Sorry, you need to enable JavaScript to visit this website.

ദൽഹി നിയമസഭാ സമിതി വിളിപ്പിച്ചതിനെതിരെ ഫേസ്ബുക്ക് മേധാവി സുപ്രീം കോടതിയിൽ

ന്യൂദൽഹി- ദൽഹിയിൽ കലാപം പടരുന്നതിൽ ഫേസ്ബുക്കിന്റെ പങ്കു സംബന്ധിച്ച് ചോദ്യം ചെയ്യാൻ നേരത്തെ ഹാജരാകാതിരുന്നതിനെ തുടർന്ന് വീണ്ടും വിളിപ്പിച്ച ദൽഹി നിയമസഭാ സമാധാന സമിതിയുടെ നടപടിക്കെതിരെ ഫേസ്ബുക്ക് മേധാവി അജിത് മോഹൻ സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹർജിയിൽ ജസ്റ്റിസുമാരായ എസ് കെ കൌൾ, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ച്  ബുധനാഴ്ച വിഡിയോ കോൺഫ്രൻസ് മുഖേന വാദം കേൾക്കും. മുൻ അറ്റോർജി ജനറൽ മുകുൾ റോത്തഗിയാണ് ഫേസ്ബുക്കിനു വേണ്ടി ഹാജരാകുന്നത്.

പാർലമെന്റ് സമിതിയുടെ പരിഗണനയിലിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ഹാജരാകാൻ തന്നെ നിർബന്ധിക്കാൻ ദൽഹി നിയമസഭാ സമിതിക്കാവില്ലെന്ന് ഹർജിയിൽ അജിത് മോഹൻ ചൂണ്ടിക്കാട്ടുന്നു.

സമിതി മുൻപാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ദൽഹി നിയമസഭാ സമിതി അജിത് മോഹന് അന്തിമ ശാസനം നൽകിയിരുന്നു. വിദ്വേഷ പ്രചരണം തടയുന്ന ചട്ടങ്ങൾ നടപ്പിലാക്കുന്നതിൽ ഫേസ്ബുക്ക് മനപ്പൂർവം ഉപേക്ഷ വരുത്തി എന്ന ആരോപണത്തിന് മറുപടി നൽകാനാണ് സമിതി ഫേസ്ബുക്ക് മേധാവിയോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടത്.

 

Latest News