Sorry, you need to enable JavaScript to visit this website.

പുതിയ ഇന്ത്യന്‍ സ്ഥാനപതിയുടെ നിയമനം പാക്കിസ്ഥാന്‍ തടഞ്ഞു; ബന്ധം വഷളാകുന്നു

ന്യൂദല്‍ഹി- പാക്കിസ്ഥാനിലേക്കുള്ള പുതിയ ഇന്ത്യന്‍ ഉപസ്ഥാനപതി(ഷാര്‍ഷ് ദെ അഫയര്‍)യുടെ നിയമനം പാക്കിസ്ഥാന്‍ തടഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ ജയന്ത് ഖൊബ്രഗഡെയെ ആണ് ഇസ്‌ലാമാബാദിലെ ഷാര്‍ഷ് ദെ അഫയറായി ഇന്ത്യ നിയമിച്ചത്. എന്നാല്‍ പാക്കിസ്ഥാന്‍ വിസ നിഷേധിക്കുകയായിരുന്നു. ജൂണിലാണ് ഈ ഉദ്യോഗസ്ഥന്റെ പേര് ഔദ്യോഗികമായി നിര്‍ദേശിക്കപ്പെടുന്നത്. ആ മാസം തന്നെ പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്താനും ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 50 ശതമാനം നയതന്ത്ര ഉദ്യോഗസ്ഥരേയും വെട്ടിക്കുറക്കാനും തീരുമാനിച്ചു. ഇതിനോടുള്ള പ്രതികരണമാണ് ഖൊബ്രഗഡെയുടെ നിയമനം പാക്കിസ്ഥാന്‍ തടഞ്ഞത് എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന് പിന്തുണ ലഭിക്കാത്തതും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തങ്ങളുടെ ഹൈക്കമ്മീഷണര്‍മാരെ തിരിച്ചുവിളിച്ചതിനു ശേഷം ദല്‍ഹിയിലും ഇസ്‌ലാമാബാദിലും നയതന്ത്ര കാര്യാലയങ്ങളെ നയിക്കുന്നത് ഷാര്‍ഷ് ദെ അഫയര്‍മാരാണ്. ഖൊബ്രഗഡെയുടെ സീനിയോറിറ്റി ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാന്‍ നിയമനം തടഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറക്കുകയും ഇരുരാജ്യങ്ങളും തമ്മില്‍ കാര്യമായ ഉഭയകക്ഷി കരാറുകളൊന്നും ഇല്ലാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഖൊബ്രഗഡെയുടെ സീനിയോറിറ്റിയുള്ള ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതില്ലെന്നാണ് പാക്കിസ്ഥാന്റെ മറുപടി.

എന്നാല്‍ ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണെന്നും സീനിയോറ്റി പാക്കിസ്ഥാന്റെ പരിഗണന വിഷയമല്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. സമയമാകുമ്പോള്‍ ഇത്തരത്തില്‍ ഒരു മറുപടി ഇന്ത്യ പാക്കിസ്ഥാനു നല്‍കുമെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ ഉയര്‍ന്ന പദവിയിലേക്കുള്ള നയന്ത്രതന്ത്ര ഉദ്യോഗസ്ഥന്റെ നിയമനം ഒരു രാജ്യം തടയുന്നത് വളരെ അപൂര്‍വമാണ്.

1995 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ജയന്ത് ഖൊബ്രഗഡെ ഇപ്പോല്‍ ആണവോര്‍ജ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ്. നേരത്തെ കിര്‍ഗിസ് റിപബ്ലിക്കില്‍ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു. പാക്കിസ്ഥാനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റഷ്യ, സ്‌പെയ്ന്‍, കസാഖ്സ്ഥാന്‍ എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
 

Latest News