ഏതെങ്കിലും കോവിഡ് വാക്‌സിന്‍ ഫലം ചെയ്യുമോ എന്ന് ഒരുറപ്പുമില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ- ഇപ്പോള്‍ വികസിപ്പിച്ചു വരുന്ന ഏതെങ്കിലും കോവിഡ് വാക്‌സിന്‍ ഫലം ചെയ്യുമോ എന്ന് ഒരു ഉറപ്പുമില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി തെദ്‌റോസ് അദനോം ഗിബ്രയെസസ്. കൂടുതല്‍ പേരില്‍ പരീക്ഷണം നടത്തുന്നത് ഫലവത്തായ സുരക്ഷിത വാക്‌സിന്‍ ലഭിക്കാന്‍ സാധ്യതയേറ്റുമെന്നും അദ്ദേഹം പറഞ്ഞു. 'ഏകദേശം ഇരുനൂറോളം വാക്‌സിനുകളാണ് കോവിഡ് 19 പ്രതിരോധത്തിനായി പലഘട്ടങ്ങളിലായി പരീക്ഷണം നടന്നു വരുന്നത്. ഇവയില്‍ ചിലത് പരാജയപ്പെടും ചിലത് വിജയമാകും എന്നാണ് വാക്‌സിന്‍ വികസന ചരിത്രം നമ്മോട് പറയുന്നത്,' തെദ്‌റോസ് പറഞ്ഞു. 

ഭാവിയില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ കോവിഡ് വാക്‌സിനുകള്‍ തുല്യമായി വിതരണം ചെയ്യുന്നതിനുള്ള ഒരു സംവിധാനം ലോകാരോഗ്യ സംഘടന ആഗോള വാക്‌സിന്‍ സഖ്യമായ ഗവി, കൊലീഷന്‍ ഫോര്‍ എമിഡമിക് പ്രിപയേഡ്‌നെസ് ഇനൊവേഷന്‍സ് എന്നിവരുമായി ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കോവാക്‌സ് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. വിവിധ സര്‍ക്കാരുകള്‍ക്ക് വ്യാപകമായി വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാന്‍ സഹായിക്കുന്നതാണിത്. ആഗോള തല സഹകരണത്തിലൂടെ ലോകത്തെല്ലായിടിത്തും ഒരു പോലെ സാധ്യമായ മികച്ച ഫലം ലഭിക്കുന്നതിനാണ് ഈ കോവാക്‌സ് സംവിധാനം തയാറാക്കിയിരിക്കുന്നത്.
 

Latest News