Sorry, you need to enable JavaScript to visit this website.
Thursday , October   29, 2020
Thursday , October   29, 2020

ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ

ദേശീയ രാഷ്ട്രീയം ഏറെ പ്രക്ഷുബ്ധമായി തുടരുകയാണ്. പാർലമെന്റ് സമ്മേളനം ആരംഭിച്ചു കഴിഞ്ഞു. ഏറെ നാൾ നീണ്ടുനിൽക്കുന്ന ഒന്നല്ല ഇത്. കോവിഡ് മഹാമാരി നിയന്ത്രണങ്ങൾ അതിജീവിച്ച് പടരുകയാണ്. ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയാൽ അത്ഭുതമില്ല. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
ലോക ജനത മുഴുവൻ ഈ വിപത്ത് മറികടക്കാൻ പ്രാപ്തരാവട്ടെ. പാർലമെന്റ് സമ്മേളനം ഭരണഘടനാപരമായ ബാധ്യത നിറവേറ്റാൻ മാത്രം ചേരുകയാണ്. എങ്കിലും ഈ സർക്കാർ അവർക്ക് അത്യാവശ്യമുള്ള നിയമങ്ങൾ ഈ സമ്മേളനത്തിൽ ചുട്ടെടുക്കും.  പ്രധാനപ്പെട്ട ബില്ലുകൾ പോലും വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പാസായിപ്പോകുന്ന സ്ഥിതി വിശേഷം നിലനിൽക്കുന്നു. നിയമ നിർമാണ സഭകളിലെ ഓരോ അംഗവും ഇന്നു വെറും ഒരു അക്കമായിത്തീർന്നു. കൂട്ടുവാനോ കുറക്കാനോ  ഉതകുന്ന വെറും സംഖ്യാ മൂല്യം മാത്രമാണ് അവർക്ക് ഉള്ളത്. 
ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ അധികവും നടന്നു വരുന്ന ജനവിരുദ്ധ ഭരണത്തെയോ, കേന്ദ്ര മന്ത്രിസഭയുടെ നിലപാടുകളെയോ ചോദ്യം ചെയ്യാനുള്ള  മതേതര ശക്തികളുടെ ശേഷി ഓരോ ദിവസവും ക്ഷയിച്ചു വരുന്നതായി കാണപ്പെടുന്നു. ഇതു ശരാശരി ഇന്ത്യക്കാരനെ ആശങ്കയിലാക്കുന്നു. പൗരാവകാശ ധ്വംസനങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു നടന്ന പ്രക്ഷോഭങ്ങൾ രാജ്യമാകെ പടർന്നു പിടിക്കുകയും വിദ്യാർഥികളും യുവാക്കളും അതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തപ്പോൾ, രാഷ്ട്രീയം കലങ്ങി മറിഞ്ഞു. അതിനെ എതിർക്കാൻ ഒരു വിഭാഗം രംഗത്തു വന്നു.
ദൽഹിയിൽ കലാപം ഉണ്ടായി. അപ്പോഴും മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ സമരം നേരിട്ടു ഏറ്റെടുക്കുകയോ നയിക്കുകയോ ചെയ്തില്ല. സർക്കാർ സംവിധാനങ്ങൾ സ്വാഭാവികമായും വിദ്യാർഥി യുവജന സമരങ്ങൾ  അടിച്ചമർത്താൻ ശ്രമിച്ചു. കോവിഡും ലോക്ഡൗണും എല്ലാത്തിനും താൽക്കാലികമായ അന്ത്യം കുറിച്ചു. അല്ലെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നത് പ്രവചനാതീതമാണ്. മഹാമാരി കാരണം പ്രക്ഷോഭങ്ങൾ നിലച്ചു. അതുകൊണ്ട് തന്നെ സർക്കാർ ശാന്തമായി അവരുടെ നയവും പരിപാടികളും നടപ്പിലാക്കി മുന്നോട്ടു പോവുന്നു. കാര്യമായ എതിർപ്പുകൾ  ഒരു കക്ഷിയും ഉയർത്തുന്നില്ല. ഈ ഉദാസീനത മതേതര ജനാധിപത്യ കക്ഷികളുടെ ദൗർബല്യവും ഭരിക്കുന്നവരുടെ ശക്തിയുമാണല്ലോ. ഭരണഘടനാ സംരക്ഷണം, ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ ആവശ്യമായ കാര്യങ്ങൾ, ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ, എല്ലാം ഇനി പാർലമെന്റ്, അസംബ്ലി തുടങ്ങിയ വേദികളിലൂടെ ഉയർത്താൻ മാത്രമേ കഴിയുകയുള്ളൂ. മറ്റു സാധ്യതകൾ ബന്ധപ്പെട്ടവർ പരിശോധിച്ചതായി അറിവില്ല.  പൗരാവകാശ സമരങ്ങൾക്ക് പിന്തുണ നൽകിയ പാർട്ടികൾ ആ കടമ നിറവേറ്റാൻ വഴി കാണണം. ജനപ്രതിനിധികൾക്കു മാത്രമേ അതിനു കഴിയൂ.
