Sorry, you need to enable JavaScript to visit this website.

മാലിദ്വീപ് കാർഗോ ഫെറി സർവീസിന് വൻ പ്രതികരണം


കൊച്ചിയിൽ നിന്ന് മാലിദ്വീപിലേക്ക് നേരിട്ടുള്ള കാർഗോ ഫെറി സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെ നേതൃത്വത്തിൽ മൂന്ന് തുറമുഖങ്ങളിൽ വെർച്വൽ റോഡ്ഷോ നടത്തി. പുതിയ ചരക്കുകപ്പൽ സർവീസിന് കേരളത്തിലെ കയറ്റുമതി സമൂഹത്തിൽ നിന്ന് വലിയ പ്രതികരണം ലഭിച്ചതായി കപ്പൽ സർവീസിന് മുന്നോടിയായി സംഘടിപ്പിച്ച റോഡ്ഷോയിൽ മുഖ്യാതിഥിയായ കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർപേഴ്സൻ എം ബീന ഐഎഎസ് അറിയിച്ചു. ഇന്ന് തൂത്തുക്കുടിയിൽ നിന്നാരംഭിച്ച് നാളെ കൊച്ചി തുറമുഖം വഴി മാലിക്ക് പോകുന്ന കാർഗോ ഫെറി സർവീസിന് മലബാർ മേഖലയിൽ നിന്നാണ് വലിയ തോതിൽ പ്രതികരണമുണ്ടാകുന്നത്. ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് കടൽ മാർഗവും റോഡ് മാർഗവും വടക്കൻ കേരളത്തിൽ നിന്ന് മാലിയിലേക്കുള്ള ചരക്ക് കൊച്ചി തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് പുറമെ പടിഞ്ഞാറൻ തീരത്തെ കണ്ട്ല പോലുള്ള തുറമുഖങ്ങളിൽ നിന്നും നിന്നും ട്രാൻസ്ഷിപ്പ്മെന്റായി കൊച്ചി വഴി മാലിയിലേക്ക് വലിയ തോതിൽ കയറ്റുമതി നടക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മാലിദ്വീപിലെ ആകെ ഇറക്കുമതിയുടെ 9.7 ശതമാനം മാത്രമാണ് ഇന്ത്യയിൽ നിന്നുള്ള വിഹിതമെന്നും മാലിദ്വീപിൽ ഉപയോഗിക്കുന്ന മിക്കവാറും എല്ലാ സാധനങ്ങളുടെയും ഉൽപാദനം ഇന്ത്യയിലുള്ളതിനാൽ അവിടേക്കുള്ള കയറ്റുമതി വർധിപ്പിക്കാൻ വലിയ സാധ്യതയാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്നും എം ബീന പുറഞ്ഞു.


പുതിയ കാർഗോ ഫെറി സർവീസ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള വാണിജ്യ ബന്ധങ്ങളിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന്  റോഡ് ഷോ ഉദ്ഘാടനം ചെയ്ത മാലിയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ. രോഹിത് രതീഷ് പറഞ്ഞു. മാലിദ്വീപിൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇന്ത്യാ ഗവൺമെന്റ് വിവിധ തലങ്ങളിൽ മാലിദ്വീപിന് പിന്തുണ നൽകി വരികയാണ്. 


മാലിദ്വീപ് പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ ഫെറി സർവീസ് യാഥാർഥ്യമാകുന്നത്. ഇന്ത്യക്കും മാലിദ്വീപിനുമിടയിലുള്ള ചരക്ക് ഗതാഗതം കുതിച്ചുയരാൻ പുതിയ ഫെറി സർവീസ് സഹായിക്കും. രണ്ട് രാജ്യങ്ങളുടെയും വാണിജ്യ ബന്ധങ്ങളിൽ ഇത് പുതിയ അധ്യായം തുറക്കും. 


മാലിദ്വീപിലെ രണ്ട് തുറമുഖങ്ങളിലേക്കായിരിക്കും കാർഗോ ഫെറി സർവീസ് ഉണ്ടാകുക. ഇതിൽ  തിരക്കേറിയ മാലി തുറമുഖം വികസിപ്പിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് മാലിദ്വീപിന് നൽകുന്ന 2.2 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് ഉപയോഗപ്പെടുത്തുമെന്നും ഇത് മാലിദ്വീപിന്റെ  വിദേശ വ്യാപാരത്തിനും സാമ്പത്തിക വളർച്ചക്കും വേഗം കൂട്ടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടർ ഹരികിഷോർ ഐ എ എസ്, കേന്ദ്ര വാണിജ്യ മന്ത്രാലയ ജോയന്റ് ഡയറക്ടർ കെ എം ഹരിലാൽ, ഷിപ്പിംഗ് കോർപറേഷൻ ജനറൽ മാനേജർ ജി വിനോദ്, ഫിക്കിയുടെ പ്രോജക്ട് അഡൈ്വസർ ഡോ. ഉണ്ണികൃഷണൻ നായർ, ഫിക്കി കേരള കോ ചെയർമാൻമാരായ ഡോ. എം സഹദുള്ള, ദീപക് എൽ അസ്വാനി, സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു തുടങ്ങിയവർ സംസാരിച്ചു. കൊച്ചിക്ക് പുറമെ തൂത്തുക്കുടിയിലും മുംബൈയിലും റോഡ് ഷോ നടന്നു. 

 

Latest News