Sorry, you need to enable JavaScript to visit this website.
Tuesday , October   27, 2020
Tuesday , October   27, 2020

ലഹരി: മാനവികതയെ നശിപ്പിക്കുന്ന മഹാമാരി

കേരളത്തിന്റെ സാംസ്‌കാരികമണ്ഡലങ്ങളിൽ ലഹരി വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. സിനിമാരാഷ്ട്രീയ മേഖലകളിൽ ലഹരി മാഫിയ ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനങ്ങളുടെ പിന്നാമ്പുറ കഥകളും പേടിപ്പെടുത്തുന്ന സംഭവങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്.   യുവതീയുവാക്കളുടെ ഹരമായി മാറിയിട്ടുള്ള സിനിമാമേഖലയിലെ 'ഉന്നതർ' എന്നറിയപ്പെടുന്ന പലരും ലഹരിയുടെ കച്ചവട ഹബ്ബുകളായി മാറിയിരിക്കുന്നത് രാജ്യത്തെ യുവസമൂഹങ്ങളിൽ ലഹരിയുടെ ഉപഭോഗം വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും ലഹരി ഒരു സാധാരണ സംഭവമായി മാറിയിട്ടുണ്ട്.  പുതുതലമുറയിൽ ലഹരിയുടെ സ്വാധീനം അതിഭീകരമാം വിധം വർധിച്ചിരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. മയക്കുമരുന്നിന്റെ മായാലോകത്തിലൂടെയാണ്  പുതുതലമുറ സഞ്ചരിക്കുന്നത്.  14 മുതൽ 30 വരെ പ്രായമുള്ളവർക്കിടയിൽ കഞ്ചാവിന്റേയും ഗുളികകളുടെയും പുകയില ഉൽപന്നങ്ങളുടെയും പുതുയുഗ ലഹരി വസ്തുക്കളുടെയും ദുരുപയോഗം വർധിച്ചിട്ടുണ്ടെന്നാണ് കേരള സർക്കാരിന്റെ എക്‌സൈസ് വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നത്.  സ്‌കൂൾ, കോളജ് പരിസരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ലഹരി മാഫിയകൾ  നിറഞ്ഞാടുകയാണ്. ലഹരിയുടെ പിടിയിലാവുന്നവരിൽ അധികവും പെൺകുട്ടികളടക്കമുള്ള ചെറുപ്രായക്കാരാണ്. ബോധവൽക്കരണപ്രവർത്തനങ്ങളും പോലീസിന്റെയും രക്ഷിതാക്കളുടെയും  'ടോം ആൻഡ് ജെറി' മോഡൽ വേട്ടകളും നിർബാധം നടക്കുന്നുണ്ടെങ്കിലും ലഹരിയുടെ ഉപഭോഗവും കടത്തുകളുമെല്ലാം വർധിച്ചുകൊണ്ടിരിക്കുകയാണ്. പല കുടുംബങ്ങളും അവരുടെ കുട്ടികൾ എത്തിനിൽക്കുന്ന ദുരവസ്ഥയുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുവിടാതെ ലജ്ജ കാരണത്താൽ ഒളിപ്പിച്ചുവെച്ചിരിക്കുകയാണ്. എന്തുചെയ്യാൻ സാധിക്കുമെന്നറിയാതെ നെടുവീർപ്പിടുകയും നൊമ്പരപ്പെടുകയും ചെയ്യുന്ന മാതാപിതാക്കളുടെ എണ്ണം വർധിക്കുകയാണ്.  ഇഹലോക ജീവിതത്തിന്റെ ലക്ഷ്യവും ഉത്തരവാദിത്തവും മനുഷ്യന്റെ സവിശേഷതയും ജീവിതദൗത്യവുമെല്ലാം പഠിപ്പിക്കുകയും ഇഹലോകത്തിന്റെ ക്ഷണികതയും പരലോകത്തിന്റെ അനശ്വരതയുമെല്ലാം യുവസമൂഹങ്ങളെ ബോധ്യപ്പെടുത്തുകയുമാണ് പരിഹാരമായിട്ടുള്ളത്. 

