ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നിര്‍മിച്ചതെല്ലാം മായ്ക്കാനാണ് മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഹാഷ്മി ആരോപിച്ചു.
ന്യൂദല്‍ഹി- ചരിത്രമുറങ്ങുന്ന ദല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത പ്രദേശം വികസിപ്പിക്കാനും പുനര്‍നിര്‍മിക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ചരിത്രകാരന്മാരും വാസ്തുശില്‍പ വിദഗ്്ധരും രംഗത്ത്.
ഭൂതകാലത്തെ പുനര്‍നിര്‍വചിക്കാനുള്ള ശ്രമം നഗരത്തിന്റെ പൈതൃകം നശിപ്പിക്കുമെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ പാര്‍ലമെന്റ് കെട്ടിടം പണിയുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടാറ്റ പ്രോജക്ട്‌സ് 861.90 കോടിയുടെ കരാര്‍ നേടിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശം ശക്തമാകുന്നത്.
ശതകോടികള്‍ ചെലവഴിച്ച് പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ച് പുതിയത് നിര്‍മിക്കുകയെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്‌ന പദ്ധതിയാണ്.
രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് യുദ്ധസ്മാരകം വരെ നീളുന്ന സെന്റര്‍ വിസ്ത സര്‍ എഡ്വിന്‍ ല്യൂട്ടീന്‍സ് ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റുകള്‍ രൂപകല്‍പ്പന ചെയ്തതാണ്. ഒരു കാലത്ത് ബ്രിട്ടീഷ് കൊളോണിയല്‍ അധികാരികളുടെ വസതിയായിരുന്നു ഇത്.
പാര്‍ലമെന്റ് മന്ദിര നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുകയാണു ലക്ഷ്യം. സര്‍ക്കാര്‍ 940 കോടിയാണു ചെലവ് കണക്കാക്കിയിരുന്നത്. കുറഞ്ഞ ലേലത്തുക സമര്‍പ്പിച്ച ടാറ്റയെ സര്‍ക്കാര്‍ തെരഞ്ഞെടുക്കുകയായിരുന്നു. ത്രികോണാകൃതിയിലാണു പുതിയ മന്ദിരത്തിന്റെ രൂപകല്‍പനയെന്നാണു റിപ്പോര്‍ട്ട്.
പാര്‍ലമെന്റ് ഹൗസ് എസ്‌റ്റേറ്റിലെ നിലവിലുള്ള സമുച്ചയത്തിനടുത്താണു പുതിയ മന്ദിരം. ബ്രിട്ടിഷ് കാലഘട്ടത്തില്‍ നിര്‍മിച്ച നിലവിലെ പാര്‍ലമെന്റ് കെട്ടിടം വൃത്താകൃതിയിലാണ്. ഈ കെട്ടിടം പുതുക്കി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് അധികൃതര്‍ പറയുന്നു. പുതിയ കെട്ടിടം പണിയാനുള്ള തീരുമാനത്തെ ഈ വര്‍ഷമാദ്യം സര്‍ക്കാര്‍ ന്യായീകരിച്ചിരുന്നു. സഭയില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നിലവില്‍ സ്ഥലപരിമിതി ഉണ്ടെന്നുമായിരുന്നു പ്രതിപക്ഷ ചോദ്യങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ മറുപടി.
ന്യൂദല്‍ഹിയിലെ ഒരേയൊരു തുറന്ന സ്ഥലമാണിതെന്നും നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്ന പൊതു ഇടം സര്‍ക്കാര്‍ കൈവശപ്പെടുത്തി പൈതൃകം നശിപ്പിക്കരുതെന്ന് ചരിത്രകാരനും പൈതൃക സംരക്ഷണ വിദഗ്ധനുമായ സുഹൈല്‍ ഹാഷ്മി പറഞ്ഞു.
മറ്റു രാജ്യങ്ങളില്‍ 200 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ ഇപ്പോഴും സര്‍ക്കാരുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നിര്‍മിച്ചതെല്ലാം മായ്ക്കാനാണ് മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഹാഷ്മി ആരോപിച്ചു.
