പ്രതിരോധ രഹസ്യം സൂക്ഷിച്ചെന്ന് ആരോപിച്ച് ദല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

ന്യൂദല്‍ഹി- സൈന്യവുമായി ബന്ധപ്പെട്ട പ്രതിരോധ രഹസ്യ രേഖകള്‍ കൈവശംവച്ചെന്ന് ആരോപിച്ച് ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും നയതന്ത്ര വിശകലന വിദഗ്ധനുമായ രാജീവ് ശര്‍മയെ അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് ഭരണകാല നിയമമായ ഔദ്യോഗിക രഹസ്യ നിയമം ചുമത്തി സെപ്റ്റംബര്‍ 14നാണ് ശര്‍മയെ അറസ്റ്റ് ചെയ്തത്. യുഎന്‍ഐ, ദി ട്രിബ്യൂണ്‍, സകാല്‍ ടൈംസ് എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രാജീവ് ശര്‍മ ഈയിടെ ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസില്‍ ഒരു ലേഖനം എഴുതിയിരുന്നു.

'അറസ്റ്റ് ചെയ്ത ശര്‍മയെ അടുത്ത ദിവസം തന്നെ കോടതിയില്‍ ഹാജരാക്കുകയും ആറു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പക്കല്‍ രഹസ്യ സൈനിക രേഖകള്‍ ഉള്ളതായും കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണ്,' സ്‌പെഷ്യല്‍ സെല്‍ ഡിസിപി സഞ്ജീവ് കുമാര്‍ പറഞ്ഞു.

രാജീവ് കിഷ്‌കിന്ദ എന്ന പേരില്‍ ശര്‍മ 11,900 വരിക്കാരുള്ള ഒരു യുട്യൂബ് ചാനലും നടത്തുന്നുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട ദിവസം രണ്ടു വിഡിയോകളാണ് ഈ ചാനലില്‍ അപ്‌ലോഡ് ചെയ്തിരുന്നത്. ഇതിലൊന്നിലെ വിഷയം ചൈനയില്‍ നിന്ന് ഇന്ത്യയ്‌ക്കെതിരെ വീണ്ടും നീക്കം ഉണ്ടായേക്കാം എന്നതു സംബന്ധിച്ചായിരുന്നു. 'ഇന്ത്യയുടേയും ചൈനയുടേയും വിദേശകാര്യ മന്ത്രിമാര്‍ നീക്കുപോക്കിലെത്തിയെങ്കിലും സമാധാനത്തിലേക്കുള്ള വഴി ദുര്‍ഘടമാണ്. മോസ്‌കോയില്‍ ഇരുരാജ്യങ്ങളും തമ്മില്‍  പറഞ്ഞുറപ്പിച്ചു പോലെ എല്ലാം നടക്കുമെന്നതിന് ഇപ്പോഴും ഒരു ഉറപ്പുമില്ല'- വിഡിയോയില്‍ രാജീവ് ശര്‍മ പറയുന്നു.

രണ്ടാം വിഡിയോ ഹിന്ദിയില്‍ മാധ്യമങ്ങളെ വിമര്‍ശിച്ചായിരുന്നു. ഇന്ത്യയിലെ മാധ്യമങ്ങളുടെ നില പരിതാപകരമാണെന്നും കാവല്‍നായകളാകേണ്ട അവ സര്‍ക്കാരിന്റെ വളര്‍ത്തു പട്ടികളായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

5,300 ഫോളോവേഴ്‌സുള്ള രാജീവ് ശര്‍മയുടെ ട്വിറ്റര്‍ അക്കൗണ്ട് വെള്ളിയാഴ്ച രാത്രി മുതല്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. നിരവധി പുസ്തകങ്ങള്‍ എഴുതിയ ആള്‍ കൂടിയാണ് ശര്‍മ. 

Latest News