മനുഷ്യൻ ഏറ്റവും ഉത്കൃഷ്ടനായ ജീവിയാണ്. മനുഷ്യന്റെ ഏറ്റവും വലിയ സൗന്ദര്യം ബുദ്ധിയും ചിന്താശേഷിയുമാണ്.  അവ രണ്ടും നഷ്ടപ്പെട്ടാൽ ഇതര ജീവജാലങ്ങളിൽ നിന്നുള്ള അവന്റെ വ്യതിരിക്തതയുടെ അതിർവരമ്പുകൾ നേർത്തില്ലാതാവും. മനുഷ്യന്റെ ഈ സവിശേഷതയെ ഖുർആൻ അഞ്ഞൂറിലധികം തവണ പരാമർശിച്ചിട്ടുണ്ട്. 'നിങ്ങൾ ചിന്തിക്കുന്നില്ലേ?', 'നിങ്ങൾ ആലോചിക്കുന്നില്ലേ?' ഇങ്ങനെ വിവിധ രൂപത്തിൽ അല്ലാഹു മനുഷ്യരോട് ചോദിക്കുന്നുണ്ട്. മനസ്സിനെ ഏറ്റവും നല്ല രൂപത്തിൽ വാർത്തെടുക്കാൻ മനുഷ്യന് സാധിക്കുന്നത് ആലോചനാശക്തിയും ചിന്താശേഷിയും ഒത്തുചേരുമ്പോഴാണ്. തന്നെ സൃഷ്ടിച്ച സ്രഷ്ടാവിനെ കണ്ടെത്താൻ സാധിക്കുന്നതും തന്റെ ജന്മത്തിനു കാരണക്കാരായ മാതാപിതാക്കളോടുള്ള ഉത്തരവാദിത്വം നിർവഹിക്കാൻ കഴിയുന്നതും  ഗുരുക്കന്മാരോടും മുതിർന്നവരോടും ബഹുമാനം കാണിക്കാനും ഭാര്യാസന്താനങ്ങൾക്ക് സ്‌നേഹം പകരാനും അയല്പക്കങ്ങൾ, ബന്ധുമിത്രാദികൾ, നാട്ടുകാർ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളോടുള്ള കടപ്പാടുകൾ പൂർത്തിയാക്കാനും മനുഷ്യന് സാധിക്കുന്നത് ബുദ്ധിയുടെയും ചിന്തയുടെയും ഉപോല്പന്നമായി മനസ്സിൽ തളിരിടുന്ന വിവേചനശക്തിയുടെ പിൻബലത്തോടെയാണ്.  തന്റെ മുമ്പിൽ കൈനീട്ടുന്ന അഗതികൾക്കും അശരണർക്കും എന്തെങ്കിലും നൽകി സഹായിക്കണമെന്ന കരുണയുടെയും സഹാനുഭൂതിയുടെയും വികാരം മനുഷ്യനുണ്ടാകുന്നത് മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത ഈ വിശേഷബുദ്ധിയുടെ  സഹായത്തോടെയാണ്. 

