പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് സമൂഹ മാധ്യമങ്ങള്‍ വിലക്കി ഹൈക്കോടതി

ഇരയുടെ ആശങ്ക കണക്കിലെടുത്ത്, പ്രതിയെ സമൂഹമാധ്യമങ്ങളില്‍ നിന്ന് വിലക്കിയതുകൊണ്ട് ആകാശം ഇടിഞ്ഞ് വീഴില്ലെന്ന് വ്യക്തമാക്കിയായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ അപൂര്‍വ ഉത്തരവ്.

കൊച്ചി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി. പ്രതിക്ക് ജാമ്യം നല്‍കുന്നതിനുള്ള ഉപാധിയായാണ് കോടതി സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയത്.
സമൂഹമാധ്യമങ്ങളിലൂടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഇരയുടെ ആശങ്ക കണക്കിലെടുത്താണ് കോടതിയുടെ അസാധാരണ നടപടി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിറന്നാള്‍ സമ്മാനം നല്‍കാനെന്ന വ്യാജേന റിസോര്‍ട്ടിലെത്തിച്ച് ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിക്കാണ് ജാമ്യത്തിലിറങ്ങാന്‍ കോടതി അസാധാരണ ഉപാധി വച്ചത്.
2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് പതിനാറു വയസുണ്ടായിരുന്ന പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത പ്രതി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി. പണം നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനായി ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുമുണ്ടാക്കി.
പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രതി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചേക്കുമെന്ന ആശങ്ക, ഇരയുടെ അഭിഭാഷകര്‍ ഉയര്‍ത്തി. ഇതോടെയാണ് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതില്‍നിന്ന് പ്രതിയെ കോടതി വിലക്കിയത്.
ഇരയുടെ ആശങ്ക കണക്കിലെടുത്ത്, പ്രതിയെ സമൂഹമാധ്യമങ്ങളില്‍ നിന്ന് വിലക്കിയതുകൊണ്ട് ആകാശം ഇടിഞ്ഞ് വീഴില്ലെന്ന് വ്യക്തമാക്കിയായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ അപൂര്‍വ ഉത്തരവ്.
ബലാത്സംഗ കേസുകളില്‍ ജാമ്യത്തിന് ഇത്തരം ഒരു ഉപാധികൂടെ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. കേസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിലക്ക് തുടരും. ആവശ്യമെങ്കില്‍ പോലീസിന് വിലക്ക് നീട്ടാന്‍ ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. ഇതിനു വിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തി പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

 

Latest News