Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ റബറിന് കയറ്റുമതി സാധ്യത

ഇന്ത്യൻ റബറിന് കയറ്റുമതി സാധ്യത തെളിയുന്നു, റബർ ബോർഡ് ഉണർന്നു പ്രവർത്തിച്ചാൽ കർഷകർ രക്ഷപ്പെടും. എന്നാൽ കയറ്റുമതിക്ക് അനുകുല സാഹചര്യം ഒത്തുവന്നെങ്കിലും കയറ്റുമതി സമൂഹത്തെ പ്രോസാഹിപ്പിക്കാൻ കാര്യമായ നീക്കങ്ങൾ നടക്കുന്നില്ല. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ഷീറ്റ് കയറ്റുമതിക്ക് ആവശ്യമായ പിൻതുണ നൽകാൻ റബർ ബോർഡ് രംഗത്ത് ഇറങ്ങിയാൽ വർഷാന്ത്യം വരെ നമ്മുടെ ഉൽപാദകർക്ക് മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവും. അന്താരാഷ്ട്ര മാർക്കറ്റിൽ നാലാം ഗ്രേഡ് റബറിന് പോയവാരം 625 രൂപ ഉയർന്ന് 14,491 രൂപയായി. ഇന്ത്യൻ വില 13,250 രൂപയിൽ സ്റ്റെഡിയാണ്. ബാങ്കോക്ക് വിപണിയെ  അപേക്ഷിച്ച് ക്വിന്റലിന് 1241 രൂപ ഇവിടെ കുറവായതിനാൽ കയറ്റുമതി ഓർഡറുകൾക്കു മികച്ച അവസരമാണിത്. 


ആഗോള തലത്തിൽ ഈ വർഷം ഉൽപാദനം കുറയുമെന്നാണ് അസോസിയേഷൻ ഓഫ് നാച്വറൽ റബർ പൊഡ്യൂസിങ് കൺട്രിയുടെ വിലയിരുത്തൽ. മുൻ വർഷത്തെ അപേക്ഷിച്ച് റബർ ഉൽപാദനം 4.9 ശതമാനം കുറഞ്ഞ് 13.15 മില്യൺ ടണ്ണിൽ ഒതുങ്ങും. കേരളത്തിൽ ഒക്ടോബറിൽ റബർ ഉൽപാദനം ഉയരും. ജൂണിൽ സീസൺ തുടങ്ങിയെങ്കിലും മഴയും താഴ്ന്ന വിലയും മൂലം കർഷകർ ടാപ്പിങിന് ഉത്സാഹിച്ചില്ല. എന്നാൽ കാലവർഷം പിൻമാറുന്നതോടെ സ്ഥിതിഗതികളിൽ മാറ്റമുണ്ടാവും. എന്നാൽ തുലാവർഷം തുടങ്ങുന്നതോടെ രാത്രി ആരംഭിക്കുന്നത് പുലർച്ചെയുള്ള റബർ ടാപ്പിങിന് തടസ്സമാവും. 


ഉത്സവ കാല ഡിമാന്റ് മുൻനിർത്തി ഉത്തരേന്ത്യക്കാർ കുരുമുളക് സംഭരണം ശക്തമാക്കി. അന്തർസംസ്ഥാന ഇടപാടുകാർ ചരക്കിൽ പിടിമുറുക്കിയതോടെ മുളക് വില ക്വിൻറ്റലിന് 800 രൂപ വർധിച്ചു. ഓഫ് സീസണായതിനാൽ വൻ വില മുന്നിൽ കണ്ട് കാർഷിക മേഖല ചരക്ക് നീക്കം കുറച്ചു. ഇടുക്കി, വയനാട്, പത്തനംത്തിട്ട ജില്ലകളിൽ നിന്നും വരവ് കുറഞ്ഞത് വില വീണ്ടും ഉയർത്താം. ഇതിനിടയിൽ വ്യവസായികൾ ഇന്തോനേഷ്യൻ മുളക് ശ്രീലങ്ക വഴി ഇറക്കുമതിക്കുള്ള നീക്കത്തിലാണ്. 


മലബാർ മുളക് വില ടണ്ണിന് 5000 ഡോളറാണ്, 3000 ഡോളറിന് ശ്രീലങ്കൻ കയറ്റുമതിക്കാർ ചരക്ക് വാഗ്ദാനം ചെയ്തു. ഇന്തോനേഷ്യൻ മുളക് 2500 ഡോളറിന് എടുത്ത് മറിച്ചു വിൽപന വഴി ശ്രീലങ്കൻ കയറ്റുമതിക്കാർക്ക് ഒരോ ടണ്ണിനും 500 ഡോളർ ലാഭം. ഇറക്കുമതി നടത്തുന്ന ഇന്ത്യൻ വാങ്ങലുകാർ ആഭ്യന്തര മാർക്കറ്റിൽ മറിച്ച് വിൽക്കുമ്പോൾ ലാഭം ടണ്ണിന് 2000 ഡോളർ. അനധികൃത ഇറക്കുമതി തടഞ്ഞാൽ ദക്ഷിണേന്ത്യൻ കർഷകർക്ക് ആകർഷകമായ വില ഉറപ്പ് വരുത്താനാവും. ഏലക്ക ഉൽപാദകരെ സമ്മർദത്തിലാക്കി വില ഇടിയുന്നു. വിളവെടുപ്പ് ഊർജിതമായെങ്കിലും കർഷകർ വിൽപന കുറച്ചതിനാൽ ലേല കേന്ദ്രങ്ങളിൽ വരവ് ശക്തമല്ല. തൊട്ട് മുൻവാരത്തിൽ കിലോ 2146-2361 റേഞ്ചിൽ നീങ്ങിയ മികച്ചയിനങ്ങൾ ഇപ്പോൾ 2224-1726 റേഞ്ചിലേയ്ക്ക് ഇടിഞ്ഞു. ഗൾഫ് കയറ്റുമതിക്കുള്ള ഏലക്ക സംഭരണം പുരോഗമിക്കുന്നു. ഉത്തരേന്ത്യക്കാരും ഉൽപന്നം സംഭരിച്ചു. 


അറബ് രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി ലക്ഷ്യമാക്കി മികച്ചയിനം ചുക്ക് സംഭരിക്കുകയാണ് പലരും. ശൈത്യ കാല ആവശ്യങ്ങളും ഉത്സവ ഡിമാൻറ്റും മുന്നിൽ കണ്ട് ഉത്തരേന്ത്യൻ വ്യാപാരികളും ചുക്കിൽ താൽപര്യം കാണിച്ചു. ഉൽപാദന മേഖലകളിൽ നിന്നുള്ള ചരക്ക് വരവ് ശക്തമല്ല. 
മികച്ചയിനം ചുക്ക് 30,000 രൂപ. നവരാത്രി അടുത്തതോടെ വെളിച്ചെണ്ണ വിപണി ചൂടുപിടിച്ചു. ഉത്സവ വേളയിൽ ഭക്ഷ്യ എണ്ണകൾക്ക് പ്രദേശിക ആവശ്യം വർധിക്കും. കൊച്ചിയിൽ വെളിച്ചെണ്ണ 16,000 ൽ നിന്ന് 16,300 രൂപയായി. കൊപ്ര വില 10,900 രൂപ. ആഭരണ വിപണികളിൽ സ്വർണ വില ഉയർന്നു. പവൻ 37,800 രൂപയിൽ നിന്ന് 38,080 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1940 ഡോളറിൽ നിന്ന് 1948 ഡോളറായി. 

Latest News