Sorry, you need to enable JavaScript to visit this website.

ലഡാക്കില്‍ ചൈന തടഞ്ഞത് പത്ത് പട്രോളിംഗ് പോയിന്റുകള്‍

ലഡാക്ക് അതിര്‍ത്തിയില്‍ പാങ്ങോംഗില്‍ പ്രകോപനം ഉണ്ടാക്കുന്ന ചൈനയുടെ യഥാര്‍ഥ ലക്ഷ്യം ഡെസ്പാംഗ് സമതലമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തന്ത്രപ്രധാന സ്ഥലമായ ഡെസ്പാംഗിനെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും നടത്തിയ പ്രസ്താവനകളില്‍ പരാമര്‍ശമുണ്ടായിരുന്നില്ല.

ന്യൂദല്‍ഹി- കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ പത്ത് പട്രോളിംഗ് പോയിന്റുകളില്‍ ചൈനീസ് സേന ഇന്ത്യന്‍ സൈനികരെ തടഞ്ഞതായി കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.
 
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി മുഖാമുഖം വരാന്‍ കാരണം പട്രോള്‍ തടഞ്ഞതിനാലാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു.

അതിനിടെ, ലഡാക്ക് അതിര്‍ത്തിയില്‍ പാങ്ങോംഗില്‍ പ്രകോപനം ഉണ്ടാക്കുന്ന ചൈനയുടെ യഥാര്‍ഥ ലക്ഷ്യം ഡെസ്പാംഗ് സമതലമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തന്ത്രപ്രധാന സ്ഥലമായ ഡെസ്പാംഗിനെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും നടത്തിയ പ്രസ്താവനകളില്‍ പരാമര്‍ശമുണ്ടായിരുന്നില്ല. കഴിഞ്ഞ ഏപ്രില്‍ മുല്‍ ഡെസ്പാംഗില്‍ പട്രോളിംഗ് നടത്തുന്നതില്‍ നിന്ന് ഇന്ത്യന്‍ സേനയെ ചൈന തടസപ്പെടുത്തി എന്നാണ് വിവരം.

മേയ് മുതല്‍ ആരംഭിച്ച അതിര്‍ത്തി വിഷയത്തില്‍ പ്രധാന തര്‍ക്ക സ്ഥലങ്ങള്‍ പാങ്ങോംഗ്്, ചുഷൂള്‍, ഗോഗ്ര, ഹോട്‌സ്പ്രിംഗ്‌സ്, ഗല്‍വാന്‍ താഴ്‌വര എന്നിവയായിരുന്നു. എന്നാല്‍, ഡെസ്പാംഗ് സമതലത്തില്‍ ചൈനയ്ക്ക് പണ്ടേ കണ്ണുണ്ടായിരുന്നു എന്നും ഇതൊരു പുതിയ വിഷയമല്ലെന്നുമാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഡെസ്പാംഗില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മറ്റു സ്ഥലങ്ങളില്‍ ചൈന പ്രകോപനങ്ങള്‍ ഉണ്ടാക്കുന്നത്. ഡെസ്പാംഗിലെ പട്രോളിംഗ് പോയിന്റുകളായ പത്ത്, പതിനൊന്ന്, പതിനൊന്ന്എ, പന്ത്രണ്ട്, പതിമൂന്ന് എന്നിവിടങ്ങളില്‍ പട്രോളിംഗ് നടത്താന്‍ കഴിഞ്ഞ അഞ്ചു മാസങ്ങളായി ഇന്ത്യന്‍ സേനയെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തടയുകയാണ്. ഡെസ്പാംഗിലെ വൈ ജംഗ്ഷന്‍ പ്രദേശത്ത് ചൈനീസ് പട്ടാളം തമ്പടിച്ചിട്ടുമുണ്ട്.

    അതിര്‍ത്തി സംഘര്‍ഷത്തില്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ അര്‍പ്പിച്ചും, ചൈനീസ് പ്രകോപനത്തെ അപലപിച്ചും സംയുക്ത പ്രമേയം പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനുള്ള സാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ലോക്‌സഭയിലും രാജ്യസഭയിലും സംയുക്തപ്രമേയം കൊണ്ടു വരിക എന്ന നിര്‍ദേശം കേന്ദ്രം പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നായിരുന്നു ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ച നടത്തുന്നത് അനുചിതമാകുമെന്നും, സൈന്യത്തിന് പൂര്‍ണ പിന്തുണ അര്‍പ്പിച്ച് പാര്‍ലമെന്റ് പ്രമേയം പാസാക്കുകയാണ് വേണ്ടതെന്നായിരുന്നു മുതിര്‍ന്ന മന്ത്രിമാര്‍ നിലപാടെടുത്തത്.

 

 

Latest News