തിരുപ്പിറവി പ്രഖ്യാപിച്ചത്. പത്ത് വർഷത്തോളം കുവൈത്തിൽ കുടുംബാംഗങ്ങളോടൊപ്പം കഴിച്ചുകൂട്ടിയ ശേഷം 1902-ലാണ് അബ്ദുൽ അസീസ് രാജാവ് റിയാദ് തിരിച്ചുപിടിച്ചത്. 1932 സെപ്റ്റംബർ 23-നായിരുന്നു സൗദി അറേബ്യ എന്ന പേരിനു കീഴിൽ രാജ്യത്തെ ഒന്നാകെ ഒരുമിപ്പിക്കുന്ന ഉത്തരവ് അബ്ദുൽ അസീസ് രാജാവ് പുറപ്പെടുവിച്ചത്. 

Latest News