പാകിസ്ഥാന്‍ ആസ്ഥാനമായുള്ള അല്‍ഖാഇദ ഭീകരര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവരെ ഭീകര പ്രവര്‍ത്തനത്തിനു പ്രേരിപ്പിച്ചതെന്നും ദേശീയ തലസ്ഥാന മേഖല ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ നിര്‍ദേശിച്ചുവെന്നും എന്‍.ഐ.എ പറയുന്നു.
ന്യൂദല്‍ഹി- പശ്ചിമബംഗാളിലും കേരളത്തിലുമായി പിടിയിലായ അല്‍ ഖാഇദ ഭീകരര്‍ രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറിയിച്ചു.
വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനാലാണ് പാക്കിസ്ഥാനില്‍നിന്ന് അല്‍ഖാഇദ ഭീകരര്‍ നിയന്ത്രിച്ചിരുന്ന അന്തര്‍ സംസ്ഥാന ഭീകര ശൃംഖല തകര്‍ക്കാന്‍ സാധിച്ചതെന്ന് എന്‍.ഐ.എ അവകാശപ്പെട്ടു.
കേരളത്തിലും പശ്ചിമ ബംഗാളിലും നിരവധി സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് അല്‍ഖാഇദ പ്രവര്‍ത്തകരെന്ന് കരുതുന്ന ഒമ്പത് പേരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.
പശ്ചിമ ബംഗാളില്‍നിന്ന് അറസ്റ്റിലായ ആറ് പേര്‍ മുര്‍ഷിദാബാദില്‍ നിന്നുള്ളവരാണ്. മറ്റു മൂന്ന് പേര്‍ മൂന്നുപേര്‍ എറണാകുളത്താണ് പിടിയിലായത്.
മുര്‍ഷിദ് ഹസന്‍, ഇയാകുബ് ബിശ്വാസ്, മൊസറഫ് ഹുസൈന്‍ (എറണാകുളം), നജ്മുസ് സാകിബ്, അബു സുഫിയാന്‍, ലിയു യെന്‍ അഹമ്മദ്, അല്‍ മാമുന്‍ കമല്‍, അതിതുര്‍ റഹ്മാന്‍ (മുര്‍ഷിദാബാദ്) എന്നിവരാണ് അറസ്റ്റിലായത്.
കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍വിട്ടുകിട്ടുന്നതിന് കേരളത്തിലും പശ്ചിമ ബംഗാളിലും ബന്ധപ്പെട്ട കോടതികളില്‍ ഹാജരാക്കുമെന്ന് എന്‍.ഐ.എ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
പശ്ചിമ ബംഗാളും കേരളവും ഉള്‍പ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഖാഇദ പ്രവര്‍ത്തകരുടെ അന്തര്‍ സംസ്ഥാന മൊഡ്യൂളിനെക്കുറിച്ചാണ് ഏജന്‍സിക്ക് വിവരം ലഭിച്ചത്. സുപ്രധാന സ്ഥാപനങ്ങളില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ട സംഘത്തില്‍നിന്ന് ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും ഉള്‍പ്പെടെ ധാരാളം തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള അല്‍ഖാഇദ ഭീകരര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവരെ ഭീകര പ്രവര്‍ത്തനത്തിനു പ്രേരിപ്പിച്ചതെന്നും ദേശീയ തലസ്ഥാന മേഖല ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ നിര്‍ദേശിച്ചുവെന്നും എന്‍.ഐ.എ പറയുന്നു.
സംഘം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തിയതായും പത്രക്കുറിപ്പില്‍ പറയുന്നു. സംഘത്തിലെ ഏതാനും അംഗങ്ങള്‍ ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നതിനായി ദല്‍ഹിയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്താനിരുന്ന ഭീകരാക്രമണങ്ങള്‍ തടയാന്‍ അറസ്റ്റിലൂടെ സാധിച്ചുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.






