Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖമറുദ്ദീൻ എം.എൽ.എക്കെതിരെ നികുതി വെട്ടിപ്പ് ആരോപണവും 

കാസർകോട്- ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ കേസിൽ അകപ്പെട്ട എം.സി. ഖമറുദ്ദീൻ എം.എൽ.എക്കെതിരെ നികുതി വെട്ടിപ്പ് പരാതിയും. ജ്വല്ലറി നടത്തിപ്പിന്റെ ഭാഗമായി 1.41 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി ജി.എസ്.ടി ഇന്റലിജൻസ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. 2017 ജൂലൈ മാസം വരെയുള്ള കണക്കുകളിൽ നികുതി അടച്ചിട്ടില്ല. നികുതി റിട്ടേൺ ഫയൽ ചെയ്യാതിരുന്നാൽ പിഴ അടക്കാൻ നോട്ടീസ് നൽകിയെങ്കിലും നടപടി ഒന്നും എടുത്തിരുന്നില്ല. ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം കഴിഞ്ഞ മൂന്ന് വർഷമായി കാസർകോട് ജില്ലയിലെ ജ്വല്ലറികളിൽ പരിശോധന നടത്തിയിരുന്നില്ല. ഇത് മുതലെടുത്താണ് റിട്ടേൺ ഫയൽ ചെയ്യാതിരുന്നത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കാസർകോട് ജി.എസ്.ടി ഓഫീസറുടെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് സംഘം നികുതിവെട്ടിപ്പ് കണ്ടെത്തിയത്. 


ഫാഷൻ ഗോൾഡ് കാസർകോട്, ചെറുവത്തൂർ ജ്വല്ലറികളിൽ വിൽപനയ്ക്കായി എത്തിച്ചേരുന്ന മുഴുവൻ സ്വർണത്തിനും നികുതി അടച്ചിരുന്നില്ലെന്നും 80 കിലോ സ്വർണം കാണാതായിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഡയറക്ടർമാരും ജീവനക്കാരും ഫാഷൻ ഗോൾഡിൽനിന്ന് സ്വർണം കടത്തിയതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. 
അതിനിടെ, ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ എം.സി. ഖമറുദ്ദീൻ എം.എൽ.എ, മാനേജിംഗ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾ എന്നിവർക്കെതിരെ ക്രിമിനൽ നിയമത്തിലെ കൂടുതൽ വകുപ്പുകൾ ചേർക്കുന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണസംഘം  ആലോചനയിലാണ്. നിലവിൽ വിശ്വാസ വഞ്ചന വകുപ്പ് ചേർത്താണ് കേസെടുത്തിരിക്കുന്നത്. 
എന്നാൽ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ വെളിവായതോടെ വ്യാജരേഖ ചമയ്ക്കൽ, അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിക്കൽ, നിയമവിരുദ്ധമായി കമ്പനി രജിസ്റ്റർ ചെയ്തു പ്രവർത്തിക്കൽ തുടങ്ങിയ കുറ്റങ്ങൾ കൂടി ചേർക്കുമെന്നാണ് സൂചന. പണം വാങ്ങിയതും എഗ്രിമെന്റ് ഒപ്പിട്ടു നൽകിയതും കമ്പനി നിയമത്തിന് വിരുദ്ധമായാണെന്ന് ജനറൽ മാനേജർ സൈനുൽ ആബിദീൻ വെളിപ്പെടുത്തിയിട്ടുണ്ട്. 


പണം വാങ്ങി ഷെയർ സർട്ടിഫിക്കറ്റും എഗ്രിമെന്റും നൽകുന്നത് നിയമവിരുദ്ധമാണെന്ന് ജനറൽ മാനേജർ എം.എൽ.എ യോടും പൂക്കോയ തങ്ങളോടും വ്യക്തമാക്കിയിരുന്നു. അതിലൊന്നും യാതൊരു പ്രശ്‌നവും ഇല്ല എന്നാണ് ആ സമയത്ത് എം.എൽ.എ ഉൾപ്പെടെയുള്ളവർ മറുപടി പറഞ്ഞത്. കാസർകോട്, ഹോസ്ദുർഗ് കോടതികളിൽ സമർപ്പിച്ച 13 കേസുകളുടെ എഫ്.ഐ.ആർ പ്രകാരമാണ് ക്രൈംബ്രാഞ്ച് കണ്ണൂർ എസ്.പി മൊയ്തീൻ കുട്ടിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുള്ളത്. മൊത്തം 56 പരാതികളിലാണ് പോലീസ് കേസ് എടുത്തത്. ചന്തേര, കാസർകോട്, പയ്യന്നൂർ പോലീസ് സ്‌റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്. 
ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ മധുസൂദനൻ നായരും സംഘവും പരാതിക്കാരായ നിക്ഷേപകരിൽനിന്ന് മൊഴികൾ ശേഖരിച്ചു. ഖമറുദ്ദീനും പൂക്കോയ തങ്ങളും നേരിട്ടു തന്നെയാണ് പണം കൈപ്പറ്റിയതെന്നും നിരവധി തവണ അവധികൾ പറഞ്ഞു ഒഴിഞ്ഞു മാറിയതോടെയാണ് പോലീസിൽ പരാതി നൽകിയതെന്ന് നിക്ഷേപകർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. 
    

Latest News