പുതിയ കെട്ടിടം സ്ഥാപിക്കുന്നതിനുമുമ്പ് നിലവിലുള്ള സൗകര്യങ്ങള്‍ പുതിയ ആവശ്യങ്ങള്‍ക്കായി നവീകരിക്കുകയാണ് വേണ്ടതെന്ന് ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് കള്‍ച്ചറല്‍ ഹെറിറ്റേജിലെ സ്വപ്‌ന ലിഡില്‍ പറഞ്ഞു.
ചരിത്രപ്രധാന പ്രദേശമാണിതെന്നും പൈതൃക വിദഗ്ധരുമായി കൂടുതല്‍ കൂടിയാലോചന നടത്തണമെന്നും സ്വപ്‌ന ലിഡില്‍ കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ സെന്‍ട്രല്‍ വിസ്ത പ്രദേശവും പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ലോകമെമ്പാടുമുള്ള ആര്‍ക്കിടെക്റ്റുകളില്‍നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചത്. സെന്‍ട്രല്‍ വിസ്ത പ്രദേശത്തെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പൊതു സൗകര്യങ്ങളും പാര്‍ക്കിംഗും ഹരിത ഇടങ്ങളും സംവിധാനിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
ഓഫീസ് സ്ഥലങ്ങളുടെ കടുത്ത ക്ഷാമവും മന്ത്രാലയങ്ങള്‍ക്കിടയിലെ ഏകോപനത്തിലെ ബുദ്ധിമുട്ടുകളും കാരണം പുതിയ കെട്ടിടങ്ങള്‍ ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൊറോണ വ്യാപന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാരണം കൂടുതല്‍ ആലോചനകളില്ലാതെ ഈ വര്‍ഷം ഏപ്രിലില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. അക്കാദമിക് വിദഗ്ധരേയും ചരിത്രകാരന്മാരേയും ആര്‍ക്കിടെക്റ്റുകളേയും പ്രകോപിപ്പിക്കുന്നതായിരുന്നു തീരുമാനം.
പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ ഇന്ത്യ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോള്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി അവസാന പരിഗണനയായിരിക്കണമെന്ന് ന്യൂദല്‍ഹി സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്റ് ആര്‍ക്കിടെക്ചറില്‍ അധ്യാപകനായ ആര്‍ക്കിടെക്റ്റ് ലഫ്റ്റനന്റ് കേണല്‍ അനുജ് ശ്രീവാസ്തവ പറഞ്ഞു.
പദ്ധതിയുടെ ആവശ്യമില്ലെന്നും പാര്‍ലമെന്റില്‍ പൊതു ചര്‍ച്ച നടന്നിട്ടില്ലെന്നും പാര്‍ലമെന്റ് അംഗങ്ങള്‍ തന്നെ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴില്‍ നഷ്ടപ്പെട്ട് ദശലക്ഷക്കണക്കിനാളുകള്‍ പട്ടിണി കിടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മധ്യകാല രാജാവിനെപ്പോലെയാണ് പെരുമാറുന്നതെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ചരിത്രകാരന്‍ ആദിത്യ മുഖര്‍ജി ആരോപിച്ചു.
ആധുനിക ജനാധിപത്യത്തില്‍ ഒരു പാരമ്പര്യം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ആശയങ്ങളിലൂടെയും ജനങ്ങളുടെ ക്ഷേമത്തിലൂടെയും ആയിരിക്കണം- അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ പ്രധാനമന്ത്രി പാര്‍ലമെന്റ് നിര്‍മാണ പദ്ധതി ഉപയോഗിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ നിലഞ്ജന്‍ മുഖോപാധ്യായ പറഞ്ഞു. വലിയ ദേശീയ നേട്ടമായി പദ്ധതിയെ അവതരിപ്പിച്ച് അഭിമാന ബോധം വളര്‍ത്തി നേട്ടമുണ്ടാക്കാനാണ് മോഡിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.






