Sorry, you need to enable JavaScript to visit this website.

കോവിഡ് രോഗമുക്തനായ ഗുജറാത്ത് ബിജെപി എംഎല്‍എ ചട്ടങ്ങള്‍ ലംഘിച്ച് നൃത്തവുമായി ക്ഷേത്രത്തില്‍

വഡോദര- ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് രോഗമുക്തി നേടി തിരിച്ചെത്തിയ ഗുജറാത്തിലെ ബിജെപി എംഎല്‍എ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് മാസ്‌ക് ധരിക്കാതെ ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്ന വിഡിയോ പുറത്തു വന്നു. വേഷപ്പകിട്ടുകൊണ്ടും വിവാദ പ്രസ്താവനകള്‍ കൊണ്ടും വാര്‍ത്തകളില്‍ നിറയാറുള്ള മധു ശ്രീവാസ്തവ് ആണ് ക്ഷേത്രത്തില്‍ അണികള്‍ക്കൊപ്പം മാസ്‌ക് ധരിക്കാതെ ഭജനയ്‌ക്കൊപ്പം നൃത്തച്ചുവടുകള്‍ വച്ചത്. സാമൂഹിക അകലവും അദ്ദേഹം പാലിച്ചില്ല. ഗജ്‌റാവ്ഡിയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രകടനം. ട്രാക്ക് പാന്റും ടീ ഷര്‍ട്ടും ധരിച്ച് എംഎല്‍എ നൃത്തം ചെയ്യുന്ന മൂന്നു മിനിറ്റ് വിഡിയോ വ്യാപകമായി പ്രചരിച്ചു. ചുറ്റും കൂടി നില്‍ക്കുന്നവരും കൂടെ താളം പിടിക്കുന്നവരുമായ അണികളും ക്ഷേത്ര പുരോഹിതനും മാസ് ധരിച്ചിട്ടില്ല. ധോല്‍ കൊട്ടുന്നയാളും മണിയടിക്കുന്നയാളും മാത്രമാണ് മാസ്‌ക് ധരിച്ചിട്ടുള്ളത്.

ഗുജറാത്തി സിനിമകള്‍ സ്വന്തമായി നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള മധു ശ്രീവാസ്തവയ്ക്ക് കഴിഞ്ഞ മാസം അവസാനമാണ് കോവിഡ് പിടിപെട്ടത്. ഒരാഴ്ച ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. ശേഷം ദിവസങ്ങള്‍ക്കു മുമ്പാണ് ക്വാരന്റീന്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് ദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത പേഴ്‌സനല്‍ അസിസ്റ്റന്റ് കോവിഡ് ബാധിച്ച് മരിച്ചത്.

'ഞാന്‍ ബാഹുബലിയാണ്. കൊറോണയെ തോല്‍പ്പിക്കും. കൊറോണ വൈറസ് എന്ന ഒന്ന് ഇല്ല. അതിന് കരുത്തും ഇല്ല. അതിന്റെ പകുതി ചെറുത്തു തോല്‍പ്പിച്ചു. ബാക്കി പകുതി കൂടി ഞാന്‍ പരാജയപ്പെടുത്തും,' കോവിഡ് പിടിപെട്ട് ആശുപത്രിയില്‍ കിടക്കുന്ന വേളയില്‍ പുറത്തു വിട്ട ഒരു വിഡിയോയില മധു ശ്രീവാസ്തവ അണികളോടായി പറഞ്ഞിരുന്നു.
 

Latest News