അനുദിനം തകർന്നു വരുന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കണം. കോർപറേറ്റുകൾക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും ജനങ്ങളുടെ ദൈനംദിന ജീവിതാവശ്യങ്ങൾക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന നയം മാറ്റാൻ പാർലമെന്റ് വേദിയെ പ്രയോജനപ്പെടുത്തണം. കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി കുറക്കണം. തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. തൊഴിൽ രഹിതരായ യുവതീ യുവാക്കളുടെ പട്ടാളം പെരുകി വരുന്നതു ചെറുത്തു തോൽപിക്കേണ്ടുന്ന ഒരു പ്രവണതയാണ്. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, ആദിവാസികൾ, പട്ടികജാതി പട്ടികവർഗക്കാർ, കർഷക തൊഴിലാളികൾ, കൃഷിക്കാർ, വിദ്യാർഥികൾ, സർക്കാർ അർധ സർക്കാർ ജീവനക്കാർ, ബാങ്കിംഗ്, ഇൻഷുറൻസ്, റെയിൽവേ, പോസ്റ്റൽ ജീവനക്കാർ, അധ്യാപകർ, ചെറുകിട കച്ചവടക്കാർ, ചെറുകിട വ്യവസായികൾ, കരകൗശല തൊഴിലാളികൾ, കുടിൽ വ്യവസായ മേഖലയിൽ പെട്ടവർ, നെയ്ത്തുകാർ, ന്യൂനപക്ഷങ്ങൾ, പിന്നോക്ക ജനവിഭാഗങ്ങൾ, ഖനി തൊഴിലാളികൾ, കലാസാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്നവർ, ക്ഷേത്രങ്ങളിലും വിവിധ ആരാധനാലയ ങ്ങളിലും ജോലി ചെയ്യുന്നവർ തുടങ്ങി കോടാനുകോടി ഇന്ത്യക്കാരുടെ ജീവിതം ദുസ്സഹമായി ക്കഴിഞ്ഞു.  അത്തരക്കാരുടെ വിഷയങ്ങൾ ഏറ്റെടുക്കാൻ ഇന്ത്യയിൽ ഇന്നു പറയത്തക്ക വിധം ആരുമില്ല. 