സകല നന്മകൾക്കും പുരോഗനാത്മകമായ കുതിപ്പുകൾക്കും ഹേതുവാകുന്നത് മനുഷ്യന്റെ വിശേഷബുദ്ധിയും ചിന്താശേഷിയുമാണെന്നു ചുരുക്കം. ചിന്തകളെ തളർത്തിക്കിടത്തുകയും വിശേഷബുദ്ധിയെ മരവിപ്പിച്ചു നിർത്തുകയും ചെയ്താൽ നന്മകൾ വറ്റി സ്വന്തത്തെ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് പരിവർത്തിക്കപ്പെട്ട് ക്രമം വിട്ടു പ്രവർത്തിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കും. ക്രമം വിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് അക്രമം എന്നുപറയുന്നത്. മനുഷ്യനെ അക്രമിയാകാൻ പ്രേരിപ്പിക്കുന്നത് അവന്റെ സാമാന്യബുദ്ധിക്ക് രൂപഭേദം സംഭവിക്കുമ്പോഴാണ്.  സ്വതവേ തിന്മയിലേക്ക് ചായ്‌വുള്ള മനുഷ്യന് സാമാന്യബുദ്ധിയെ നിലക്ക് നിർത്താൻ സാധിക്കാതെ വരുമ്പോൾ തിന്മയിലേക്കുള്ള വാതായനങ്ങൾ അലംകൃതമായി തോന്നിത്തുടങ്ങും. അതോടെ മനുഷ്യനന്മക്ക് ഒട്ടും ഗുണമില്ലാത്തതും പുരോഗതിക്കു പകരം അധോഗതിയിലേക്ക് നയിക്കുന്നതുമായ മേഖലകളിലേക്ക് പ്രവേശിച്ചുതുടങ്ങും. മനുഷ്യന് സ്വയം തിരിച്ചറിവ് ഉണ്ടായിത്തീരേണ്ടത് ഇവിടെയാണ്. അവനെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് ഏറ്റവും നല്ല ഘടനയോടെയും കാര്യങ്ങൾ വിവേചിച്ചറിയാനുള്ള ഉത്കൃഷ്ടതാബോധത്തോടെയുമാണ്.

ഒരു മനുഷ്യൻ സദാ കാത്തുസൂക്ഷിക്കേണ്ടത് ഉത്കൃഷ്ടതാബോധമാണ്. ഞാൻ അല്ലാഹുവിന്റെ ഏറ്റവും ഉത്കൃഷ്ട സൃഷ്ടിയാണ്. ഞാൻ മറ്റുള്ളവർക്ക് മാതൃകയാവേണ്ടവനാണ്. ഞാൻ ഉത്തരവാദിത്വമുള്ളവനാണ്. മാതാപിതാക്കൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കേണ്ടവനാണ്. വിവാഹം ചെയ്ത് ഭാര്യയും മക്കളുമായി സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കേണ്ടവനാണ്.  ചുറ്റുപാടുകളിൽ കഷ്ടതകൾ അനുഭവിക്കുന്നവർക്ക് കാരുണ്യത്തിന്റെ സ്പർശനങ്ങൾ നൽകേണ്ടവനാണ്. ഇങ്ങനെയുള്ള ഉത്കൃഷ്ടമായ ചിന്തകൾ മനസ്സിൽ സൂക്ഷിച്ച് ആ ചിന്തകളെ അവയവങ്ങളിലൂടെ പരിലസിപ്പിക്കേണ്ടവനാണ് ഉത്തരവാദിത്തബോധമുള്ള യഥാർത്ഥ മനുഷ്യൻ.  

