Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ കലാപമുണ്ടാക്കാന്‍ ബിജെപി ഉന്നതര്‍ക്ക് ലൈസന്‍സ് നല്‍കിയത് ന്യായീകരിക്കാനാവില്ലെന്ന് മുന്‍ പോലീസ് ഓഫീസര്‍

ന്യൂദല്‍ഹി- ദല്‍ഹിയില്‍ കലാപം സൃഷ്ടിക്കുന്നതില്‍ സംശയകരമായ പങ്കുവഹിച്ച ബിജെപി നേതാക്കളെ വെറുതെ വിട്ടതിനെ ചോദ്യം ചെയത് മുന്‍ ഉന്നത ഐപിഎസ് ഓഫീസറും ഇന്ത്യന്‍ അംബാസഡറുമായിരുന്ന ജുലിയോ റിബെറോ വീണ്ടും രംഗത്തെത്തി. കലാപത്തിനു തൊട്ടുമുമ്പായി മൂന്നു ബിജെപി നേതാക്കള്‍ക്ക് പ്രകോപനപരമായി പ്രസംഗിക്കാന്‍ പോലീസ് ലൈസന്‍സ് നല്‍കിയതിനെയാണ് ദല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് എഴുതിയ രണ്ടാമത് തുറന്ന കത്തില്‍ റിബെറോ ചോദ്യം ചെയ്തത്. കേസില്‍ കഴിഞ്ഞ ദിവസം പോലീസ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിലുള്‍പ്പെടുത്തപ്പെട്ട പ്രതികളെല്ലാം പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരായിരുന്നു. 

കലാപം അന്വേഷിക്കുന്നത് പക്ഷപാതപരമായാണെന്ന് ചൂണ്ടിക്കാട്ടി ദല്‍ഹി പോലീസ് മേധാവി എസ് എന്‍ ശ്രീവാസ്തവയ്ക്ക് റിബെറോ തുറന്ന കത്തെഴുതിയിരുന്നു. ഈ ആരോപണം നിഷേധിച്ച് ശ്രീവാസ്തവ മറുപടി നല്‍കുകയും ചെയ്തു. ഇതിനു ശേഷമാണ് റിബെറോ രണ്ടാം തവണയും തുറന്ന കത്തെഴുതിയിരിക്കുന്നത്. 

'ആദ്യം എഴുതിയ കത്തില്‍ ഉന്നയിച്ച എല്ലാം സംശയങ്ങള്‍ക്കും താങ്കള്‍ മറുപടി നല്‍കിയിട്ടില്ല. സമാധാനപരമായി പ്രതിഷേധ സമരം നടത്തുന്നവരെ പ്രകോപിപ്പിക്കാനും ഭീഷണിപ്പെടുത്താനും മൂന്ന് ബിജെപി ഉന്നതര്‍ക്കു ലൈസന്‍സ് നല്‍കിയതിനെ ന്യായീകരിക്കാന്‍ ബുദ്ധമുട്ടാണെന്നും സാധ്യമല്ലെന്നും ഞാന്‍ തിരിച്ചറിയുന്നു. ഈ പ്രസംഗം നടത്തിയവര്‍ മുസ് ലിംകളോ ഇടതു ചിന്താഗതിക്കാരോ ആയിരുന്നെങ്കില്‍ പോലീസ് അവരെ തീര്‍ച്ചയായും രാജ്യദ്രോഹംകുറ്റം ചുമത്തി പിടികൂടുമായിരുന്നു'- കത്തില്‍ റിബെറോ ചൂണ്ടിക്കാട്ടി.

ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ എന്നിവരുടെ പ്രകോപനവും ഭീഷണിയുമാണ് നേരത്തെ റിബെറോ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. 

ഗുജറാത്ത്, പഞ്ചാബ് ഡിജിപിയും മുംബൈ പോലീസ് കമ്മീഷണറും സിആര്‍പിഎഫ് മേധാവിയുമായിരുന്ന മുന്‍ ഐപിഎസ് ഓപീസറായ ജൂലിയോ റിബെറോ പത്മ ഭൂഷണ്‍ ജേതാവും രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ജേതാവും കൂടിയാണ്. റൊമാനിയയിലെ ഇന്ത്യന്‍ അംബാസഡറും ആയിരുന്നു.
 

Latest News