Sorry, you need to enable JavaScript to visit this website.
Sunday , November   29, 2020
Sunday , November   29, 2020

കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ

കരാർ കൃഷി സംവിധാനം ഫലത്തിൽ യഥാർത്ഥത്തിൽ കൃഷി ചെയ്യുന്ന പാട്ടക്കൃഷിക്കാരനെ അവർ തലമുറകളായി കൃഷി ചെയ്തു വന്നിരുന്ന മണ്ണിൽനിന്ന് അകറ്റുകയും ജന്മിമാർക്ക് കോർപറേറ്റുകളുമായി നേരിട്ട് കരാറിൽ ഏർപ്പെടാനുള്ള അവസരവും ഒരുക്കുന്നു. ഫലത്തിൽ ഭൂപരിഷ്‌കരണം ഇനിയും നടന്നിട്ടില്ലാത്ത ഭൂരിപക്ഷം സംസ്ഥാനങ്ങളിലും യഥാർത്ഥ കൃഷിക്കാരനെ അവന്റെ കൃഷിയിടങ്ങളിൽ നിന്നും ആട്ടിപ്പായിക്കാൻ മാത്രമേ ഓർഡിനൻസ് സഹായകമാവൂ. ഫലത്തിൽ കർഷകനെ സഹായിക്കുന്നതിനു പകരം ഇത്തരം ഓർഡിനൻസുകൾ സമൂഹത്തിന്റെ താഴേത്തട്ടിലുള്ള പാവപ്പെട്ട കൃഷിക്കാരേയും കർഷകത്തൊഴിലാളികളേയും മറ്റും കൂടുതൽ ദ്രോഹിക്കുന്ന നിയമങ്ങളായി മാറുകയാണ് എന്നത് കാണാതിരുന്നുകൂടാ. 

പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ച ശേഷം രാജ്യത്തെ കർഷക സംഘടനകൾ കാർഷിക വിപണി സംബന്ധിച്ച മൂന്നു ഓർഡിനൻസുകൾക്കെതിരേ പ്രതിഷേധ സമരം സംഘടിപ്പിക്കുകയുണ്ടായി. ബി.ജെ.പിയുടെ കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ് ഒഴികെ രാജ്യത്തെ ചെറുതും വലുതുമായ കർഷക സംഘടനകൾ എല്ലാം തന്നെ മോഡി സർക്കാരിന്റെ കാർഷിക വിപണി പരിഷ്‌കാരത്തെ എതിർത്ത് രംഗത്തു വന്നിട്ടുണ്ട്. 
അവശ്യവസ്തു നിയമത്തിൽ ഭക്ഷ്യവസ്തുക്കൾ സംഭരിച്ച് സൂക്ഷിക്കുന്നതിൽ നിലവിലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതാണ് ഓർഡിനൻസുകളിൽ ഒന്നാമത്തേത്. കാർഷികോൽപന്ന വിപണന സമിതികൾക്ക് (അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി- എ.പി.എം.സി) ഉണ്ടായിരുന്ന കുത്തക അവസാനിപ്പിക്കുന്നതു സംബന്ധിച്ചാണ് രണ്ടാമത്തെ ഓർഡിനൻസ്.
അതുവഴി ആർക്കും കാർഷിക ഉൽപന്നങ്ങൾ യഥേഷ്ടം വാങ്ങുകയും വിൽക്കുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കും. മൂന്നാമത്തെ ഓർഡിനൻസ് വൻകിട കമ്പനികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും കരാർ കൃഷിക്ക് നിയമ സാധുത നൽകുന്നു. അതുവഴി വിശാലമായ കൃഷിയിടങ്ങൾ സ്വന്തമാക്കാൻ കമ്പനികൾക്ക് കഴിയും. കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മേൽപറഞ്ഞ മൂന്ന് ഓർഡിനൻസുകളും നിലവിൽ വന്നത്. കോവിഡ് പാക്കേജിന്റെ പേരിൽ കൊണ്ടുവന്ന ആ ഓർഡിനൻസുകൾക്ക് യഥാർത്ഥത്തിൽ മഹാമാരിയുമായി യാതൊരു ബന്ധവുമില്ല.
കോവിഡ് മഹാമാരിയുടെ മറവിൽ ഓർഡിനൻസുകൾ കർഷകരിൽ ഉണ്ടാക്കിയേക്കാവുന്ന എതിർപ്പുകളെ നേരിടാമെന്ന കണക്കുകൂട്ടലാണ് മോഡി സർക്കാരിനുള്ളത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഓർഡിനൻസുകൾ നിയമമാക്കും. അതിനുള്ള മൃഗീയ ഭൂരിപക്ഷം ദേശീയ ജനാധിപത്യ സഖ്യത്തിനുണ്ട്. അത് സ്വാഭാവികമായും രാജ്യത്തെ കർഷകരെ കൂടുതൽ ചൂഷണത്തിലേക്കും സാമ്പത്തിക ദുരിതത്തിലേക്കും തള്ളിവിടുമെന്നാണ് കർഷക സംഘടനകൾ ഭയപ്പെടുന്നത്. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയായി ഉയർത്തുമെന്ന മോഡി സർക്കാരിന്റെ വാഗ്ദാനം കേവലം മരീചികയായി മാറുന്ന സാമ്പത്തിക അന്തരീക്ഷത്തിലാണ് രാജ്യത്തെ വൻകിട കോർപറേറ്റുകൾക്ക് കർഷകരെ കൊടിയ ചൂഷണത്തിന് ഇരകളാക്കാൻ മതിയായ നിയമ നിർമാണത്തിന് കേന്ദ്ര സർക്കാർ മുതിരുന്നത്.
മോഡി സർക്കാരിന്റെ ഓർഡിനൻസും നിയമ നിർമാണവും കർഷകർ അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്‌നങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തവയാണ്. പതിറ്റാണ്ടുകളായി ചർച്ച ചെയ്തുവരുന്ന വിഷയങ്ങളാണ് ഓർഡിനൻസിന്റെ രൂപത്തിൽ കോവിഡ് ആശ്വാസ പാക്കേജിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പാർലമെന്റിനെ മറികടക്കാതെ നിയമ നിർമാണം നടത്തുന്നതിനു പകരം ഓർഡിനൻസായും കോവിഡ് അന്തരീക്ഷം നിലനിൽക്കേ നിയമ നിർമാണവും വ്യക്തമായ ലക്ഷ്യത്തോടെയാണ്. കൃഷിയും സംസ്ഥാനങ്ങൾക്ക് അകത്തുള്ള വ്യാപാരവും സംസ്ഥാന വിഷയമായിരിക്കേ സംസ്ഥാനങ്ങളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമായേ ഓർഡിനൻസുകളെയും നിയമ നിർമാണത്തെയും നോക്കിക്കാണാനാവൂ.
ഭക്ഷ്യവസ്തുക്കളുടെ വ്യാപാരം കൺകറന്റ് ലിസ്റ്റിലാണെങ്കിൽ തന്നെയും കാർഷികോൽപന്ന വ്യാപാര സമിതികൾ സംബന്ധിച്ച നിയമ നിർമാണാവകാശം സംസ്ഥാനങ്ങളിൽ നിക്ഷിപ്തമാണ്. മോഡി സർക്കാർ സംസ്ഥാന നിയമ നിർമാണം വഴി രൂപീകരിക്കപ്പെട്ട കാർഷികോൽപന്ന വ്യാപാര സമിതികളെ നിയമ വിരുദ്ധമായി മറികടക്കുകയാണ് ഓർഡിനൻസ് വഴി ചെയ്തിരിക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥയുടെ മറവിൽ സംസ്ഥാന ഗവൺമെന്റുകളുടെ ഭരണഘടനാപരമായ അധികാര അവകാശങ്ങളുടെ മേലുള്ള മറ്റൊരു കടന്നുകയറ്റമായി മാത്രമേ ഈ ഓർഡിനൻസുകളെ കാണാനാവൂ. ഇനി കർഷകരുടെ നന്മയെ ലാക്കാക്കി കാർഷിക രംഗത്ത് മഹത്തായ മാറ്റങ്ങൾ ലക്ഷ്യം വെച്ചായിരുന്നെങ്കിൽ പാർലമെന്റിന്റെയും കർഷകരുടെയും അഭിപ്രായങ്ങൾ ആരാഞ്ഞ് നിയമ നിർമാണത്തിനു മുതിരുകയായിരുന്നു ഉചിതം.
കാർഷിക ഉൽപന്നങ്ങൾ ആർക്കും വാങ്ങാനും വിൽക്കാനും അവസരം ഒരുക്കുക വഴി കർഷകന് നല്ല വില ലഭിക്കുമെന്നാണ് മോഡി സർക്കാരിന്റെ വ്യാഖ്യാനം. നിലവിലുള്ള മാർക്കറ്റിംഗ് സംവിധാനങ്ങൾക്ക് നിരവധി പരിമിതികളുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ പുതിയ ഓർഡിനൻസ് വൻകിട കോർപറേറ്റുകൾക്ക് യഥേഷ്ടം കാർഷിക വിപണിയിൽ ഇടപെടാനും വില നിർണയിക്കാനും അവസരം നൽകുന്നു. അസംഘടിത കർഷകനെ സംഘടിത കോർപറേറ്റുകൾക്ക് ഫലത്തിൽ എറിഞ്ഞുകൊടുക്കുകയാണ് ഈ ഓർഡിനൻസുകൾ. കരാർ കൃഷി സംവിധാനം ഫലത്തിൽ യഥാർത്ഥത്തിൽ കൃഷി ചെയ്യുന്ന പാട്ടക്കൃഷിക്കാരനെ അവർ തലമുറകളായി കൃഷി ചെയ്തു വന്നിരുന്ന മണ്ണിൽനിന്ന് അകറ്റുകയും ജന്മിമാർക്ക് കോർപറേറ്റുകളുമായി നേരിട്ട് കരാറിൽ ഏർപ്പെടാനുള്ള അവസരവും ഒരുക്കുന്നു. 
ഫലത്തിൽ ഭൂപരിഷ്‌കരണം ഇനിയും നടന്നിട്ടില്ലാത്ത ഭൂരിപക്ഷം സംസ്ഥാനങ്ങളിലും യഥാർത്ഥ കൃഷിക്കാരനെ അവന്റെ കൃഷിയിടങ്ങളിൽ നിന്നും ആട്ടിപ്പായിക്കാൻ മാത്രമേ ഓർഡിനൻസ് സഹായകമാവൂ. ഫലത്തിൽ കർഷകനെ സഹായിക്കുന്നതിനു പകരം ഇത്തരം ഓർഡിനൻസുകൾ സമൂഹത്തിന്റെ താഴേത്തട്ടിലുള്ള പാവപ്പെട്ട കൃഷിക്കാരേയും കർഷകത്തൊഴിലാളികളേയും മറ്റും കൂടുതൽ ദ്രോഹിക്കുന്ന നിയമങ്ങളായി മാറുകയാണ് എന്നത് കാണാതിരുന്നുകൂടാ. 

Latest News