Sorry, you need to enable JavaScript to visit this website.

കാലാവസ്ഥാ വ്യതിയാനം:  ഫേസ്ബുക്കിൽ പുതിയ ഇൻഫർമേഷൻ സെന്റർ 

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ബോധവൽക്കരണവുമായി ഫേസ് ബുക്ക്.  കാലവസ്ഥാ വ്യതിയാനം യാഥാർഥ്യമാണെന്നും അതുകൊണ്ടാണ് അതിനെതിരായ പോരാട്ടം ശക്തമാക്കുന്നതെന്നും ഫേസ് ബുക്ക് ന്യൂസ് റൂം പോസ്റ്റിൽ പറയുന്നു. ഇതിന്റെ ഭാഗമായാണ് ക്ലൈമറ്റ് ഇൻഫർമേഷൻ സെന്റർ ആരംഭിച്ചിരിക്കുന്നത്. ലോകത്തെ പ്രമുഖ കാലാവസ്ഥാ വിദഗ്ധരിൽനിന്നുള്ള ശാസ്ത്രീയ വിവരങ്ങളാണ് സെന്ററിൽ ലഭ്യമാക്കുക. 200 കോടി ആളുകൾക്ക് ആധികാരിക കേന്ദ്രങ്ങളിൽനിന്ന് കോവിഡ് മഹാമാരി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയ ശേഷമാണ് ഫേസ് ബുക്ക് കാലാവസ്ഥാ വ്യതിയാന വിഷയത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിന്റെ കാലാവസ്ഥാ വ്യതിയാന വിവര കേന്ദ്രം ഫ്രാൻസ്, ജർമനി, യു.കെ, യു.എസ് എന്നിവിടങ്ങളിൽ ആരംഭിച്ചു. ഇത് ഉടൻ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കും.


യു.എൻ എൻവയോൺമെന്റ് പ്രോഗ്രാം (യു.എൻ.ഇ.പി), നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷൻ (എൻ.എ.എ.എ.എ), ലോക കാലാവസ്ഥാ ഓർഗനൈസേഷൻ (ഡബ്ല്യൂ.എം.ഒ) തുടങ്ങിയ സംഘടനകളിൽ നിന്നുള്ള വിവരങ്ങളും കണക്കുകളും ഡാറ്റയും കാലാവസ്ഥാ കേന്ദ്രത്തിൽ ഉൾപ്പെടുത്തുമെന്ന് ഫേസ് ബുക്ക് സി.ഇ.ഒ സക്കർബർഗ് പറഞ്ഞു. പുതിയ കേന്ദ്രം  കാലാവസ്ഥാ ശാസ്ത്ര വാർത്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും  ദൈനംദിന ജീവിതത്തിൽ നിങ്ങൾക്ക് ചെയ്യാവുന്ന പരിപാടികളും നിർദേശങ്ങളും ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 
വരും വർഷങ്ങളിൽ ഹരിതഗൃഹ വാതകം കുറയ്ക്കുന്നതിനായി ഫലപ്രദമായ പദ്ധതികളും ഫേസ് ബുക്ക് വെളിപ്പെടുത്തിയിട്ടുണ്ട്. ഗ്രിഡിലേക്ക് കൂടുതൽ പുനരുപയോഗ ഊർജം ചേർത്തുകൊണ്ട് കമ്പനി ഈ വർഷം ഹരിതഗൃഹ വാതകം പൂർണമായും ഇല്ലാതാക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 100 ശതമാനം പുനരുപയോഗ ഊർജത്തെ പിന്തുണക്കും. 2019 ൽ 86 ശതമാനം പുനരുപയോഗ ഊർജം നേടിയെന്ന് ഫേസ് ബുക്ക് അതിന്റെ ആദ്യത്തെ സുസ്ഥിര റിപ്പോർട്ടിൽ പറയുന്നു.   100 ശതമാനം പുനരുപയോഗ ഊർജം ഉപയോഗിച്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. 


 

Latest News