Sorry, you need to enable JavaScript to visit this website.

ഇന്ത്യയെ തകർത്ത കോവിഡ് 

പത്ത് വർഷം മുമ്പ് ചൈനയുമായി മത്സരിച്ച് ലോകത്തെ തലയെടുപ്പുള്ള സാമ്പത്തിക ശക്തിയാവാൻ മത്സരിക്കുകയായിരുന്നു ഇന്ത്യ. ഷാങ്ഹായിയോട് കിടപിടിക്കുന്ന വിധത്തിൽ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ മഹാനഗരത്തെ മാറ്റിയെടുക്കാൻ ഭരണാധികാരികൾ പദ്ധതികൾ ആസൂത്രണം ചെയ്തു. നവി മുംബൈയെ ഉപഗ്രഹ നഗരമായി വളർത്തിയതും മെട്രോ, മോണോ റെയിലുകൾ തിരക്കിട്ട് പണിയുമ്പോഴും നമ്മുടെ സ്വപ്‌നം ആഗോള സാമ്പത്തിക ശക്തിയെന്നതായിരുന്നു. 
കോവിഡ്19 വ്യാപനം സമ്പന്ന രാഷ്ട്രങ്ങളെ പോലും ബാധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ കൊറോണ വ്യാനത്തിന് മുമ്പും സ്ഥിതി അത്ര മെച്ചമായിരുന്നില്ലെന്നതാണ് യാഥാർഥ്യം. 
ഇന്ത്യയുടെ ജിഡിപി നിരക്ക് സർവകാല താഴ്ചയിലെത്തിയത് നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു.  ഇത് അടുത്തൊന്നും നേരെയാവുമെന്ന പ്രതീക്ഷയുമില്ല. ഇന്ത്യ ആഭ്യന്തരമായി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്മാണ്. ഇന്ത്യൻ വിപണിയിൽ ചെലവഴിക്കൽ വർധിക്കണമെങ്കിൽ ജനങ്ങൾക്ക് തൊഴിൽ അത്യാവശ്യമാണ്. അതിലൂടെ മാത്രമേ നേരിട്ട് ജനങ്ങളിലേക്ക് പണമെത്തുകയുള്ളൂ. അതുകൊണ്ട് മാത്രമേ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയും അവസാനിക്കൂ. സർക്കാർ ചെലവ് ചെയ്യുന്നത് കൂട്ടി സാർവത്രിക പണലഭ്യത ഉറപ്പ് വരുത്തേണ്ടതുണ്ട്. 
ഇന്ത്യയിൽ തൊഴിൽ തേടുന്നവരുടെയും തൊഴിൽ നൽകുന്നവരുടെ എണ്ണം വളരെ കുറഞ്ഞതിനാൽ ഇനിയുള്ള വർഷങ്ങളിലും പ്രതിസന്ധി തുടരാനാണ് സാധ്യത.  ഒരു വർഷത്തിനുള്ളിൽ ഒരു കോടി തൊഴിലവസരം ഇന്ത്യയിൽ സൃഷ്ടിക്കേണ്ടതുണ്ട്. അതിനുള്ള മാന്ത്രിക വടി ആരുടെ പക്കലാണുള്ളത്?   ഈ സാമ്പത്തിക വർഷത്തിൽ ഈ ലക്ഷ്യം കൈവരിക്കുന്നതിനൊപ്പം തൊഴിൽ നഷ്ടം ഇല്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. അതായത്  നാലരക്കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണം.  ഇന്ത്യയിൽ ആകെ 40.7 കോടി പേർക്കാണ് തൊഴിലുള്ളത്. 
ഇന്ത്യക്ക് സ്ഥിരമായി 13 ശതമാനം ജിഡിപിയാണ് ഹ്രസ്വകാല കാലയളവിൽ നഷ്ടമാകാൻ പോകുന്നത്. ഏഷ്യാ പസഫിക് മേഖലയിലെ മറ്റു രാജ്യങ്ങളിൽ ഇത് മൂന്ന് ശതമാനമാണ്.  ഇന്ത്യ നേരിടുന്ന  ദുരന്തത്തിന്റെ വ്യാപ്തി ഇതിൽ വ്യക്തമാണ്.  അവധി കാലങ്ങളും ആഘോഷങ്ങളും ഇല്ലാതിരുന്നത് വിപണിയെ സാരമായി ബാധിച്ചു. ഇതിന്റെ പ്രതിഫലനം തൊഴിൽ മേഖലയിലും ദൃശ്യമായി. 
