Sorry, you need to enable JavaScript to visit this website.

പ്രമുഖ പോർട്ടലുകളിൽ നിന്ന്  160 വ്യാജ ഖാദി ഉൽപന്നങ്ങൾ   നീക്കം ചെയ്യിപ്പിച്ച് ഖാദി കമ്മീഷൻ

ഖാദി  എന്ന വ്യാപാര നാമത്തിൽ വിറ്റു വന്നിരുന്ന 160 വ്യാജ ഉൽപന്നങ്ങൾ ഫ്‌ലിപ്കാർട്ട്, ആമസോൺ, സ്‌നാപ്ഡീൽ പോർട്ടലുകളിൽ നിന്ന് ഖാദി ഗ്രാമോദ്യോഗ കമ്മീഷൻ നീക്കം ചെയ്യിപ്പിച്ചു. ഖാദി ഇന്ത്യ എന്ന വ്യാപാര നാമം ഉപയോഗിച്ച് സ്വന്തം ഉൽപന്നങ്ങൾ വിൽക്കുന്ന 1000ൽ അധികം സ്ഥാപനങ്ങൾക്ക് ഇതു സംബന്ധിച്ച് വക്കീൽ നോട്ടീസ് അയച്ചതായി ഖാദി ഗ്രാമോദ്യോഗ് കമ്മീഷൻ അറിയിച്ചു. ഇവരുടെ നടപടി കമ്മീഷന്റെ യശസ്സിനു കളങ്കം വരുത്തുകയും ഖാദി മേഖലയിൽ ജോലി ചെയ്യുന്ന കലാകാരന്മാർക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്യുന്നതായി നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
കമ്മീഷൻ നോട്ടീസ് അയച്ചതിനു പിന്നാലെ ഖാദി ഗ്ലോബൽ അതിന്റെ വെബ് സൈറ്റായ www.khadiglobalstore.com ഉപയോഗിക്കുന്നത് നിർത്തലാക്കുകയും ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ നിന്ന്  അതിന്റെ പേജുകൾ നീക്കം ചെയ്യുകയും ചെയ്തു. ഖാദി എന്ന വ്യാപാര നാമം ഉപയോഗിക്കുന്ന എല്ലാ ഉൽപന്നങ്ങളും,  ഉള്ളടക്കങ്ങളും 10 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.


കമ്മീഷന്റെ ഈ നടപടിയെ തുടർന്ന് രാജ്യമെമ്പാടും വ്യാജ ഖാദി ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്ന അനേകം സ്ഥാപനങ്ങൾ അടച്ചു കഴിഞ്ഞു.
രാജ്യത്തെ വിവിധ ഓൺ ലൈൻ വ്യാപാര പോർട്ടലുകൾ ഖാദി എന്ന പേരിൽ വിവിധ കച്ചവടക്കാർ വഴി മാസ്‌കുകൾ, സോപ്പുകൾ, ഷാമ്പു, സൗന്ദര്യവർധക സാമഗ്രികൾ, മെഹന്തി, ജാക്കറ്റ്, കുർത്ത തുടങ്ങിയ ഉൽപന്നങ്ങൾ വിറ്റഴിച്ചു വരികയായിരുന്നു. ഇവയെല്ലാം യഥാർത്ഥ ഖാദി ഉൽപന്നങ്ങളാണ് എന്ന് ഓൺലൈനായി ഉൽപന്നങ്ങൾ വാങ്ങുന്നവർക്കിടയിൽ ഇത് തെറ്റിദ്ധാരണ സൃഷ്ടിച്ചിരുന്നു. ഇതിൽ ഭൂരിഭാഗം ഉൽപന്നങ്ങളും വിൽപന നടത്തിയിരുന്നത് ആയൂഷ് ഇ - ട്രേഡേഴ്‌സ് എന്ന സ്ഥാപനമാണ്, അതെല്ലാം നീക്കം ചെയ്തിട്ടുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. വഗഡ് ഖാദി ഉൽപന്നങ്ങൾ എന്ന പേരിൽ വിൽപന നടത്തിയിരുന്ന വിവിധ ഉൽപന്നങ്ങളുടെ 140 ലിങ്കുകൾ നീക്കം ചെയ്തതായി അവർ തന്നെ കമ്മീഷനെ അറിയിച്ചു.


അടുത്ത കാലത്ത് ഖാദി ഉൽപന്നങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പ്രധാനമന്ത്രി നേരിട്ട് നടത്തിയ അഭ്യർത്ഥനയെ തുടർന്ന് ഖാദിയുടെ പ്രചാരം പതതിന്മടങ്ങു വർധിച്ചു. ഇതോടെ ഖാദിയുടെ വ്യാപാര നാമം ദുരുപയോഗം ചെയ്യുന്ന പ്രവണതയും കുത്തനെ ഉയർന്നതായി കമ്മീഷൻ വിലയിരുത്തി. ഈ അവസരം ചൂഷണം ചെയ്ത് നിരവധി ഓൺലൈൻ വ്യാപാരികളും ഖാദിയുടെ പേരിൽ വിവിധ ഉൽപന്നങ്ങൾ വിൽക്കാൻ തുടങ്ങി. ഇക്കഴിഞ്ഞ ഏതാനും മാസങ്ങളിൽ, പ്രത്യേകിച്ച് കോവിഡ്19 ന്റെ ലോക്ഡൗണിൽ ഇത്തരം വ്യാജ ഓൺലൈൻ വ്യാപാരികളുടെ സംഖ്യ വൻതോതിൽ പെരുകി.


ഓൺലൈൻ ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് ഖാദി ഗ്രാമോദ്യോഗ് കമ്മീഷൻ 300 യഥാർത്ഥ ഖാദി ഉൽപന്നങ്ങൾ വിൽക്കുന്നതിനായി https://www.kviconline.gov.in/khadimask/  എന്ന പോർട്ടൽ ആരംഭിച്ചിട്ടുണ്ട്.
ഖാദി ഇന്ത്യ വ്യാപാര നാമ അവകാശത്തിന്റെ ഫലപ്രദമായ സംരക്ഷണത്തിനായി ഖാദി ഗ്രാമോദ്യോഗ് കമ്മീഷൻ ശക്തമായ ഓൺലൈൻ നിരീക്ഷണ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതിനായി നിയമ വിദഗ്ധരടങ്ങിയ സംഘത്തെ നിയമിച്ചു കഴിഞ്ഞു. മാനുഷിക വിഭവവും സാങ്കേതിക വിദ്യയും  ഉപയോഗപ്പെടുത്തി ഖാദി എന്ന പേരിൽ അനധികൃത ഉൽപന്നങ്ങൾ വിൽപന നടത്തുന്നത് കൃത്യമായി നിരീക്ഷിച്ച് കണ്ടുപിടിച്ച് നടപടി സ്വീകരിക്കുന്നതാണെന്ന് ഖാദി ഗ്രാമോദ്യോഗ് കമ്മീഷൻ വ്യക്തമാക്കി.

 

Latest News