പ്രതിപക്ഷ കക്ഷികൾ, പാർലമെന്റും നിയമ സഭകളും അതിനായി പ്രയോജനപ്പെടുത്തണം. ചൈന ഇന്ത്യ യുമായി സംഘർഷത്തിലേർപ്പെടാൻ ആഗ്രഹിക്കുന്ന പോലെ തോന്നുന്നു. ഇന്ത്യ ആഗ്രഹിക്കുന്നത്,   സമാധാനപരമായ സഹവർത്തിത്വമാണ്. ചൈനയും പാക്കിസ്ഥാനും വിശ്വസിക്കുവാൻ കൊള്ളാവുന്ന  അയൽക്കാരല്ല. ഇതു പണ്ടേ നാം അനുഭവത്തിൽ നിന്ന്  അറിഞ്ഞതാണ്. ഇന്ത്യ എന്നും സമാധാനം ഉയർത്തിപ്പിടിച്ചു വരുന്ന രാജ്യമാണ്. എങ്കിലും ഇപ്പോൾ നമ്മെ ഒരു യുദ്ധത്തിലേക്കു വലിച്ചിഴക്കാൻ ചൈന ആഗ്രഹിക്കുന്നുവെങ്കിൽ ആ സാഹചര്യം കൈകാര്യം ചെയ്യാൻ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നിൽക്കണം. മോഡി സർക്കാരിനെ  ജനപക്ഷത്ത് നിർത്താൻ, പാർലമെന്റിനകത്തും പുറത്തും നടത്തുന്ന പോരാട്ടം, അതിനു തടസ്സമല്ല. ജനതാൽപര്യവും രാഷ്ട്ര താൽപര്യവും ആരോഗ്യകരമായി സമന്വയിപ്പിക്കാൻ, പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ മിടുക്ക് കാണിക്കേണ്ടുന്ന സമയമാണിത്. വിവിധ പാർട്ടികൾ നേരിടുന്ന ആഭ്യന്തര സംഘർഷങ്ങൾ, സമാന ചിന്തകൾ പങ്കുവെക്കാൻ കഴിയുന്ന ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കൂടെ നിർത്തി മുന്നോട്ടു നയിക്കുന്നതിൽ വരുന്ന വീഴ്ചകൾ, വ്യത്യസ്തമായ ആശയങ്ങളെയും ആളുകളെയും പൊതു താൽപര്യത്തിനു വേണ്ടിയാണെങ്കിലും ഉൾക്കൊള്ളാനുള്ള വിമുഖത, തങ്ങളുടെ എതിരാളികളുടെ ആശയങ്ങളും ശാക്തിക ബലാബലവും വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിൽ സംഭവിക്കുന്ന പാളിച്ചകൾ, ലക്ഷ്യം നിർണയിക്കൽ, ബന്ധുക്കളെ തിരിച്ചറിയൽ, മാർഗം മനസ്സിലാക്കൽ ഇവയെല്ലാം അർഹമായ അളവിൽ പ്രയോഗത്തിൽ വരുത്താൻ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾക്ക് കഴിയുമെന്ന് ഉറപ്പു വേണം. മത രാഷ്ട്രീയത്തിലും വർഗീയതയിലും ഊന്നിയ ഭരണം ജനങ്ങളുടെ വിഭജനം എളുപ്പമാക്കും. ആഹാരം. വസ്ത്രം. 
പാർപ്പിടം, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനപരമായ ജീവിതാവശ്യങ്ങൾ അതോടെ ജനം വിസ്മരിക്കും. മഹാ ഭൂരിപക്ഷം വരുന്ന ദരിദ്ര ജനതയും കൃഷിക്കാരും തൊഴിലാളികളുമൊക്കെ ഹിന്ദുവും മുസൽമാനും സവർണനും അവർണനുമായി വേർപിരിയും. ഏറെക്കുറെ അതു നടന്നു കഴിഞ്ഞു.  തെരഞ്ഞെടുപ്പ് കാലത്ത് മതത്തിനും ജാതിക്കും  പാർട്ടിക്കും ചിലപ്പോൾ അന്നത്തെ അന്നത്തിനും ഇത്തിരി കാശിനും ഒരു കടപ്പാട് തീർക്കാനും  വോട്ടു ചെയ്യുന്നവരായി പൗരന്മാർ മാറി. സ്വന്തം സുരക്ഷ, വ്യക്തി സ്വാതന്ത്ര്യം, പ്രാഥമിക ജീവിതാവശ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ അവർ ആലോചിക്കുന്നതേയില്ല. 
രാഷ്ട്രീയമോ ചരിത്രമോ ഭാവിയോ  മനുഷ്യാവകാശങ്ങളൊ ആദർശങ്ങളോ അവർക്ക് അന്യമാണ്. ഈ സാധ്യത നന്നായി മനസ്സിലാക്കിയവരാണ് നാടു ഭരിക്കുന്നത്. കോർപറേറ്റുകളും തീവ്ര വലതുപക്ഷ ശക്തികളും ഈ സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. സർക്കാർ കൂടുതൽ കടപ്പാട് കാണിക്കുന്നതും അവരോടാണ്. ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്ന ഭരണ നടപടികൾ ഈ സർക്കാർ ഇതുവരെ എടുത്തു കണ്ടില്ല. 