മനുഷ്യനിൽ അന്തർലീനമായിട്ടുള്ള സ്വഭാവദൂഷ്യങ്ങളെ തിരുത്തുന്നതിന് നല്ല പരിശ്രമവും ക്ഷമയും അവധാനതയും ആവശ്യമാണ്.  വിശ്വാസികളായി എന്നതുകൊണ്ടോ അനുഷ്ഠാനമുറകൾ ദിവസേന ശീലിക്കുന്നവരാണ് എന്നതുകൊണ്ടോ ഒരിക്കലും സ്വഭാവദൂഷ്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കണമെന്നില്ല. വിശ്വാസം ദൈവഭയത്തിലും സമൂഹനന്മയിലും അധിഷ്ഠിതമാകുമ്പോഴാണ് മനസ്സുകളിൽ ഇളക്കം സംഭവിക്കുക. യാന്ത്രികമായ അനുഷ്ഠാനങ്ങൾ മനുഷ്യനെ വിമലീകരിക്കുകയില്ല. മദ്യം എന്ന സാമൂഹികതിന്മയിൽ നിന്നും മാനവരാശിയെ സംരക്ഷിക്കാൻ ഇസ്‌ലാം സമർപ്പിച്ച ആത്മാർത്ഥമായ നിർദ്ദേശങ്ങളും നടപടിക്രമങ്ങളും ലോകം അംഗീകരിച്ചിട്ടുള്ളതാണ്. അവ ക്ഷമാപൂർവം നടപ്പാക്കാൻ വ്യക്തികളും കുടുംബങ്ങളും മഹല്ലുകളും സംഘടനകളും തയ്യാറായാൽ നമ്മുടെ യുവാക്കളെയും പരിസരത്തെയും ലഹരിമുക്തമാക്കാൻ സാധിക്കും. ഇസ്‌ലാം മദ്യം ഒരു സുപ്രഭാതത്തിൽ നിരോധിക്കുകയല്ല ചെയ്തത്, മറിച്ച് ആദ്യം അതിന്റെ ദൂഷ്യങ്ങൾ പറഞ്ഞുകൊടുക്കുകയും പിന്നീട് ആരാധനാവേളകളെപ്പോലെ പാവനമായ സന്ദർഭങ്ങളിൽ പാടില്ലെന്ന് ഉപദേശിക്കുകയും ഒടുവിൽ പൂർണ്ണമായും വിരമിക്കാൻ ആഹ്വാനം ചെയ്യുകയുമാണുണ്ടായത്. അതുകൊണ്ടാണ് മദ്യം നിരോധിച്ചപ്പോൾ ജീവിതത്തിൽ നിന്നും മദ്യത്തെ പൂർണ്ണമായും പിഴുതെറിയാൻ പ്രവാചകാനുയായികൾക്ക് സാധിച്ചതും മദ്യം നിറച്ചുവെച്ച പീപ്പകൾ തച്ചുടച്ച് അവ മദീനയുടെ തെരുവീഥികളിൽ ഒഴുക്കിക്കളയാൻ അവർ തയ്യാറായതും. 'ഞാൻ മക്കയിൽ ഒരു കൊച്ചുകുട്ടിയായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പരലോകത്തിന്റെ ഭയാനതകൾ വിവരിക്കുന്ന ഖുർആനിക വചനങ്ങൾ അവതരിക്കപ്പെട്ടത്. അക്കാലത്ത് 'നിങ്ങൾ മദ്യം ഉപേക്ഷിക്കൂ എന്നവരോട് പറഞ്ഞിരുന്നെങ്കിൽ 'ഞങ്ങൾ മദ്യം ഉപേക്ഷിക്കില്ല' എന്നവർ മറുപടി പറയുമായിരുന്നു. 'പാപികൾക്കുള്ള നിശ്ചിത സന്ദർഭം അന്ത്യനാളാകുന്നു; അത് അത്യന്തം ആപത്കരവും കയ്‌പേറിയതുമാകുന്നു' എന്ന വചനമായിരുന്നു അക്കാലത്തെ ഉൽബോധനങ്ങൾ. അതായിരുന്നു തിന്മകളിൽ നിന്നും മാറിനിൽക്കാൻ അവരെ പ്രേരിപ്പിച്ചത്' എന്ന ആഇശ (റ) യുടെ പ്രസ്താവന തിന്മകളുടെ വിപാടനത്തിന്റെ ഇസ്‌ലാമികരീതിയെയാണ് വിശദീകരിക്കുന്നത്. 

