വാഷിങ്ടണ്‍- യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ച് മുന്‍ മോഡല്‍ രംഗത്തെത്തി. റിയല്‍ എസ്റ്റേറ്റ് വ്യവസായ പ്രമുഖനായിരിക്കെ രണ്ടു പതിറ്റാണ്ടു മുമ്പ് ന്യൂയോര്‍ക്കില്‍ യുഎസ് ഓപണ്‍ നടക്കുന്ന വേളയില്‍ ഗാലറിയിലെ വിഐപി ബോക്‌സില്‍ വച്ചാണ് ട്രംപ് തന്നെ പീഡിപ്പിച്ചതെന്ന് മുന്‍ മോഡലായ അമി ഡോറിസ് ദി ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ട്രംപ് തന്നെ അമര്‍ത്തിപ്പിടിക്കുകയും മാറിടത്തും നിതംബത്ത്ിലും മറ്റെല്ലായിടത്തും കയ്യോടിച്ചെന്നും ഡോറിസ് ആരോപിച്ചു. രക്ഷപ്പെടാന്‍ കഴിയാത്തത്ര ശക്തിയോടെയാണ് തന്നെ പിടിച്ചുനിര്‍ത്തിയതെന്നും അവര്‍ പറയുന്നു. ട്രംപിന് അന്ന് 51 വയസ്സായിരുന്നു. രണ്ടാംഭാര്യ മാര്‍ല മാപ്ള്‍സിനൊപ്പം ജീവിക്കുന്ന കാലമായിരുന്നു. ഡോറിസിന് 24 വയസ്സും. 1997 സെപ്റ്റംബര്‍ അഞ്ചിനു ഉണ്ടായ ഈ സംഭവത്തില്‍ ഡോറിസ് പരാതിപ്പെട്ടിരുന്നില്ല.
ഈ ആരോപണം ട്രംപിന്റെ അഭിഭാഷകര്‍ തള്ളിക്കളഞ്ഞു. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും ഡോറിസിന്റെ വിവരണം സംബന്ധിച്ച് പല ചോദ്യങ്ങളുന്നയിച്ചെന്നും ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്യുന്നു. യുഎസ് ഓപണ്‍ നടക്കുന്ന പൊതു വേദിയില്‍ വച്ചാണ് ഇതു സംഭവിച്ചതെങ്കില്‍ ദൃക്‌സാക്ഷികള്‍ ഉണ്ടായിരിക്കേണ്ടതാണ്. ഇങ്ങനെ നടന്നിട്ടും പിന്നീടും ഡോറിസ് ട്രംപിനെ കാണുന്നത് തുടര്‍ന്നത് എന്തു കൊണ്ടാണെന്നും അവര്‍ ചോദിക്കുന്നു.
2016ല്‍ ട്രംപ് ആദ്യമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി രംഗത്തു വന്നപ്പോല്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത് ആലോചിച്ചിരുന്നെന്നും എന്നാല്‍ ട്രംപ് കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭയന്ന് അതില്‍ നിന്നും പിന്മാറിയെന്നും ഡോറിസ് പറയുന്നു. 'എന്റെ രണ്ടു പെണ്‍മക്കള്‍ക്കു 13 വയസ്സ് തികയാനിരിക്കുകയാണ്. അനാവശ്യമായി എന്തെങ്കിലും ചെയ്യാന്‍ ആരേയും അനുവദിക്കരുതെന്ന് അവരെ പഠിപ്പിക്കണം. അസ്വീകാര്യമായത് സംഭവിച്ചപ്പോള്‍ ഞാന്‍ പ്രതിരോധിച്ചുവെന്നും മിണ്ടാതിരുന്നില്ലെന്നും അവര്‍ അറിയണം,' അമി ഡോറിസ് പറഞ്ഞു.






