ഇനിയെന്നു  മലയാളി തിരിച്ചറിയും കറുപ്പിന്റെ രാഷ്ട്രീയം?

സ്വന്തം അഭിപ്രായം ആരുടേയും നിയന്ത്രണമില്ലാതെ ലോകത്തോട് വിളിച്ചു പറയാൻ അവസരം നൽകുന്നതാണല്ലോ സാമൂഹ്യ മാധ്യമങ്ങൾ. ലക്ഷകണക്കിനു പേർ അതു ചെയ്യുന്നുമുണ്ട്. എന്നാൽ അതിനു വിപരീതമായി നിരവധി പേർ ഈ സംവിധാനം ഉപയോഗിക്കുന്നത് വെറുപ്പും അധിക്ഷേപങ്ങളും പ്രചരിപ്പിക്കാനാണ്. അതു തടയാനുള്ള നിയമങ്ങളൊക്കെ ഉണ്ടെങ്കിലും നടപ്പാകുക എളുപ്പമല്ല. മാത്രമല്ല അത്തരം നടപടികൾ ഏതൊരവസരത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു തടയിടുന്നതായി മാറാമെന്ന ആശങ്കയും സ്വാഭാവികമാണ്. 
സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം അധിക്ഷേപങ്ങൾ കാണുന്നത് സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സ്ത്രീകൾക്കെതിരെയാണ്. കേരളത്തിൽ ്അതേറ്റവും കൂടുതലാണ്. മന്ത്രിമാർ മുതൽ രാഷ്ട്രീയ നേതാക്കളും നടിമാരും മാധ്യമ പ്രവർത്തകരും ഫെമിനിസ്റ്റുകളെമെല്ലാം നിരന്തരമായി ആക്രമിക്കപ്പെടുന്നു. അതൊന്നും വേണ്ട, സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരു പെൺകുട്ടിയും സ്ത്രീയും ഇത്തരം കപട സദാചാരക്കാരുടെ അധിക്ഷേപങ്ങൾക്കിരയാകുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കണ്ടത്. കാലുകളുടെ ഒരു ഭാഗം കാണുന്ന രീതിയിൽ ഫോട്ടോ പോസ്റ്റ് ചെയ്തിന്റെ പേരിൽ ഒരു നടിക്കെതിരെ നടന്ന അധിക്ഷേപങ്ങൾ. ശരാശരി മലയാളിയുടെ കപട സദാചാര ബോധവും ലൈംഗികതയോടുള്ള അനാരോഗ്യകരമായ സമീപനവുമാണ് അവയിൽ പ്രകടമായത്. എന്നാൽ പഴയതു പോലെയല്ല കാര്യങ്ങൾ. ഇത്തരത്തിലുള്ള കടന്നാക്രമണങ്ങളെ ശക്തിയായി ചെറുക്കുന്ന ഒരു വിഭാഗം ചെറുപ്പക്കാരും ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. അതുകൊണ്ടാണ് യെസ് വി ഹാവ് ലെഗ്‌സ്  എന്ന പ്രഖ്യാപനത്തോടെ നിരവധി പെൺകുട്ടികൾ രംഗത്തിറങ്ങുകയും തങ്ങളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ചെയ്തത്. അതിൽ നിരവധി നടിമാരും ഉണ്ട്. കേരളത്തെ സംബന്ധിച്ച് മെഗാസ്റ്റാറുകളടക്കമുള്ള നടന്മാർക്ക് പൊതുവിൽ യാതൊരു സാമൂഹ്യ പ്രതിബദ്ധതയുമില്ലെങ്കിലും നടികൾ പൊതുവെ വ്യത്യസ്തരാണ്. സമൂഹത്തിലെ അനീതികൾക്കെതിരെ പ്രതികരിക്കുന്ന ശക്തമായ ഒരു വിഭാഗം അവരിൽ നിന്നുയർന്നു വന്നിട്ടുണ്ട്. പ്രത്യേകിച്ച് യുവനടിമർ. നടിക്കെതിരെ നടന്ന അക്രമണത്തിനു ശേഷം അവർക്ക് സംഘടിതമായ രൂപവും വന്നിട്ടുണ്ട്. 