മനുഷ്യന്റെ ചിന്താശേഷിയെ നശിപ്പിച്ച് അധമരിൽ അധമനാക്കുവാനാണ് പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മദ്യം വഴിയും ലഹരി മുഖേനയും പിശാച് ശ്രമിക്കുന്നതും അതിനുവേണ്ടിയാണ്.  സാംസ്‌കാരികമായി മനുഷ്യനെ എങ്ങനെ ദുഷിപ്പിക്കാൻ സാധിക്കുമെന്ന പരിശ്രമം അവൻ നേരത്തെ തുടങ്ങിയതാണ്. അതുകൊണ്ടാണ് ആദമിന്റെയും ഹവ്വയുടെയും നഗ്‌നത പുറത്തുകാണിക്കപ്പെടുന്നതിനു വേണ്ടി അവൻ ആദ്യമായി പരിശ്രമിച്ചത്. ആദമിന്റെ മക്കളിൽ പരസ്പരം അസൂയ ഉണ്ടാക്കി ആദ്യത്തെ കൊലപാതകം ഉണ്ടാക്കിയെടുത്തതും പിശാചിന്റെ പ്രവർത്തനമായിരുന്നു. പിന്നീട് മനുഷ്യജീവിതത്തിലെ വിവിധഘട്ടങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട മുഴുവൻ തിന്മകളുടെയും പിന്നിൽ പിശാച് തന്നെയായിരുന്നു. മനുഷ്യന്റെ മനസ്സിനെ തളർത്തി അവിടെ ലഹരിയുടെയും ഉന്മാദത്തിന്റെയും അവസ്ഥയിലേക്ക് മാറ്റിയെടുക്കാനാണ് അവൻ ശ്രമിക്കുന്നത്. 'മനുഷ്യ മനസ്സുകളിൽ ദുർബോധനം നടത്തി പെട്ടെന്ന് പിന്മാറി രംഗം വിടുന്നവൻ' എന്നാണ് പിശാചിനെ കുറിച്ച് ഖുർആനിന്റെ അവസാന അധ്യായത്തിൽ  പറയുന്നത്. എങ്ങനെയൊക്കെ മനസ്സുകളിൽ കൂടുകെട്ടി മനുഷ്യന്റെ ഉത്കൃഷ്ടതയെ തകർക്കാൻ സാധിക്കുമോ എന്നാണ് അവൻ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അതിനു പിശാച് കണ്ടെത്തിയ മാർഗമാണ് ലഹരി. അതുകൊണ്ടുതന്നെയാണ് പ്രവാചകൻ (സ്വ) ലഹരിയെ തിന്മകളുടെ മാതാവ് എന്ന് വിശേഷിപ്പിച്ചത്. 

വിശുദ്ധ ഖുർആൻ മദ്യം നിരോധിച്ചുകൊണ്ട് പറഞ്ഞു: 'സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജ്ജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം.  മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും പിശാച് ഉദ്ദേശിക്കുന്നത് നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനാണ്. അതോടൊപ്പം അല്ലാഹുവെ ഓർമിക്കുന്നതിൽ നിന്നും നമസ്‌കാരത്തിൽ നിന്നും നിങ്ങളെ തടയുവാനുമാണ്. അതിനാൽ നിങ്ങൾ അവയിൽ നിന്ന് വിരമിക്കുവാനൊരുക്കമുണ്ടോ?' (5:90). കേവലം മദ്യം എന്ന പാനീയം മാത്രമല്ല, മനസ്സിനെ മയക്കിക്കിടത്തുന്ന എന്തും ഇസ്‌ലാം നിരോധിച്ചിട്ടുണ്ട്. 'എല്ലാ ലഹരിയും നിഷിദ്ധമാണ്' എന്ന പ്രവാചകവചനം അതാണ് പഠിപ്പിക്കുന്നത്. മദ്യമോ ലഹരിയോ കഴിക്കുന്നത് മാത്രമല്ല നിഷിദ്ധമാകുന്നത്. അതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും നിഷിദ്ധമാണ്. പ്രവാചകൻ (സ്വ) പറഞ്ഞു: 'മദ്യത്തെയും അത് കഴിക്കുന്നവനെയും  ഉണ്ടാക്കുന്നവനെയും വിൽക്കുന്നവനെയും വാങ്ങുന്നവനെയും പിഴിഞ്ഞെടുക്കുന്നവനെയും പിഴിഞ്ഞെടുക്കാൻ കൊടുക്കുന്നവനെയും അത് വഹിക്കുന്നവനെയും  ആർക്കുവേണ്ടിയാണോ വഹിക്കുന്നത് അവനെയും അതിന്റെ വില കഴിക്കുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു.' (അബൂദാവൂദ്, അഹ്മദ്). രോഗചികിത്സക്കാണെങ്കിൽ പോലും മദ്യം ഉപയോഗിക്കുന്നത് അദ്ദേഹം നിരോധിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. 'മദ്യം രോഗമാണ്. രോഗശമനിയല്ല'. 

