വാഷിങ്ടൻ- വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിൻ വിഷം കലർന്ന കവർ അയച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ന്യൂയോർക്ക്- കാനഡ അതിർത്തിയിൽ കസ്റ്റംസും അതിർത്തി രക്ഷാ സൈനികരും നടത്തിയ തെരച്ചിലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വിവരം പുറത്തുവിട്ടിട്ടില്ല. വൈറ്റ് ഹൗസ് വിലാസത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കഴിഞ്ഞ ആഴ്ച വന്ന കവറിൽ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മാരക വിഷമായ റൈസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാനഡയിൽനിന്നാണ് കവർ എത്തിയതെന്ന് കണ്ടെത്തിയിരുന്നു. എവിടെ നിന്നു വന്നു ആരാണ് അയച്ചത് എന്നിവ സംബന്ധിച്ച് എഫ്ബിഐയും പോസ്റ്റൽ ഇൻസ്‌പെക്ഷൻ സർവീസും കാനഡയിലെ ഏജൻസികളുമായി ചേർന്നാണ് അന്വേഷിക്കുന്നത്.