Sorry, you need to enable JavaScript to visit this website.
Saturday , October   31, 2020
Saturday , October   31, 2020

വീണ്ടും കോവിഡ് ഭീതി; നിക്ഷേപകർ സമ്മർദത്തിൽ

ബോംബെ സെൻസെക്‌സിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഫഌറ്റ് ക്ലോസിങ്. കോവിഡ് മൂലം  യൂറോപ്യൻ രാജ്യങ്ങൾക്ക് ഗുരുതരമായ അവസ്ഥയുണ്ടാവുമെന്ന ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വിരൽ ചൂണ്ടുന്നത് സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ്. 
വാരാന്ത്യം അമേരിക്കൻ, യൂറോപ്യൻ മാർക്കറ്റുകൾ തളർന്നത് നിക്ഷേപകരെ സമ്മർദത്തിലാക്കുന്നു. ഒക്ടോബർ, ഡിസംബറിൽ കോവിഡ് വീണ്ടും താണ്ടവമാടുമോയെന്ന ഭീതിയിൽ ഫണ്ടുകൾ യൂറോപ്യൻ മാർക്കറ്റുകളിൽ വിൽപനക്കാരാക്കാം. യുറോപ്യൻ ഇൻഡക്‌സുകൾക്ക് തളർന്നാൽ അത് യു.എസിൽ പ്രതിഫലിക്കും. ഈ അവസരത്തിൽ വിദേശ ഓപറേറ്റർമാർ ഏഷ്യയിൽ ശ്രദ്ധ ചെലുത്താനും ഇടയുണ്ട്. എന്നാൽ അവർ ഏഷ്യയിലും വിൽപനക്കാരായാൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകും.


ബോംബെ സെൻസെക്‌സിന് പിന്നിട്ടവാരം എട്ട് പോയന്റ് നഷ്ടം നേരിട്ടപ്പോൾ നിഫ്റ്റി സൂചിക 40 പോയിന്റ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.  പുതിയ ദിശകണ്ടത്താനുള്ള ശ്രമത്തിൽ 11,464 ൽ നിന്ന് നിഫ്റ്റി 11,618 വരെ കയറുകയും 11,383 ലേയ്ക്ക് തളരുകയും ചെയ്തു. ക്ലോസിങിൽ സൂചിക 11,504 പോയന്റിലാണ്. ഈവാരം നിഫ്റ്റി 11,383 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 11,620 ലേയ്ക്ക് ഉയരാൻ ശ്രമിക്കാം. ഈ നീക്കം എത്രമാത്രം വിജയിക്കുമെന്നതിനെ ആശ്രയിച്ചാവും തുടർ ചലനങ്ങൾ. ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 11,266-11,031 ലേയ്ക്ക് പരീക്ഷണങ്ങൾക്ക് മുതിരാം. 
വ്യാഴാഴ്ച നിഫ്റ്റി സെപ്റ്റംബർ സീരീസ് സെറ്റിൽമെൻറ്റാണ്. 50 ദിവസങ്ങളിലെ ശരാശരിയായ 10,942 ലും 100 ദിവസങ്ങളിലെ ശരാശരിയായ 11,057  നിഫ്റ്റിക്ക് നിർണായക പിന്തുണ നൽക്കുമെന്ന വിശ്വാസത്തിലാണ് നിക്ഷേപകർ. ബോംബെ സെൻസെക്‌സ് 38,854 പോയന്റിൽ നിന്ന് 39,359 വരെ ഒരവസരത്തിൽ കയറിയ ശേഷം ക്ലോസിങിൽ 38,845 ലാണ്. ഈവാരം സെൻസെക്‌സിന് 39,278-39,711 റേഞ്ചിൽ പ്രതിരോധവും 38,492-38,139 ൽ താങ്ങും പ്രതീക്ഷിക്കാം. 


ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. വിനിമയ നിരക്ക് 73.43 ൽ നിന്ന് 73.58 ലേയ്ക്ക് ഇടിഞ്ഞു. 2019 മെയ്ക്ക് ശേഷം ആദ്യമായി ചൈനീസ് നാണയമായ യുവാൻ ഡോളറിന് മുന്നിൽ കരുത്ത് കാണിച്ചു. യുവാൻ ഒരു ശതമാനത്തിലധികം ഉയർന്ന് 6.74 ആയി. ഡോളർ ദുർബലമായത് യുവാന്റെ തിരിച്ചു വരവിന് വേഗത പകർന്നു. കൊറോണ പ്രശ്‌നത്തിൽ ആടി ഉലഞ്ഞ ചൈനീസ് സാമ്പത്തിക മേഖലയുടെ തിരിച്ചു വരവായും ഒരു വിഭാഗം ഇതിനെ വിലയിരുത്തുന്നു. വർഷാന്ത്യതോടെ നാണയത്തിൻറ്റ മൂല്യം ആറ് ശതമാനം ഉയരുമെന്ന നിലപാടിലാണ് ചൈനീസ് കേന്ദ്ര ബാങ്ക്. 


വിദേശ നിക്ഷേപകർ ഈ മാസം 5276 കോടിയുടെ നിക്ഷേപം നടത്തി. 1766 കോടി രൂപയുടെ ഓഹരികൾ വാങ്ങി, ശേഷിക്കുന്ന തുക അവർ കടപത്രത്തിലും നിക്ഷേപിച്ചു. തുടർച്ചയായ നാലാം മാസമാണ് വിദേശ ഓപറേറ്റർമാർ ഇന്ത്യയിൽ വാങ്ങലുകാരാവുന്നത്. ഓഗസ്റ്റിൽ അവർ 46,532 കോടി രൂപയും ജൂലൈയിൽ 3301 കോടി രൂപയും ജൂണിൽ 24,053 കോടി രൂപയും നിക്ഷേപിച്ചു.
മുൻനിരയിലെ പത്ത് കമ്പനികളിൽ ഏഴ് എണ്ണത്തിന്റെ വിപണി മുല്യത്തിൽ 59,260 കോടി രൂപയുടെ ഇടിവ് സംഭവിച്ചു പിന്നിട്ടവാരം. ഹിന്ദുസ്ഥാൻ യൂനിലിവർ, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, ഐടിസി, ഐസിഐസിഐ ബാങ്ക് എന്നിവയുടെ വിപണി മൂലധനം കുറഞ്ഞു. അതേ സമയം ടാറ്റാ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ഭാരതി എയർടെൽ എന്നിവയുടെ വിപണി മൂല്യം കയറി. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ മുന്നേറ്റം. എണ്ണ വില ബാരലിന് 37 ഡോളറിൽ നിന്ന് 41.31 ഡോളറായി.