Sorry, you need to enable JavaScript to visit this website.

പത്തു ബാങ്കുകളില്‍ നിന്നായി 1400 കോടി രൂപ വെട്ടിച്ച് 'ക്വാളിറ്റി' തട്ടിപ്പ്; സിബിഐ കേസ്

ന്യുദല്‍ഹി- രാജ്യത്തെ ജനപ്രിയ പാലുല്‍പ്പന്ന കമ്പനികളിലൊന്നായ ക്വാളിറ്റി ലിമിറ്റഡ് വിവിധ ബാങ്കുകളെ കബളിപ്പിച്ച് 1,400 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയതായി സിബിഐ. ദല്‍ഹിയില്‍ എട്ടിടങ്ങളില്‍ നടന്ന റെയ്ഡുകള്‍ക്കു ശേഷം സിബിഐ കമ്പനിക്കെതിരെ ത്ട്ടിപ്പുകേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. ക്വാളിറ്റി ഡയറക്ടര്‍മാരായ സഞ്ജയ് ധിന്‍ഗ്ര, സിദ്ധാന്ത് ഗുപ്ത, അരുണ്‍ ശ്രീവാസ്തവ എന്നിവരേയും പ്രതിചേര്‍ത്താണ് കേസ്. വഞ്ചന, വെട്ടിപ്പ്, കുറ്റകരമായ ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ 10 ബാങ്കുകള്‍ ഉള്‍പ്പെടുന്ന 2012ല്‍ രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് ഇവര്‍ക്കെതിരെ തട്ടിപ്പു പരാതിയുമായി രംഗത്തുവന്നത്. ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിബിഐ നടപടി. 2010 മുതല്‍ ക്വാളിറ്റി ലിമിറ്റഡ് വായ്പകള്‍ എടുത്തു വരുന്നതായും 2018 മുതല്‍ തിരിച്ചടവ് മുടക്കിയതായും ബാങ്ക് ഓഫ് ഇന്ത്യ പരാതിയില്‍ പറയുന്നു. ഈ വായ്പ 2018 ഓഗസ്റ്റില്‍ നിഷ്‌ക്രിയ ആസ്തിയുടെ ഗണത്തില്‍ ഉള്‍പ്പെട്ടതായും ബാങ്ക് പറയുന്നു. കമ്പനി സാമ്പത്തിക കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകുയം അക്കൗണ്ടുകളില്‍ തിരിമറി നടത്തിയതായും പരാതിയുണ്ട്. വഞ്ചനാപരമായ ഇടപാടുകളിലൂടെ കമ്പനി ബാങ്കുകളെ കബളിപ്പിച്ച് വന്‍ തുക വഴിതിരിച്ചുവിടുകയും രേഖകളും രശീതുകളും അക്കൗണ്ടു ബുക്കുകളും  കെട്ടിച്ചമച്ച് വ്യാജ ആസ്തികളും ബാധ്യതകളും സൃഷ്ടിച്ചെന്നും സിബിഐ പറഞ്ഞു.

ബാങ്ക് ഓഫ് ഇന്ത്യയെ കൂടാതെ കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നീ ബാങ്കുകളില്‍ നിന്നായി ക്വാളിറ്റി 1,400.62 കോടി രൂപയാണ് വായ്പ എടുത്തിരുന്നതെന്ന്് സിബിഐ പറഞ്ഞു. 

Latest News