ക്വാറന്റീന്‍ ലംഘിച്ചാല്‍ ഇംഗ്ലണ്ടില്‍ 10 ലക്ഷത്തോളം രൂപ പിഴ

ലണ്ടന്‍- യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്ത രാജ്യമായ ഇംഗ്ലണ്ടില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി. ക്വാറന്റീന്‍ ലംഘിച്ചാല്‍ 10,000 പൗണ്ട് (9.5 ലക്ഷം രൂപ) വരെയാണ് പിഴ. ഏറ്റവും ചുരുങ്ങിയ പിഴ 1000 പൗണ്ട്. പുതിയ കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ ചട്ടങ്ങളും ശനിയാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ ആഴ്ച ബ്രിട്ടനില്‍ കോവിഡിന്റെ രണ്ടാം തരംഗമാണ് കണ്ടതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ വ്യാപകമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് പുതിയ തീരുമാനം. സെപ്റ്റംബര്‍ 28 മുതല്‍ കോവിഡ്19 സ്ഥിരീകരിച്ചവരും ആരോഗ്യ വകുപ്പ് (എന്‍.എച്.എസ്) നിര്‍ദേശിക്കുന്നവരും സ്വയം ക്വാരന്റീനില്‍ പോകാന്‍ നിയമപരമായി ബാധ്യസ്ഥരായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൊറോണ വൈറസ് കൈമാറാന്‍ സാധ്യതയുള്ള എല്ലാവരും ചട്ടങ്ങളും ക്വാറന്റീനും കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

നിലവില്‍ രോഗ ലക്ഷണമുള്ളവരും ടെസ്റ്റില്‍ പോസിറ്റീവ് ആയവരും 10 ദിവസം സ്വയം ക്വാറന്റീനില്‍ കഴിയാനാണ് നിര്‍ദേശം. രോഗ ലക്ഷണമുള്ളവര്‍ക്കും പോസിറ്റീവ് ആയവര്‍ക്കും കൂടെ കഴിയുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം സ്വയം ഐസലേഷനില്‍ കഴിയണം.

ചട്ടങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ക്വാറന്റീനില്‍ കഴിയുമ്പോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയാത്ത, വരുമാനം കുറഞ്ഞവര്‍ക്ക് സര്‍ക്കാര്‍ ഒറ്റത്തവണയായി 500 പൗണ്ട് ധനസഹായമായി നല്‍കും. 

ബ്രിട്ടനില്‍ ഇതുവരെ 42,000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. യുറോപ്പിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സമ്മറില്‍ കോവിഡ് കേസുകള്‍ കുറഞ്ഞതിനു ശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചു വരികയാണ്. 

Latest News