ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ

ന്യൂദല്‍ഹി- അടുത്ത വര്‍ഷം ആദ്യം തന്നെ ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് പ്രമുഖ വാക്‌സിന്‍ ശാസ്ത്രജ്ഞന്‍. അതേസമയം, രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കിടയില്‍ ഇത് എങ്ങനെ സുരക്ഷിതമായി പുറത്തിറക്കുമെന്ന കാര്യത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

കോവിഡ് മരുന്നിന്റെ ക്ലിനിക്കല്‍ ട്രയലുകളില്‍ ഇന്ത്യ മുന്‍നിരയിലുണ്ടെങ്കിലും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതൊഴിച്ചാല്‍ ഇത്തരമൊരു വാക്‌സിന്‍ വിതരണത്തിന് പ്രാദേശിക അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി പ്രൊഫസറും ലോകാരോഗ്യ സംഘടനയിലെ വാക്‌സിന്‍ സുരക്ഷാ ഉപദേശക സമതി അംഗവുമായ ഗഗന്‍ദീപ് കാംഗ് പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ കോവിഡ് വാക്‌സിന്‍ പുറത്തിറക്കുന്ന സമയം സംബന്ധിച്ച് വിവാദം തുടരുകയാണ്. അടുത്ത മാസം തന്നെ മരുന്ന് ലഭ്യമാകുമെന്നാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ഓഗസ്റ്റ് പകുതിയോടെ തന്നെ മരുന്ന് ലഭ്യമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലും പിന്നീട് അതില്‍നിന്ന് പിറകോട്ട് പോയി.

 

Latest News