പന്ത്രണ്ടു വർഷം മുമ്പ് ഹൈക്കോടതി അവസാനിപ്പിച്ച ബോഫോഴ്‌സ് കേസ് സിബിഐ പൊടിതട്ടിയെടുക്കുന്നു

ന്യുദൽഹി- രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ബോഫോഴ്‌സ് ആയുധ ഇടപാട് കേസിൽ കുറ്റാരാപിതരായ ഹിന്ദുജ സഹോദരൻമാർക്കെതിരായ എല്ലാ നിയമനടപടികളും ദൽഹി ഹൈക്കോടതി അവസാനിപ്പിച്ച് 12 വർഷങ്ങൾക്കു ശേഷം സിബിഐ കേസ് വീണ്ടും പൊടിതട്ടിയെടുക്കുന്നു. കുറ്റാരോപിതകർക്ക് ക്ലീൻ ചിറ്റ് നൽകിയ 2005ലെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സിബിഐ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. ഹൈക്കോടതി വിധിക്കെതിരെ സ്‌പെഷൽ ലീവ് പെറ്റീഷൻ നൽകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് സർക്കാരിന് സിബിഐ കത്ത് നൽകിയിരിക്കുന്നത്. മുൻ യുപിഎ സർക്കാർ ഈ കേസിലെടുത്ത് നിലപാട് ഇതോടെ അട്ടിമറിക്കപ്പെടും.

ഉന്നത അധികാര കേന്ദ്രത്തിൽ നിന്നുള്ള അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഈ കേസിൽ ലീവ് പെറ്റീഷൻ നൽകാൻ നേരത്തെ കഴിഞ്ഞില്ലെന്ന് സിബിഐ നിയമ മന്ത്രാലയത്തെ ജൂണിൽ അറിയിച്ചിരുന്നു. 2005 മേയ് 31നാണ് ദൽഹി ഹൈക്കോടതി ബോഫോഴ്‌സ് കേസിൽ ഹിന്ദുജ സഹോദരന്മാർക്ക് ക്ലീൻ ചിറ്റ് നൽകി എല്ലാ നിയമനടപടികളും റദ്ദാക്കിയത്. ഇതിനെതിരേ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ നൽകാൻ സിബിഐക്ക് ഉന്നത അധികാര കേന്ദ്രത്തിന്റെ അനുമതി ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പെറ്റീഷൻ നൽകാതിരുന്നത്,' നിയമ മന്ത്രാലയത്തിനയച്ച കുറിപ്പിൽ സിബിഐ വ്യക്തമാക്കുന്നു. ഇക്കാര്യം ബോഫോഴ്‌സ് അഴിമതി പരിശോധിച്ച പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മുമ്പാകെയും സിബിഐ വെളിപ്പെടുത്തിയിരുന്നു.

കോൺഗ്രസിനെ കുരുക്കിലാക്കാനുള്ള ബിജെപിയുടെ നീക്കമായാണ് സിബിഐയുടെ ഇപ്പോഴത്തെ നീക്കം വിലയിരുത്തപ്പെടുന്നത്. നിരവധി കോൺഗ്രസ് നേതാക്കൾ ആരോപണ വിധേയരായ ബോഫോഴ്‌സ് അഴിമതിക്കേസ് ഒരിക്കൽ കൂടി കുത്തിപ്പൊക്കിയെടുത്ത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കാമെന്ന് ബിജെപി കണക്കു കൂട്ടുന്നു. ബിജെപി നേതാക്കളുടെ ഈയിടെ ഉണ്ടായ പ്രസ്താവനകളും ഇതു സൂചിപ്പിക്കുന്നുണ്ട്. ബോഫോഴ്‌സ് കേസിൽ കോൺഗ്രസ് നേതാക്കളും ഗാന്ധി കുടുംബവും നിരപരാധിത്വം തെളിയിക്കണമെന്ന് ഈയിടെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു.

ബോഫോഴ്്‌സ് ഇടപാടിലൂടെ ലഭിച്ച അഴിമതിപ്പണം സ്വിസ് ബാങ്കിലുണ്ടെന്ന് സ്വകാര്യ കുറ്റാന്വേഷകൻ മൈക്കൽ ഹെർഷ്മാന്റെ വെളിപ്പെടുത്തലിൽ കൂടുതൽ വിശദീകരണം നൽകാൻ കോൺഗ്രസ് നേതാക്കൾ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഹെർഷ്മാൻ വെളിപ്പെടുത്തിയ വസ്തുതകളും സാഹചര്യങ്ങളും പരിശോധിക്കുമെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.
 

Latest News