Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ മാലിദ്വീപിന് ഇന്ത്യയുടെ 25 കോടി ഡോളര്‍ ധനസഹായം

മാലി- കോവിഡ് മൂലമുള്ള സാമ്പത്തിക പ്രത്യാഘാതം ലഘൂകരിക്കുന്നതിനുള്ള ധനസഹായമായി ഇന്ത്യ മാലിദ്വീപിന് 25 കോടി ഡോളര്‍ വായ്പ നല്‍കി. മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ശാഹിദും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും തമ്മില്‍ ഓഗസ്റ്റ് 13നു നടന്ന വെര്‍ച്വല്‍ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഈ ധനസഹായം പ്രഖ്യാപിച്ചത്. ലളിത വ്യവസ്ഥകളോടെയുള്ള വായ്പ സര്‍ക്കാരിന്റെ വരുമാന ഇടിവ് നികത്താന്‍ സഹായിക്കുമെന്ന് മന്ത്രി ശാഹിദ് പറഞ്ഞു. മാലിദ്വീപിന്റെ മുഖ്യവരുമാന മാര്‍ഗമായ ടൂറിസം വ്യവസായം കോവിഡ് കാരണം പാടെ സ്തംഭിച്ചത് വലിയ തിരിച്ചടിയായിരുന്നു. 

മാലിദ്വീപ് ധനകാര്യ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ തുക ധനകാര്യ മന്ത്രി ഇബ്രാഹിം അമീര്‍ ഏറ്റുവാങ്ങി. ഇന്ത്യന്‍ സ്ഥാപനപതി സഞ്ജയ് സുധിര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധി ഭരത് മിശ്ര എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഇന്ത്യയുടെ സഹായത്തെ പ്രശംസിച്ചു കൊണ്ട് മന്ത്രി ശാഹിദ് ഹിന്ദിയിലാണ് സംസാരിച്ചത്.

വളരെ കുറഞ്ഞ പലിശ നിരക്കില്‍ 10 വര്‍ഷത്തേക്കാണ് ഈ വായ്പ. മറ്റു ഉപാധികളൊന്നുമില്ല. പണം മാലിദ്വീപ് സര്‍ക്കാരിന് സ്വതന്ത്രമായി വിനിയോഗിക്കാം.
 

Latest News