അപ്പോഴും മറ്റൊരു വിഷയം സൂചിപ്പിക്കാതെ വയ്യ. പല ദളിത് ആക്ടിവിസ്റ്റുകളും സൂചിപ്പിച്ച വിഷയം തന്നെയാണ്. കാലുകൾ പ്രദർശിപ്പിച്ചുള്ള പ്രതിഷേധം ശരിയായിരിക്കുമ്പോഴും എന്തുകൊണ്ടാ കാലുകളെല്ലാം വെളുത്തവ മാത്രമാകുന്നു എന്നതാണത്? വെളുപ്പും കറുപ്പും പ്രതിനിധാനം ചെയ്യുന്നത് രണ്ടു വിഭാഗങ്ങളെയാണെന്ന പൊതുബോധം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, വെളുപ്പിനു ദൃശ്യത ലഭിക്കുകയും കറുപ്പിനു കിട്ടാതിരിക്കുകയും ചെയ്യുന്ന സമൂഹത്തിലാണിതു സംഭവിക്കുന്നത്. അതുവഴി കറുപ്പു നിറം മാത്രമല്ല, ആ ജനവിഭാഗവും അദൃശ്യരാക്കപ്പെടുന്നു. പുതിയ പ്രതിഷേധത്തെ പഴയ മാറുമറക്കൽ പ്രക്ഷോഭവുമായി താരതമ്യം ചെയ്യൂന്ന രീതിയും ശരിയല്ല എന്നവർ വാദിക്കുന്നു. കാരണം ആ പോരാട്ടത്തിന്റെ പ്രധാന ഘടകം ജാതീയ വിവേചനമായിരുന്നു. എല്ലാ അർത്ഥത്തിലും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരായിരുന്നു അവർ. എന്നാൽ ഇപ്പോൾ ്യലംെലവമ്‌ലഹലഴ െഎന്നു പറയുന്നവർ, സ്ത്രീകൾ എന്ന നിലയിൽ ആക്ഷേപിക്കപ്പെടുമ്പോഴും ഒരുപാട് പ്രിവിലേജുകൾ ഉള്ളവരാണ്.
എന്തായാലും സമകാലിക കേരളത്തിൽ നടക്കുന്ന ഏറ്റവും ശക്തമായ സാസ്‌കാരിക പ്രതിരോധമായി കറുപ്പിന്റെ രാഷ്ട്രീയം എന്നു പൊതുവിൽ പറയാവുന്ന മുന്നേറ്റം മാറുന്നുണ്ട്. വളരെ കുറച്ചുപേർ, മുഖ്യമായും സോഷ്യൽ മീഡിയയിലൂടെയാണ് ഇത് നടത്തുന്നത്. ഒരേസമയം രണ്ടു വിഭാഗങ്ങൾക്കെതിരെയാണവർക്ക് പോരടിക്കേണ്ടിവരുന്നത്. ഒന്ന് മൊത്തം സമൂഹത്തിൽ നിലനിൽക്കുന്ന സവർണ ബോധ്യത്തിനെതിര്്. രണ്ട്, പൊതുവിൽ തങ്ങൾക്കൊപ്പം എന്നു കരുതപ്പെടുന്നവരിൽ നിന്നുള്ള അവഗണനകളും നിഷേധാത്മക നിലപാടുകളും.  