മദ്യം എന്നതിന് 'ഖംറ്' എന്ന പദമാണ് ഖുർആൻ ഉപയോഗിച്ചത്.  മനുഷ്യബുദ്ധിയെ മറക്കുന്ന വസ്തു എന്നാണ് അതിന്റെ അർഥം. അതുകൊണ്ടുതന്നെ മനുഷ്യ ബുദ്ധിയെ മറക്കുന്ന ഏതൊരു ലഹരിയും ഖുർആനിന്റെ നിരോധന നിയമത്തിൽ പെടുമെന്ന കാര്യത്തിൽ സംശയമില്ല. മദ്യമാണ് നിരോധിച്ചത്; മയക്കുമരുന്നല്ല എന്ന ന്യായം പറച്ചിലുകൾ അസ്ഥാനത്താണ്.  ഒരു കാര്യം നിരോധിക്കുമ്പോൾ അതിന്റെ കാരണം വ്യക്തമാണെങ്കിൽ അതേ കാരണങ്ങളുള്ള എല്ലാം നിഷിദ്ധമാകുമെന്ന കാര്യത്തിൽ കൂടുതൽ ആലോചിക്കേണ്ടതില്ല.  അബൂമൂസ (റ) പറയുന്നു: മുആദ് ബ്‌നു ജബലിനെ പ്രവാചകൻ യമനിലേക്ക് പറഞ്ഞയച്ചപ്പോൾ ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരെ, ഞങ്ങളുടെ നാട്ടിൽ (അബൂമൂസ യെമനിൽ ജനിച്ച വ്യക്തിയായിരുന്നു) ബാർലിയിൽ നിന്നുണ്ടാക്കുന്ന അൽമിസ്‌റ് എന്നപേരിലും തേനിൽ നിന്നുണ്ടാക്കുന്ന അൽബിത്അ് എന്നപേരിലും രണ്ടു പാനീയങ്ങളുണ്ട്. അവ കുടിക്കാമോ? പ്രവാചകൻ പറഞ്ഞു: 'ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധമാണ്'. (ബുഖാരി, മുസ്‌ലിം). 'കുല്ലു മുസ്‌കിരിൻ ഹറാമുൻ' എന്ന ഈ പ്രവാചകവചനം വളരെ പ്രസിദ്ധമാണ്. ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുള്ള ഹദീസിൽ ഇങ്ങനെ കാണാം: 'എല്ലാ ലഹരിയും ഖംറ് ആണ്. എല്ലാ ലഹരിയും നിഷിദ്ധമാണ്.'  

ഉപദ്രവം വരുത്തുന്ന എന്തും ഇസ്‌ലാമിക വീക്ഷണത്തിൽ കുറ്റകരമാണ്. 'ലാ ളററ വലാ ളിറാറ' എന്ന പ്രവാചകവചനം പ്രസിദ്ധമാണ്. സ്വന്തത്തിനോ അപരർക്കോ ദ്രോഹം ചെയ്യുന്നവനല്ല വിശ്വാസി എന്നതാണതിന്റെ ആശയം. ലഹരി സ്വന്തം നിലക്ക് ഉപദ്രവം വരുത്തുന്നു.  ബുദ്ധി, ആരോഗ്യം, മനസ്, നാഡിവ്യവസ്ഥ, ദഹനവ്യവസ്ഥ എന്നിവയെയെല്ലാം നശിപ്പിക്കുകയും സ്വന്തം അന്തസും മാന്യതയും നഷ്ടപ്പെടുത്തുകയും ചെയ്യുകയാണ് ലഹരി ഉപയോഗത്തിലൂടെ ഒരു മനുഷ്യൻ ചെയ്യുന്നത്. കൂടാതെ കുടുംബപ്രശ്‌നങ്ങൾ, മാതാപിതാക്കളും ഭാര്യാ മക്കളും അനുഭവിക്കുന്ന വിഷമതകൾ, വിവാഹമോചനങ്ങൾ, ജനിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന അംഗവൈകല്യങ്ങൾ, അക്രമപ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ കുടുംബപരവും സാമൂഹികവുമായ പ്രശ്‌നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. 

