Sorry, you need to enable JavaScript to visit this website.

സിവില്‍ സര്‍വീസ് ജേതാക്കളില്‍ 61 ശതമാനവും ആര്‍എസ്എസ് പിന്തുണയുള്ള സ്ഥാപനത്തില്‍ നിന്ന്

ന്യൂദല്‍ഹി- രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷകളില്‍ തങ്ങളുടെ ആളുകളെ വ്യവസ്ഥാപിതമായി 'തിരുകിക്കയറ്റുന്ന' ആര്‍എസ്എസ് നീക്കങ്ങള്‍ക്ക് പുതിയ തെളിവ്. ഈ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷകളില്‍ യോഗ്യത നേടിയവരില്‍ 61 ശതമാനവും തങ്ങളുടെ വിദ്യാര്‍ത്ഥികളാണെന്ന് ആര്‍എസ്എസ് പിന്തുണയോടെ ദൽഹിയിൽ പ്രവര്‍ത്തിക്കുന്ന കോച്ചിങ് സ്ഥാപനമായ സങ്കല്‍പ് ഫൗണ്ടേഷന്‍. ഇത്തവ യോഗ്യത നേടിയ 759 പേരില്‍ 466 പേരും തങ്ങളുടെ ഇന്റര്‍വ്യൂ ഗൈഡന്‍സ് പ്രോഗ്രാമില്‍ പങ്കെടുത്തവരാണെന്ന് സങ്കല്‍പ് അവകാശപ്പെട്ടതായി ദി പ്രിന്റ് റിപോര്‍ട്ട് ചെയ്യുന്നു. 34 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഈ സ്ഥാപനം മാധ്യമ, പൊതുജന ശ്രദ്ധയില്‍ നിന്ന് അകന്നാണ് പ്രവര്‍ത്തിക്കുന്നത്. 2014ല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള വര്‍ഷങ്ങളിലെ യുപിഎസ് സി പരീക്ഷകളില്‍ ജയിച്ചവരില്‍ ഓരോ വര്‍ഷവും 50 ശതമാനത്തിലേറെ പേര്‍ സങ്കല്‍പ് വിദ്യാര്‍ത്ഥികളാണെന്ന് ഈ സ്ഥാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 

2018ല്‍ യുപിഎസ്‌സി തെരഞ്ഞെടുത്ത 990 പേരില്‍ 649 പേരും സങ്കല്‍പ് പരീശിലനം ലഭിച്ചവരാണ്. 2017ലെ പരീക്ഷയില്‍ ജയിച്ച 1099 പേരില്‍ 698 പേരും, 2016ലെ പരീക്ഷയില്‍ ജയിച്ച 1078 പേരില്‍ 648 പേരും, 2015ലെ പരീക്ഷയില്‍ ജയിച്ച 1,236 പേരില്‍ 670 പേരും സങ്കല്‍പ് പരിശീലന പരിപാടിയില്‍ പങ്കെടുത്തവരാണെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. അതേസമയം സങ്കല്‍പില്‍ പരീശീലനം ലഭിക്കുന്നവരുടെ എണ്ണം ഇതിലും കുറവാണെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പ്രിന്റ് റിപോര്‍ട്ട് ചെയ്യുന്നു. വെബ്‌സൈറ്റില്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. അന്തിമ ഘട്ടത്തില്‍ യോഗ്യത നേടുന്നവരില്‍ 10 ശതമാനവും സങ്കല്‍പ് പരീശീലനം ലഭിച്ചവരാണെന്ന് സ്ഥാപന അധികൃതര്‍ പറയുന്നത്. 

സിവില്‍ സര്‍വീസ് പരീക്ഷകളില്‍ വിജയിക്കുന്ന മുസ്‌ലിംകളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന തരത്തില്‍ സംഘപരിവാര്‍ സംഘടനകളും മാധ്യമങ്ങളും ദുഷ്ടലാക്കോടെ പ്രചരണം നടത്തുന്നതിനിടെയാണ് ആര്‍എസ്എസ് പിന്തുണയോടെ ഈ രംഗത്തു നടക്കുന്ന നീക്കങ്ങള്‍ പുറത്തു വരുന്നത്.

വന്‍തുക ഫീസ് വാങ്ങുന്ന മുന്‍നിര കോചിങ് സ്ഥാപനങ്ങളെ അപേക്ഷിച്ച് സങ്കല്‍പ് പരസ്യങ്ങള്‍ക്കോ മാധ്യമ ശ്രദ്ധയ്‌ക്കോ തുനിയാറില്ല. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നാണ് അവകാശവാദം. ദല്‍ഹി പോലീസ് മുന്‍ കമ്മീഷണര്‍ ആര്‍ എസ് ഗുപ്തയാണ് ഈ സ്ഥാപന മേധാവി. 'ഞങ്ങളുടെ സമീപനം മറ്റു കോച്ചിങ് സെന്ററുകളില്‍ നിന്ന് വ്യത്യസ്തമാണ്. ശാന്തമായാണ് പ്രവര്‍ത്തനം. മാധ്യമങ്ങളെ അടുപ്പിക്കാറെ ഇല്ല. ഞങ്ങള്‍ക്കു പബ്ലിസിറ്റി വേണ്ട. കഴിഞ്ഞ 30 വര്‍ഷത്തിനിടെ മാധ്യമങ്ങളുമായി സംസാരിച്ചിട്ടു പോലുമില്ല,' ഗുപ്ത പറയുന്നു. 'സങ്കല്‍പിനെ കുറിച്ചുള്ള വിവരങ്ങള്‍ സങ്കല്‍പ് കുടുംബത്തിനു വേണ്ടി മാത്രമുള്ളതാണ്. വിദ്യാര്‍ത്ഥികളും അവരുടെ ബന്ധുക്കളുമാണ് സങ്കല്‍പ് കുടുംബം.' സ്ഥാപനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. 

ഓരോ വര്‍ഷവും ഇവിടെ വിജയികളെ അനുമോദിക്കാന്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ അതിഥികളായെത്തുന്നത് ബിജെപി, ആര്‍എസ്എസ് നേതാക്കളാണ്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രി അമിത് ഷായും മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് കൃഷ്ണ ഗോപാലുമായിരുന്നു അതിഥികള്‍. ഇത്തവണ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാനും മുന്‍ഐപിഎസ് ഓഫീസറും നാഗാലാന്‍ഡ് ഗവര്‍ണറുമായ ആര്‍ എന്‍ രവിയുമാണ് അതിഥികള്‍.

സിവില്‍ സര്‍വീസിലെ ഇടതുപക്ഷ ചായ്‌വ് പടിപടിയായി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ആര്‍എസ്എസ് സ്വയംസേവകര്‍ക്കു വേണ്ടി ഈ സ്ഥാപനം തുടങ്ങിയതെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ ഉദ്ധരിച്ച് പ്രിന്റ് റിപോര്‍ട്ട് ചെയ്യുന്നു. ബ്യൂറോക്രസിയില്‍ കൂടുതല്‍ ദേശീയവാദികളെ എത്തിക്കാനാണ് ശ്രമം. ഇതൊരു ആര്‍എസ്എസിനു കീഴിലുള്ള സ്ഥാപനമല്ല, എന്നാല്‍ ആര്‍എസ്എസ് പ്രചോദനം ഉള്‍ക്കൊള്ളുന്ന സ്ഥാപനമാണെന്നും അദ്ദേഹം പറയുന്നു.

Latest News