Sorry, you need to enable JavaScript to visit this website.

ഭീകരതയുടെ വേരുകൾ

ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കേരളത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമായി ഒമ്പത് അൽഖാഇദ തീവ്രവാദികളെ പിടികൂടിയെന്ന വാർത്ത ഉൽക്കണ്ഠാജനകമാണ്. പാക്കിസ്ഥാൻ നിയന്ത്രിക്കുന്ന തീവ്രവാദി സംഘത്തെയാണ് പിടികൂടിയതെന്ന് എൻ.ഐ.എ അവകാശപ്പെടുന്നു. രാഷ്ട്ര തലസ്ഥാനമടക്കം രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള തയാറെടുപ്പിലായിരുന്നു പിടിയിലായ സംഘം എന്നാണ് എൻ.ഐ.എ വെളിപ്പെടുത്തിയിട്ടുള്ളത്. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളടക്കം രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ സാന്നിധ്യം എൻ.ഐ.എ അടക്കമുള്ള സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഡി ഒരു ചോദ്യത്തിന് ഉത്തരമായി പാർലമെന്റിനെ അറിയിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴേക്കുമാണ് ഒമ്പത് അൽഖാഇദ തീവ്രവാദികൾ പിടിയിലായത്.
ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനും രാഷ്ട്ര സുരക്ഷയ്ക്കും ജനാധിപത്യ സംവിധാനത്തിനും ഭീഷണിയായി ഭീകരവാദം വളരുന്നതിനെതിരെ അതീവ കരുതൽ ആവശ്യമാണ്. എറണാകുളം ജില്ലയിൽ നടന്ന അറസ്റ്റുകൾ അതിഥി തൊഴിലാളി കേന്ദ്രങ്ങളിൽ നിന്നുമാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെന്നു മാത്രമല്ല രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലും വൻ നഗരങ്ങളിലും ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളുടെ സാന്നിധ്യമുണ്ട്. അവരെ സംബന്ധിച്ച് സംസ്ഥാനങ്ങളുടെയോ കേന്ദ്ര സർക്കാരിന്റെയോ കൈയിൽ വ്യക്തമായ യാതൊരു രേഖകളും ഇല്ലെന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യമായാലും കോവിഡ് വ്യാപനത്തിന്റെയും ദേശീയ അടച്ചുപൂട്ടലിനെ തുടർന്നുണ്ടായ കൂട്ടപലായനത്തിന്റെ ദുരനുഭവമായാലും ആഭ്യന്തര കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച വ്യക്തവും കൃത്യവുമായ ഒരു ഡാറ്റാ ബാങ്കിന്റെ അനിവാര്യത വൈകിയെങ്കിലും കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ അംഗീകരിച്ചേ മതിയാവു. അതു കൂടാതെ ഭീകരവാദമടക്കം അത്യന്തം ആപത്കരമായ പ്രവണതകളെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന അൽഖാഇദ തീവ്രവാദികളുടെ അറസ്റ്റ് സംബന്ധിച്ച വാർത്തകൾ സാമാന്യ ജനങ്ങളിൽ പല ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
