എംപിമാര്‍ക്ക് കോവിഡ്; പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും

ന്യൂദല്‍ഹി- കേന്ദ്ര മന്ത്രിമാരടക്കം 30ലേറെ എംപിമാര്‍ക്ക് ഒരാഴ്ച്ചയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനം വെട്ടിച്ചുരുക്കിയേക്കും. കോവിഡ് ആശങ്ക ശക്തമായതോടെ വര്‍ഷക്കാല സമ്മേളനത്തില്‍ പ്രോട്ടോകോളുകളും കര്‍ശനമാക്കിയിരിക്കുകയാണ്. ഇതോടൊപ്പം സമ്മേളനം വെട്ടിച്ചുരുക്കി അടുത്തയാഴ്ചയോടെ അവസാനിപ്പിക്കാനും സാധ്യത ഏറി. കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, പ്രഹ്‌ളാദ് പട്ടേല്‍ എന്നിവര്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബിജെപി എംപി വിനയ് സഹസ്രബുദ്ധെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാജ്യസഭയിലെ കോവിഡ് ചര്‍ച്ചയില്‍ ബിജെപിയുടെ പ്രധാന പ്രഭാഷകനായ സഹസ്രബുദ്ധെയ്ക്ക് നേരത്തെ കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ പാര്‍ലമെന്റില്‍ അദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായവരുടെ കാര്യവു സംശയത്തിലായിരിക്കുകയാണ്. സഭാ ലോബിയിലും സെന്‍ട്രല്‍ ഹാളിലും അദ്ദേഹം മറ്റു എംപിമാരൊടൊത്ത് സമയം ചെലവിട്ടിരിക്കാം.

പാര്‍ലമെന്റ് സമ്മേളനത്തില്‍ പരിഗണിക്കപ്പെട്ട 11 പ്രധാന ബില്ലുകള്‍ ഇരുസഭകളും ഉടന്‍ പാസാക്കുകയാണെങ്കില്‍ സമ്മേളനം വെട്ടിച്ചുരുക്കിയേക്കുമെന്ന് റിപോര്‍ട്ടുണ്ട്. ഈ ബില്ലുകള്‍ അടുത്ത നാലഞ്ച് ദിവസത്തിനകം പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. പ്രതിപക്ഷ എംപിമാരില്‍ ചിലരും സഭാ സമയം വെട്ടിച്ചുരുക്കി ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സെപ്റ്റംബര്‍ 14ന് ആരംഭിച്ച വര്‍ഷക്കാല സമ്മേളനം ഒക്ടോബര്‍ ഒന്നു വരെയാണ് നേരത്തെ നിശ്ചയിക്കപ്പെട്ട സമയം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ നാലഞ്ച് ദിവസത്തോടെ അവസാനിപ്പിച്ചേക്കാനിടയുണ്ട്.

നിലവില്‍ പാര്‍ലമെന്റില്‍ എത്തുന്ന എല്ലാ എംപിമാരും പാര്‍ലമെന്റ് സ്റ്റാഫും മാധ്യമ പ്രവര്‍ത്തകരും ദിവസവും ആന്റിജന്‍ ടെസ്റ്റിനു വിധേയരാകണം എന്നാണ് പ്രോട്ടോകോള്‍. മുന്‍ എംപിമാര്‍ എംഎല്‍എമാര്‍ അവരുടെ  ബന്ധുക്കള്‍ വ്യക്തിഗത അതിഥികള്‍ എന്നിവര്‍ക്ക് കോവിഡ് പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് സന്ദര്‍ശന വിലക്കും നിലവിലുണ്ട്.
 

Latest News