തിരുവനന്തപുരം - സ്വർണക്കടത്ത് കേസ് വർഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നതിനെ ചെറുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് ആവശ്യപ്പെട്ടു. കേസ് വസ്തുനിഷ്ഠമായി അന്വേഷിച്ച് അതിലെ പ്രതികൾക്കും അവരെ സഹായിച്ചവർക്കും ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യണം. കടത്ത് സംഘാംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസും ഉന്നത ഉദ്യോഗസ്ഥൻമാരുമായുമുള്ള ബന്ധം ഗൗരവതരമാണ്. ആരോപണ വിധേയനായ പ്രിൻസിപ്പൽ സെക്രട്ടറിയെയും ഐ.ടി ഫെലോയെയും പദവിയിൽ നിന്ന് മാറ്റി നിർത്തിയത് പോലെ മുഖ്യമന്ത്രിയും മന്ത്രി കെ.ടി. ജലീലും സ്ഥാനം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണം.
എന്നാൽ അന്വേഷണത്തിന്റെ ഇപ്പോഴത്തെ പോക്ക് സ്വർണക്കടത്തിലെ പ്രതികളെ കണ്ടെത്തുന്നതിന് പകരം സ്വർണക്കടത്ത് കേസ് ഉപയോഗിച്ച് ബി.ജെ.പിക്ക് കേരളത്തിൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് എന്ന കാര്യത്തിൽ തർക്കമില്ല. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട് ആദരിച്ച് കൊണ്ടു വന്ന എൻ.ഐ.എ, കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എന്നിവ സ്വർണവും കടത്തും എല്ലാം വിട്ട് അന്വേഷണം ഖുർആൻ എന്നതിലേക്ക് ചുരുക്കിയിരിക്കുകയാണ്. ഇതിന് കൃത്യമായ ലക്ഷ്യം ഉണ്ട്. കേരളത്തിൽ മത സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് അതിൽ നിന്ന് സംഘ്പരിവാറിന് ആവശ്യമായ രാഷ്ട്രീയ ഊർജ്ജം സൃഷ്ടിച്ച് നൽകുക എന്നതാണത്. ബി.ജെ.പി ഇപ്പോൾ കാണിക്കുന്ന അമിതാവേശത്തിൽനിന്ന് ഇത് വ്യക്തവുമാണ്.
കേസ് അന്വേഷണത്തിന്റെ ഗതി മാറ്റിവിടാൻ സത്യവിരുദ്ധമായ പ്രസ്താവന നടത്തിയ കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പാർട്ടിക്ക് ഈ സമരം നടത്താൻ ഒരു ധാർമ്മികാവകാശവുമില്ല. പ്രധാന പ്രതികളിലൊരാളെ മൊഴി പഠിപ്പിച്ച് കൊടുത്തത് സംഘ്പരിവാർ ചാനലിന്റെ മേധാവിയായിരുന്നു. എന്തിനായിരുന്നു ആ വിദ്യാഭ്യാസം നൽകിയതെന്നും ആരെ രക്ഷിക്കാനായിരുന്നുവെന്നതും പുറത്ത് വരേണ്ട വസ്തുതകളാണ്. കടത്ത് സംഘത്തിലെ ഒരു പ്രധാനി സംഘ്പരിവാറുകാരനുമാണ്.
അതെല്ലാം മറച്ച് വെച്ച് ഖുർആൻ, ഖുർആൻ എന്ന് വിളിച്ച് പറഞ്ഞ് ഉൽസവപ്പറമ്പിലെ കളളനെ പോലെ സംഘ് പരിവാർ നടത്തുന്ന പാച്ചിൽ എങ്ങോട്ടാണ് എന്ന് കേരളം മനസ്സിലാക്കണമെന്ന് ഷഫീഖ് പറഞ്ഞു.