30 ലക്ഷം കോടിയുടെ കുറവാണ് സ്ഥിരം തൊഴിൽ നഷ്ടത്തിലൂടെ ഉണ്ടാവുക. മൂന്ന് ലക്ഷം കോടിയിൽ കുറയാത്ത സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത് മോഡി സർക്കാർ ഈ പ്രശ്‌നത്തെ നേരിടാനാണ്. എന്നാൽ സർക്കാർ കരുതുന്നതിലും എത്രയോ ഉയർന്ന നിരക്കിലാണ് തൊഴിലില്ലായ്മ. ഇന്ത്യയിൽ 3.5 കോടി പേർക്കാണ് തൊഴിലില്ലാത്തത്. ഇതിൽ രണ്ട് കോടി പത്ത് ലക്ഷത്തിനാണ് കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടമായത്. ഇതിന് പരിഹാരമുണ്ടാക്കാൻ അടുത്തൊന്നും സാധിച്ചെന്ന് വരില്ല. 
ചെറുകിട വ്യവസായ മേഖലയിൽ നിന്നാണ് രാജ്യത്തിന്റെ ജി.ഡി.പിയുടെ നാൽപത്തഞ്ച് ശതമാനവും. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്ന കോടിക്കണക്കിനാളുകൾക്ക് തൊഴിലവസരമൊരുക്കുന്ന രംഗമാണിത്. 
ഇന്ത്യയിൽ കോവിഡ് കേസുകൾ ഇതുവരെ ഏറ്റവും ഉയർന്ന തോതിൽ എത്തിയിട്ടില്ല. അത് ഏറ്റവും വലിയ പ്രതിസന്ധികൾ. എത്രത്തോളം വിപണി സജീവമാകുമെന്ന് ഉറപ്പില്ല. മറ്റൊന്ന് സർക്കാർ നൽകുന്ന സഹായങ്ങൾ പേരിന് പോലുമില്ല എന്നതാണ്. നേരിട്ട് ജനങ്ങൾക്ക് പണമെത്തിക്കാൻ ഇതുവരെ സർക്കാർ തയാറായിട്ടില്ല. ഇന്ത്യയിലെ യുവാക്കളിൽ തൊഴിൽ എന്നത് വിദൂര സ്വപ്‌നമാണെന്ന് വ്യക്തമാണ്. പലരും കാർഷിക മേഖലയിൽ ഒതുങ്ങിക്കൂടുന്നതും തൊഴിൽ സാധ്യതകളുടെ വലിയ ഇടിവ് കൊണ്ടാണ്. ഇന്ത്യൻ വിപണി അടുത്ത കുറച്ച് വർഷത്തേക്ക് കരകയറാനുള്ള സാധ്യത തീരെയില്ല. കൂടുതൽ പേർ കാർഷിക മേഖലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ മേഖല വേണ്ടത്ര സാമ്പത്തിക ഭദ്രത യുവാക്കൾക്ക് നൽകുന്നില്ല. കൂടുതൽ പേർ ഈ മേഖലയിലേക്ക് വരുന്നതോടെ പണം ലഭിക്കുന്നത് ഇനിയും കുറയും. പഞ്ചാബിലും ഹരിയാനയിലും ആരംഭിച്ച കർഷക സമരങ്ങൾ ഒരു സൂചനയാണ്. കാർഷിക മേഖലയിലേക്ക് സഹായം എത്തേണ്ടതുണ്ട്. അതിന് സർക്കാർ സഹായം വേണം. മോഡി സർക്കാർ ഇതുവരെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണിത്
ലക്ഷക്കണക്കിന് പേർ തൊഴിൽ ഇല്ലാതെ കാർഷിക മേഖലയിലേക്ക് മാറിയിട്ടുണ്ട്. 
