മുംബൈ- കമന്റടിച്ചതിനെ ചോദ്യം ചെയ്ത 16 കാരിയെ യുവാവ് ആളുകള്‍ നോക്കി നില്‍ക്കെ ക്രൂരമായി മര്‍ദിച്ചു ബോധരഹിതയാക്കി.
മുംബൈ നെഹ്‌റു നഗറില്‍ ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നതോടെ പോലീസ് യുവാവിനെ അന്വേഷിച്ചു പിടികൂടിയിട്ടുണ്ട്. സുഹൃത്തിനൊപ്പം തുന്നല്‍ ക്ലാസിനു പോകുന്നതിനിടെയാണ് കൗമാരക്കാരിയെ അയല്‍ക്കാരനായ ഇമ്രന്‍ ശാഹിദ് ശൈഖ് എന്ന യുവാവ് കമന്റടിച്ചത്. ഇതിനെതിരെ പ്രതികരിച്ച പെണ്‍കുട്ടിയെ യുവാവ് പൊതിരെ തല്ലുകയായിരുന്നു. തുടര്‍ച്ചയായുള്ള അടികളേറ്റ് പെണ്‍കുട്ടി റോഡില്‍ ബോധരിഹതയായി വീഴുന്നതും വീഡിയോയില്‍ കാണാം.
പെണ്‍കുട്ടി മര്‍ദിക്കപ്പെടുമ്പോള്‍ സമീപത്തുള്ളവര്‍ ആരും രക്ഷിക്കാന്‍ ശ്രമിച്ചില്ല. പലരും രംഗം കണ്ട് കടന്നു പോകുന്നതും വിഡിയോയിലുണ്ട്. ഒടുവില്‍ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി രക്ഷിതാക്കളെ ഫോണ്‍ വിളിച്ച് വിവരമറിയച്ചതിനെ തുടര്‍ന്ന് അവരെത്തിയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടി താമസിക്കുന്ന കെട്ടിടത്തില്‍ തന്നെയാണ് യുവാവും കഴിയുന്നത്. മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. കുറച്ചു നാളുകളായി ഇയാള്‍ തന്നെ ശല്യം ചെയ്തു വരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ ആളുകള്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടു.






