Sorry, you need to enable JavaScript to visit this website.

ലോകത്തെ സ്വാധീനിച്ച നൂറു പേർ; ടൈം മാഗസിന്റെ പട്ടികയിൽ ഷഹീൻ ബാഗിലെ ദീദി

ന്യൂദൽഹി- ലോകത്തെ സ്വാധീനിച്ച നൂറുപേരുടെ പട്ടികയിൽ ഷഹീൻ ബാഗിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ദീദിയും. 82 കാരിയായ ബി്ൽക്കിസ് എന്ന ദീദിയെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രശസ്ത മാധ്യമ പ്രവർത്തക റാണാ അയൂബാണ് ഇവരെ കുറിച്ചുള്ള ലേഖനം എഴുതിയത്. ഭൂരിപക്ഷവാദത്താൽ അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെയും ന്യുനപക്ഷങ്ങളുടെയും പ്രതിരോധത്തിന്റെ ഉദാത്ത മാതൃകയാണ് ബിൽക്കിസ് എന്ന് ലേഖനം പറയുന്നു. ബൊളിവുഡ് താരം ആയുഷ് മാൻ ഖുറാന, ക്ലിനിക്കൽ ബയോളജി പ്രൊഫസർ രവീന്ദ്ര ഗുപ്ത, ഗുഗിൽ സി ഇ ഒ സുന്ദർ പിച്ചെ എന്നിവരാണ് പട്ടികയിലുളള മറ്റ് ഇന്ത്യക്കാർ
അതേസമയം, ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇടംപിടിച്ചു. എന്നാ്# മനുഷ്യരുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിച്ച കാരണങ്ങളല്ല, ഇന്ത്യൻ ജനാധിപത്യവും ബഹുസ്വരതയും മോഡിയുടെ ഭരണകാലത്ത് അപകടത്തിലായെന്നാണ് ടൈം മാഗസിൻ പറയുന്നത്. ടൈം മാഗസിന്റെ എഡിറ്റർ അറ്റ് ലാർജ് കാൾ വിക്കാണ് നരേന്ദ്ര മോദിയെക്കുറിച്ച് കുറിപ്പ് എഴുതിയത്. ജനാധിപത്യത്തിലെ മുഖ്യഘടകം യഥാർത്ഥത്തിൽ സ്വതന്ത്ര തെരഞ്ഞെടുപ്പല്ല, ആർക്കാണ് കൂടുതൽ വോട്ടുകൾ കിട്ടിയത് എന്ന കാര്യം മാത്രമാണ് അത് പറയുന്നത്. ജയിച്ചവർക്ക് വോട്ട് ചെയ്യാത്തവരുടെ അവകാശങ്ങളങ്ങളാണ് ഏറ്റവും പ്രധാനം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെക്കാലമായി ഇന്ത്യ. 130 കോടി ജനങ്ങളിൽ ക്രിസ്ത്യാനികളും മുസ്ലംകളും സിഖുകാരും ജൈനരും മറ്റ് മത വിഭാഗങ്ങളിൽ പെട്ടവരും ഉണ്ട്. എല്ലാവരും ഇന്ത്യയോട് ചേർന്നു. ഇന്ത്യയിൽ അഭയാർത്ഥിയായി ജീവിച്ച ദലൈലാമ ഇതിനെയാണ് സഹവർതിത്വത്തിന്റെയും സ്ഥിരതയുടെയും ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. ഇതിനെയൊക്കെ നരേന്ദ്ര മോഡി സംശയത്തിലാക്കിയിരിക്കുന്നു. ഇന്ത്യയിലെ 80 ശതമാനത്തോളം വരുന്ന ഹിന്ദു വിഭാഗത്തിൽനിന്നാണ് ഇന്ത്യയുടെ പ്രധാനമന്ത്രിമാരിൽ എല്ലാവരും തന്നെ വന്നതെങ്കിലും, മോഡി മാത്രമാണ് മറ്റാരും പ്രശ്‌നമല്ലെന്ന രീതിയിൽ ഭരിച്ചത്. ജനപ്രിയ വാഗ്ദാനങ്ങളുടെ പുറത്ത് ആദ്യം അധികാരത്തിലെത്തിയതാണ് മോഡി. പിന്നീട് അദ്ദേഹത്തിന്റെ ഹിന്ദു ദേശീയ പാർട്ടിയായ ഭാരതീയ ജനതാപാർട്ടി വരേണ്യതയെ മാത്രമല്ല, ബഹുസ്വരതയേയും ഉപേക്ഷിച്ചുവെന്നും ലേഖനത്തിൽ പറയുന്നു.
 

Latest News