അറസ്റ്റിലായ യുവാക്കളിൽ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദികളെ പിടികൂടിയത് തങ്ങളാണെന്ന് എൻ.ഐ.എ അവകാശപ്പെടുമ്പോഴും ആ കൃത്യം യഥാർത്ഥത്തിൽ നിർവഹിച്ചത് തങ്ങളാണെന്ന് കേരള പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അവരുടെ കൈയിൽ നിന്നും ആയുധങ്ങൾ ഒന്നും തന്നെ കണ്ടെടുത്തിരുന്നില്ലെന്നും പോലീസ് പറഞ്ഞിരുന്നു. എൻഐഎയുടെ നിർദേശപ്രകാരം തീവ്രവാദികളെന്ന് ആരോപിക്കപ്പെട്ടവരെ പിടികൂടി എൻഐഎക്ക് കൈമാറുക മാത്രമാണ് കേരള പോലീസ് ചെയ്തത്. തുടർന്നുള്ള തെരച്ചിലും തെളിവുശേഖരിക്കലുമെല്ലാം എൻഐഎ നേരിട്ടാണ് നിർവഹിച്ചതെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ആസൂത്രിതമായി പ്രവർത്തിച്ചുവന്നിരുന്ന ഭീകരവാദി സംഘത്തെ പിടികൂടിയ സമയവും സന്ദർഭവും പല സംശയങ്ങൾക്കും കാരണമാകുന്നുണ്ട്. നയതന്ത്ര ബാഗേജ് വഴി നടന്ന സ്വർണക്കടത്തു സംബന്ധിച്ച അന്വേഷണം വഴിമുട്ടി നിൽക്കുകയും അത് ഖുർ ആനുമായി ബന്ധപ്പെട്ട പുതിയ വിവാദത്തിലേക്ക് വഴിമാറിയ പശ്ചാത്തലവും അത്തരം സംശയങ്ങൾ പ്രസക്തമാക്കുന്നു. സ്വർണക്കടത്ത് അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥരുടെ പൊടുന്നനെയുളള സ്ഥലം മാറ്റം, നയതന്ത്ര ബാഗേജ് സംബന്ധിച്ച കേന്ദ്ര മന്ത്രിമാർക്കിടയിലുള്ള ഭിന്ന നിലപാടുകൾ, സ്വർണക്കടത്തിന് ഖുർആനുമായി ബന്ധപ്പെട്ട് കൈവന്നിരിക്കുന്ന വിവാദം എന്നിവയെല്ലാം ആ സംശയങ്ങളെ ബലപ്പെടുത്തുന്നു. അതുകൊണ്ടു തന്നെ എൻഐഎ കേരളത്തിൽ ഇപ്പോൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന കേസുകളിൽ കൂടുതൽ വ്യക്തതയും സുതാര്യതയും ആവശ്യമാണ്.
എൻ.ഐ.എ കൈകാര്യം ചെയ്യുന്ന അലൻ, താഹ കേസുകളിൽ കുറ്റവാളികൾക്കെതിരേ ദൃഢതയുള്ള തെളിവുകൾ ഒന്നും നാളിതുവരെ കണ്ടെത്താനായിട്ടില്ലെന്നത് ഏജൻസിയുടെ വിശ്വാസ്യതയ്ക്കു മങ്ങലേൽപിച്ചിട്ടുണ്ട്. എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സ്വതന്ത്ര സ്വഭാവത്തെപ്പറ്റി ദേശീയ തലത്തിൽ തന്നെ നിരവധി ചോദ്യങ്ങൾ ഇതിനകം ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള അന്വേഷണ, സുരക്ഷാ ഏജൻസികൾ ഭരണകൂട രാഷ്ട്രീയത്തിന്റെ ചട്ടുകങ്ങളായാണ് പ്രവർത്തിച്ചുവരുന്നതെന്ന ആരോപണം അവഗണിക്കാവുന്നതല്ല. കേരളവും പശ്ചിമ ബംഗാളും അനതിവിദൂരമല്ലാത്ത ഭാവിയിൽ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്ന സംസ്ഥാനങ്ങളാണ്. 
സ്വേഛാധികാര പ്രവണതയും രാഷ്ട്രീയ അധാർമികതയും കൈമുതലായ ഭരണസംവിധാനം എൻ.ഐ.എയെ പോലെ അമിതാധികാര സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അവർക്കും അവരെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനും ജനാധിപത്യപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമുണ്ട്. ജനങ്ങളോട്്് സുതാര്യത പ്രദർശിപ്പിക്കേണ്ടത്് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഭരണകൂടത്തിന്റെ പ്രാഥമിക ബാധ്യതയാണ്. 


 

Latest News