വർഗീയതയെ ചെറുക്കുന്നതോടൊപ്പം, മതേതര ശക്തികൾ മുഴുവൻ  ജനങ്ങളുടെയും മെച്ചപ്പെട്ട ജീവിത അവസ്ഥക്കു വേണ്ടിയുള്ള സമരങ്ങൾ അതിനോടു കൂട്ടിയിണക്കണം. സംസ്ഥാനങ്ങളിൽ കൈവരിക്കുന്ന നേട്ടങ്ങൾ അരക്കിട്ടുറപ്പിക്കാൻ  ദേശീയ രാഷ്ട്രീയം സംശുദ്ധമാകണം. വലതുപക്ഷ വ്യതിയാനങ്ങൾ തിരുത്തണം. ഇന്ത്യയിൽ ഇന്നു നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കാര്യമായ ഒരു പരിവർത്തനത്തിന്റെ ലക്ഷണമൊന്നും ഇതുവരെ കാണിച്ചിട്ടില്ല. മതേതര ചേരിയിലെ പടല പിണക്കങ്ങളും തർക്കങ്ങളും പലപ്പോഴും തീപ്പൊരി പാറുന്ന വിധം വളർന്നു വികസിക്കുമ്പോൾ പൊതുശത്രുവായ ജന ശത്രുക്കൾക്കെതിരെ നടക്കുന്ന പോരാട്ടങ്ങൾക്ക് ഒട്ടും മൂർച്ച പോരാ. 
ഒരു രാഷ്ട്രീയ മാറ്റം എങ്കിലും  ലക്ഷ്യം വെച്ചുകൊണ്ട് ജനപങ്കാളിത്തമുള്ള   പ്രവർത്തനങ്ങളോ പ്രക്ഷോഭങ്ങളോ, ജനാധിപത്യ ശക്തികളുടെ ആസൂത്രണത്തിന്റെ അജണ്ടയിൽ പോലും വന്നു കാണുന്നില്ല. നയപരമായി ജനപക്ഷത്തോട്  ആഭിമുഖ്യം പുലർത്തുന്ന ഒരു ദിശാ മാറ്റം എങ്കിലും പ്രതീക്ഷിക്കുവാൻ വകയും കാണുന്നില്ല. ജനാധിപത്യ മതേതര പുരോഗമന പ്രസ്ഥാനങ്ങളും തൊഴിലാളി പ്രസ്ഥാനങ്ങളും  ക്ഷീണിതാവസ്ഥയിലാണ്. ശക്തിയും ദിശാബോധവും ജനപിന്തുണയും വിശ്വാസ്യതയും ഉള്ള മികച്ച നേതാക്കളുടെ അഭാവവും ഏറെ വ്യക്തമാണ്. ആത്മവിശ്വാസവും പ്രത്യാശയും പ്രഹര ശേഷിയും ജനങ്ങളിൽ പകരാൻ ബന്ധപ്പെട്ട പ്രസ്ഥാനങ്ങൾക്ക് കഴിയുന്നില്ല. ആശയപരമായ പാപ്പരത്വവും സംഘടനാപരമായ ജീർണതയും  മിക്കവാറും കക്ഷികളെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. ഈ ഭരണത്തിൽ ജനം തീർത്തും അസംതൃപ്തരും അസ്വസ്ഥരുമായിത്തീരുന്ന ഒരു നാൾ  വന്നേക്കാം. ജനങ്ങൾ ധാർമിക രോഷത്താൽ  ഭരിക്കുന്നവർക്കെതിരെ തിരിയുന്നത് പലയിടത്തും കണ്ടതാണ്. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ മിക്കതിലും അതാണ് സംഭവിച്ചത്. പക്ഷേ അതു സംഭവിക്കാൻ നാൽപതു മുതൽ എഴുപത്തഞ്ചു വർഷങ്ങൾ വരെ അവിടത്തുകാർ കാത്തിരിക്കേണ്ടി വന്നു.
എല്ലായിടത്തും അതു തന്നെ ആവർത്തിച്ചു കൊള്ളണമെന്നില്ല. സ്വാഭാവികമായും അതിന്റെ ഗുണ ഭോക്താക്കളാകാൻ അന്നു അവശേഷിക്കുന്ന പാർട്ടികൾക്ക് കഴിഞ്ഞേക്കാം. സർക്കാർ വിരുദ്ധ ജനമുന്നേറ്റം പുതിയൊരു പാർട്ടിയുടെയും നേതാവിന്റെയും വരവേൽപിനും വഴിയൊരുക്കാം.

Latest News