ഒന്നാം മോഡി സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പരിഷ്‌കാരമായിരുന്നു നോട്ട് റദ്ദാക്കൽ. 2016 നവംബർ 8 ന് രാത്രി ടെലിവിഷൻ ചാനലുകളിലുടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. തികച്ചും അപ്രതീക്ഷിതമായാണ് ഇന്ത്യക്കാർ ഇത് കേട്ടത്. ആയിരം, അഞ്ഞൂറ് നോട്ടുകൾ ഇതോടെ റദ്ദായി. അഴിമതിയും ഭീകരതയും ഇല്ലാതാക്കാനുള്ള ഒറ്റമൂലിയെന്ന നിലയ്ക്കാണ് ഇത് അവതരിപ്പിച്ചത്. പ്രചാരത്തിലുള്ള കറൻസി നോട്ടുകളിൽ 86 ശതമാനം ഒറ്റയടിക്ക് പിൻവലിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. തുടർന്നിങ്ങോട്ട് മാസങ്ങളോളം ജനം ഇതിന്റെ ദുരിതം പേറി. എ.ടി.എമ്മുകളിൽ ലഭിക്കുന്ന നോട്ടുകൾക്കായി ഇന്ത്യയൊട്ടാകെ ആളുകൾ വരി നിന്നു. പിൻവലിക്കാവുന്ന തുകക്ക് പരിധി ഏർപ്പെടുത്തി. ഇന്ത്യൻ സമ്പദ്ഘടനയുടെ കുതിപ്പ് മാറി കിതക്കാൻ തുടങ്ങിയത് ഇതോടെയാണെന്ന് പറയാം. കള്ളപ്പണത്തെ തടയാൻ ഇതുകൊണ്ട് സാധിച്ചിട്ടില്ലെന്ന് വ്യക്തം. 
നോട്ട് റദ്ദാക്കുന്ന കാര്യത്തിൽ ഇന്ത്യയുടെ അനുഭവത്തിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്. സാമ്പത്തിക നയങ്ങൾ തീരുമാനിക്കുമ്പോൾ വിദഗ്ധരെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണം. ഏത് സാമ്പത്തിക നയം മാറ്റത്തിനും നേതൃത്വം നൽകേണ്ടത് സാമ്പത്തിക, വ്യാപാര, സാങ്കേതിക മേഖലകളിലെ വിദഗ്ധരാണ്. തീരുമാനം എടുക്കുന്നതിനു മുമ്പ് കൃത്യമായി ഗൃഹപാഠം ചെയ്യണം.  
ഒരു നയം നടപ്പിലാക്കുമ്പോൾ അടിസ്ഥാന വിവരങ്ങൾ അവഗണിക്കരുത്. പ്രാബല്യത്തിലുള്ള 86 ശതമാനം നോട്ടുകൾ അസാധുവാക്കുമ്പോൾ അത് 90 ശതമാനം പാവങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കണമായിരുന്നു. കള്ളപ്പണമെന്നത് പുതിയ കാര്യമല്ല. സമാന്തര സമ്പദ്ഘടന രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് എന്നും വെല്ലുവിളിയായിരുന്നു. 2008 ലെ ആഗോള മാന്ദ്യത്തിൽ സമ്പന്ന രാജ്യങ്ങൾ പോലും ഉലഞ്ഞപ്പോൾ ഇന്ത്യയെ ഒട്ടും ബാധിച്ചിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.  ലോക ബാങ്കിന്റെ കണക്കിൽ ആദ്യ പട്ടികകളിൽ സ്ഥാനമുണ്ടായിരുന്ന ഇന്ത്യ തകർച്ചയെ നേരിടുന്നതാണ് നോട്ട് ബന്ദിക്ക് ശേഷം കണ്ടത്. 
പണരഹിത സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ നോട്ട് നിരോധനം ഒട്ടും ഫലപ്രദമല്ല. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടായ ദുരന്തങ്ങളാണ്. ഇവ രണ്ടും ചെറുകിട സംരംഭങ്ങളുടെ നട്ടെല്ലൊടിച്ചുവെന്നതാണ് യാഥാർഥ്യം. ഇന്ത്യൻ സമ്പദ്ഘടനയുടെ അവസ്ഥ ഒട്ടും ആശ്വാസകരമല്ല. ചൈനയോട് ഒരു കൈ നോക്കാനിറങ്ങിയ നമ്മളിപ്പോൾ മത്സരിക്കുന്നത് നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളോടാണെന്നത് മഹാകഷ്ടമാണ്.
 

Latest News