ആദ്യത്തെ വിഷയം ഏറെക്കുറെ ഇന്ന് സജീവ ചർച്ചയാണ്. എന്നാൽ രണ്ടാമത്തേത് അങ്ങനെയല്ല. രോഹിത് വെമുലയുടെ ആത്മഹത്യക്കു ശേഷം കലാകാരിയായ യുവതി ശരീരമാസകലം കറുത്ത ചായമണിഞ്ഞ് കേരളം മുഴുവൻ യാത്ര ചെയ്ത സംഭവം, ചില സിനിമാ നടികൾ കറുത്ത പെയ്ന്റടിച്ച് ഫോട്ടോ ഷൂട്ട് നടത്തിയത്, പല പരസ്യങ്ങൾക്കും കറുത്ത മോഡലുകളായി വെളുത്തവരെ തന്നെ ചായമടിപ്പിച്ചത്, ഉറൂബിന്റെ രാച്ചിയമ്മയായ നടി പാർവ്വതിയെ കറുപ്പിക്കുന്നത് തുടങ്ങി പല സമീപകാല സംഭവങ്ങളും അവർ ചൂണ്ടിക്കാട്ടുന്നു. ഇവരുടെയൊന്നും ഉദ്ദേശ്യശുദ്ധിയിൽ സംശയിക്കേണ്ടതില്ല. എന്നാൽ കറുത്ത പെയ്ന്റടിച്ച് കുറച്ചു സമയമോ ദിവസമോ പ്രത്യക്ഷപ്പെട്ടാൽ അവർക്കൊന്നും ഒരു പ്രിവിലേജും നഷ്ടപ്പെടുകയില്ല, ചിലപ്പോൾ കൂടുകയേയുള്ളൂ. മാത്രമല്ല അതിലൂടെ കറുപ്പിന്റെ പ്രശ്‌നങ്ങളൊന്നും അവർക്ക് മനസ്സിലാകുകയുമില്ല. അതേസമയം തൊഴിൽപരമായി നോക്കിയാൽ നിറംമാറ്റത്തിലൂടെ മറ്റുള്ളവർക്ക് ലഭിക്കേണ്ട അവസരങ്ങൾ ഇവർ കൈവശപ്പെടുത്തുകയുമാണ്. ഈ വിഷയം കൂടി ഉയർത്തിക്കൊണ്ടുവരുന്നതിലൂടെ മാത്രമേ സമൂഹത്തിന്റെ പൊതു സവർണ മൂല്യങ്ങൾക്കെതിരായ മുന്നേറ്റങ്ങൾ കരുത്തു നേടൂ. 
ഏറെ നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമെല്ലാം ഉഴുതുമറിച്ച മണ്ണിലാണ് പെണ്ണായി ജനിച്ചതിന്റേയും കറുത്തുപോയതിന്റേയും പേരിൽ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നതും നിരന്തരം അധിക്ഷേപിക്കപ്പെടുന്നതും. ഏറ്റവും ഖേദകരമായ കാര്യം സമൂഹം പൊതുവിൽ ഇവയിലൊന്നും അസ്വാഭാവികത കാണുന്നില്ല എന്നതാണ്. 
നമ്മുടെ പല ടിവി പരിപാടികളും കണ്ടാൽ അക്കാര്യം ബോധ്യപ്പെടും. കറുത്തവരെ മാത്രമല്ല, തടി കൂടിയവരെ, വിഭിന്നശേഷിയുള്ളവരെ, ലൈംഗിക ന്യൂനപക്ഷങ്ങളെയെല്ലാം അധിക്ഷേപിക്കുമ്പോൾ നമ്മുടെയെല്ലാം വീട്ടകങ്ങളിൽ നിറയുന്ന പൊട്ടിച്ചിരി നൽകുന്ന സൂചന മറ്റെന്താണ്? ഇവയൊന്നും നിഷ്‌കളങ്കമായ തമാശയല്ലെന്നും അവക്കു പിറകിലുമുണ്ട് ഒരു രാഷ്ട്രീയമെന്നുമുള്ള തിരിച്ചറിവു പോലുമില്ലാത്തവരാണ് രാഷ്ട്രീയ പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന മലയാളികൾ എന്ന യാഥാർത്ഥ്യമാണ് ഈ സംഭവങ്ങളെല്ലാം  പുറത്തു കൊണ്ടുവരുന്നത്. 

Latest News