കോലാഹലങ്ങള്‍ക്കിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി; സമരം കടുപ്പിച്ച് കര്‍ഷകര്‍ തെരുവില്‍

ന്യൂദല്‍ഹി- ഹരിയാനയിലും പഞ്ചാബിലും നടന്നു വരുന്ന ശക്തമായ കര്‍ഷക സമരങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടകളുടെ എതിര്‍പ്പുകള്‍ക്കുമിടയില്‍ രാജ്യസഭ വിവാദ കാര്‍ഷിക ബില്ലുകള്‍ പാസാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ബില്‍ പുനപ്പരിശോധനയ്ക്കായി പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയത് രാജ്യസഭയില്‍ കോലാഹലങ്ങള്‍ക്കിടയാക്കി. ബില്ലുകള്‍ പാസാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെരക് ഒബ്രെയ്ന്‍ രാജ്യസഭാ ഉപാധ്യക്ഷ്യന്റെ ഇരിപ്പിടത്തിനു മുന്നിലെത്തി പ്രതിഷേധിച്ചു. റൂള്‍ ബുക്ക് ഉപാധ്യക്ഷനെ കാണിക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥന്‍ തടഞ്ഞു. ബില്ലുകള്‍ക്കുമേല്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ബിജെപി സഖ്യകക്ഷിയായ അകാലി ദള്‍ എന്നീ പാര്‍ട്ടികള്‍ ശക്തമായ എതിര്‍പ്പാണ് രേഖപ്പെടുത്തിയത്.

നേരത്തെ ലോക്‌സഭയില്‍ പാസാക്കിയ ഫാര്‍മേഴ്‌സ് ആന്റ് പ്രോഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ബില്‍, 2020, ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) അഗ്രിമെന്റ് ഓണ്‍ പ്രൈസ് അശുറന്‍സ്  ആന്റ് ഫാം സര്‍വീസസ് ബില്‍ 2020 എന്നീ കാര്‍ഷിക ബില്ലുകള്‍ ഇനി രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമമായി മാറും. 

അതേസമയം ഹരിയാനയിലും പഞ്ചാബിലും കര്‍ഷര്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. ഹരിയാനയില്‍ കര്‍ഷകര്‍ ഹൈവേകള്‍ അടക്കം എല്ലാ റോഡുകളും ഇന്ന് 12 മുതല്‍ വൈകീട്ട് 3 മണി വരെ ഉപരോധിച്ചു വരികയാണ്. വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്. പലയിടത്തും ട്രാക്ടറുകളുമായാണ് കര്‍ഷകര്‍ തെരുവിലിറങ്ങിയത്. റോഡ് ഉപരോധം നേരിടാന്‍ സംസ്ഥാന സര്‍ക്കാരും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ നിന്നും കുരുക്ഷേത്രയില്‍ നിന്നും എത്തുന്ന യാത്രക്കാരെ വഴികള്‍ മാറ്റിവിട്ടിരിക്കുകയാണ്. പ്രധാന സ്ഥലങ്ങളിലെല്ലാം കൂടുതല്‍ പോലീസിനെ വിന്യസിച്ചു. 

Latest News