ഇന്നലെ കൊച്ചിയിലേക്കുള്ള വിമാനം അവസാന നിമിഷം റദ്ദായി
റിയാദ്- സൗദി അറേബ്യൻ നാടുകടത്തൽ കേന്ദ്രങ്ങളിൽ (തർഹീലിൽ) കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. ഈ മാസം 24ന് റിയാദിൽ നിന്ന് സൗദി എയർലൈൻസ് വിമാനം തർഹീൽ അന്തേവാസികളുമായി ചെന്നൈയിലേക്ക് പറക്കും. അതേ സമയം ഇന്നലെ ശനിയാഴ്ച കൊച്ചിയിലേക്ക് 252 തർഹീൽ അന്തേവാസികളുമായി പറക്കേണ്ട വിമാനം അവസാന നിമിഷം റദ്ദായി.
എണ്ണൂറോളം തടവുകാരാണ് റിയാദിലും ജിദ്ദയിലുമായി തർഹീലുകളിലുളളത്. കോവിഡ് വ്യാപനത്തിന് മുമ്പ് കൃത്യമായ ഷെഡ്യൂളുകളിൽ സൗദി എയർലൈൻസ് വിമാനങ്ങളിൽ ഇവരെ നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ കോവിഡ് വ്യാപിച്ചതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ലാന്റ് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നില്ല. അതോടെയാണ് ഇവരുടെ നാട്ടിലേക്കുള്ള മടക്കം മുടങ്ങിയത്. അതിനിടെ കഴിഞ്ഞ മെയ് മാസത്തിൽ അഞ്ഞുറോളം പേരെ ഹൈദ്രാബാദിലേക്ക് എത്തിച്ചിരുന്നു. പിന്നീട് ഈ വിഷയത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല.
ഇന്നലെ ശനിയാഴ്ച 252 പേരെ റിയാദിൽ നിന്ന് കൊച്ചിയിലെത്തിക്കാൻ പദ്ധതിയുണ്ടായിരുന്നു. ഉച്ചക്ക് 12 മണിക്ക് സൗദി എയർലൈൻസ് വിമാനത്തിലായിരുന്നു അവരെ നാട്ടിലെത്തിക്കാൻ നിശ്ചയിച്ചിരുന്നത്. 50 മലയാളികളും ബാക്കിയുള്ളവർ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു ഇവർ. എന്നാൽ അവസാന സമയം സാങ്കേതിക കാരണങ്ങളാൽ യാത്ര റദ്ദാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി വാർത്താകുറിപ്പിറക്കിയത്.