ബാല്യകൗമാരങ്ങളെ കെണിയിൽ വീഴ്ത്തി നാടിന്റെ ഭാവിയെ അപകടപ്പെടുത്തുകയാണ് ലഹരി സംഘങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. അധോലോകനായകരുടെ കോടികൾ മറിയുന്ന മയക്കുമരുന്ന് വിപണനത്തിന് നമ്മുടെ കുട്ടികൾ വിധേയരായിത്തീരുകയാണ്. കുട്ടികൾക്ക് ലഹരിവസ്തുക്കൾ വിതരണം ചെയ്ത് അവർക്ക് തോക്കും മാരകായുധങ്ങളും ബൈക്കുകളും കാറുകളും നൽകി ലഹരിവസ്തുക്കൾ സ്‌കൂളുകളിലും ക്യാംപസുകളിലും വീടുകളിലും എത്തിച്ച് കോടികൾ സമ്പാദിക്കുകയാണ് ഇക്കൂട്ടർ. പുകയില, കഞ്ചാവ് തുടങ്ങിയവയിൽനിന്നുള്ള വിവിധതരം ഉൽപ്പന്നങ്ങളും മയക്കുഗുളികകളും കുത്തിവയ്പ്പ് മരുന്നുകളുമെല്ലാം അടങ്ങുന്ന ലഹരിയുടെ സാമ്രാജ്യം നമ്മുടെ സങ്കല്പങ്ങൾക്കുമപ്പുറമാണ്. വിദേശങ്ങളിൽ നിന്നും നമ്മുടെ മെട്രോ നഗരങ്ങളിലെത്തുന്ന ലഹരി ഉൽപ്പന്നങ്ങളുടെ വിപണനകേന്ദ്രങ്ങളായി ഇന്ന് നമ്മുടെ കൊച്ചുഗ്രാമങ്ങൾപോലും മാറിയിട്ടുണ്ട്. വിശ്വാസി സമൂഹത്തിൽ നമസ്‌കാരവും മറ്റു ആരാധനകളും നിർവഹിക്കുന്നവരെ പോലും ലഹരി മാഫിയകൾക്ക് സ്വാധീനിക്കാൻ സാധിച്ചിട്ടുണ്ടെന്നു കേൾക്കുമ്പോൾ ഗൗരവം വർധിക്കുകയാണ്. കേരളത്തിലെ ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് നമസ്‌കാരങ്ങൾക്ക് കൃത്യമായി പള്ളിയിലെത്തിയിരുന്ന ഒരു ചെറുപ്പക്കാരന് സംഭവിച്ച  മരണം അയാൾ ലഹരിക്ക് അടിമയായിരുന്നതിനാലായിരുന്നു സംഭവിച്ചതെന്ന് വൈകിയാണ് നാട്ടുകാർ മനസ്സിലാക്കിയത്. കൃത്യമായി പള്ളിയിൽ വന്നിരുന്ന ആളുടെ തിരശീലക്ക് പിറകിൽ ഇങ്ങനെയൊരു കഥയുണ്ടായിരുന്നുവെന്ന് ആരും അറിഞ്ഞിരുന്നില്ല. ലഹരിലോകത്തെ പിടിച്ചുകെട്ടാൻ പ്രവാചകമാതൃകക്ക് മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കി ബോധവൽക്കരണം ശക്തമാക്കുകയും നിയമസംവിധാനങ്ങൾ ഉണർന്നുപ്രവർത്തിക്കുകയും ചെയ്യുക മാത്രമാണ് പരിഹാരം.
 

Latest News