Sorry, you need to enable JavaScript to visit this website.

പുതിയ വിദ്യാഭ്യാസനയം: ഭരണഘടനാ മൂല്യങ്ങൾ ഉറപ്പുവരുത്തണം -ഐവ

ഐവ ജിദ്ദ സംഘടിപ്പിച്ച വെബിനാറിൽനിന്ന്. 

 ജിദ്ദ - പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പിൽവരുത്തുമ്പോൾ സാമൂഹികമായും സാംസ്‌കാരികമായും ഉള്ള ഭരണഘടനാ മൂല്യങ്ങൾ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത 'ഐവ' ജിദ്ദ (ഇന്ത്യൻ വെൽഫയർ അസോസിയേഷൻ, ജിദ്ദ) നടത്തിയ 'ദേശീയ വിദ്യാഭ്യാസനയം: സാധ്യതകളും പ്രത്യാഘാതങ്ങളും'  എന്ന സൂം വെബിനാറിൽ പങ്കുവെച്ചു. 
അബീർ ഗ്രൂപ്പ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ് ഉദ്ഘാടനം ചെയ്ത വെബിനാറിൽ പുതിയ വിദ്യാഭ്യാസ നയത്തിന്റെ  അക്കാദമിക തലം ഡോ. സൈനുൽ ആബിദ് കോട്ട (ഗവ : കോളേജ്, മലപ്പുറം) വിലയിരുത്തി. ഇപ്പോൾ ഉന്നത വിദ്യാഭ്യാസം വേണ്ടത്ര ലഭ്യമല്ലാത്ത പിന്നോക്ക ന്യൂനപക്ഷ അധഃസ്ഥിതർക്ക് യാ തൊരുവിധ പരിഗണനയും നല്കാതെയും വിദേശഭാഷാ പഠനത്തിന്റെ സാധ്യതയിൽനിന്നും അറബിഭാഷ എടുത്തുകളഞ്ഞും തഴയപ്പെട്ടവരെ വീണ്ടും തഴയാനേ പുതിയ വിദ്യാഭ്യാസ നയം കാരണമാകൂ എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഓട്ടോണമസ് കോളേജുകളെ സർവകലാശാലകളിൽനിന്നും വേർപെടുത്തുന്നതും സ്‌കോളർഷിപ്പുകൾ സർക്കാരിന്റെ ബാധ്യതയിൽനിന്നെടുത്തു മാറ്റുന്നതും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം തകർക്കാനും പാവപ്പെട്ടവർക്ക് വിദ്യാഭ്യാസം നിഷേധിക്കാനും കാരണമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.


മൂന്നാം വയസ്സിൽ ഔദ്യോഗിക വിദ്യാഭ്യാസം ആരംഭിക്കുന്നതും ആറാംക്ലാസ് മുതൽ തൊഴിൽ പരിശീലനം നൽകുന്നതും വരുംതലമുറയെ വെറുമൊരു തൊഴിൽ ഉപകരണങ്ങളാക്കി മാറ്റാനുള്ള മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാണെന്നു പുതിയ വിദ്യാഭ്യാസനയത്തിന്റെ സാമൂഹിക നഷ്ടങ്ങളെക്കുറിച്ചു പ്രതിപാദിച്ച പ്രൊഫ. ലിംസീർ അലി ( എം.ഇ.എസ്. കോളേജ് പൊന്നാനി ) അഭിപ്രായപ്പെട്ടു.  
തൊഴിലിന്റെ അടിസ്ഥാനത്തിൽ അറിവിനെ വിഭജിക്കുന്നതും ഇടക്കുവെച്ചു പഠനം നിർത്താൻ അനുവദിക്കുന്നതും വിദ്യാർഥികൾ ഉന്നത ശ്രേണിയിലെത്തുന്നതിനെ തടയുന്നതിനും ഉന്നത വിദ്യാഭ്യാസ രംഗത്തെ അച്ചടക്കം നഷ്ടപ്പെടുന്നതിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.  


വിദ്യാഭ്യാസ നയവും നടപ്പിൽവരുത്തലും കേന്ദ്രീകൃത  സ്വഭാവത്തിലേക്ക്  പോകുമ്പോൾ ഇന്ത്യൻ ഫെഡറൽ സംവിധാനത്തെ അത് ബാധിക്കുമെന്നും ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരത്തെ അത് നശിപ്പിക്കുമെന്നും പ്രൊഫ : ലിംസീർ അലി പി. എ അഭിപ്രായപ്പെട്ടു
ചോദ്യോത്തരവേളയോട് കൂടി അവസാനിപ്പിച്ച വെബിനാറിൽ പ്രസിഡന്റ് സലാഹ് കാരാടൻ അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി നാസർ ചാവക്കാട് സ്വാഗതവും  ഷൗക്കത്ത് അലി കോട്ട നന്ദിയുംപറഞ്ഞു. റബീബ്ബിൻ അബ്ദുല്ല  ഖിറാഅത്ത് നടത്തി. അബ്ദുൽകരീം, ഗഫഝക്ത തേഞ്ഞിപ്പലം, ജരീർ വേങ്ങര, ലീയാഖത് കോട്ട, റസാഖ് മാസ്റ്റർ, മുസ്തഫ കെ.ടി എന്നിവർ പരിപാടി നിയന്ത്രിച്ചു.

Latest News