ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞയാഴ്ച രണ്ടുതവണ വെടിവെപ്പ് നടന്നു

ന്യൂദല്‍ഹി- ഇന്ത്യ, ചൈന അതിര്‍ത്തി സേനകള്‍ തമ്മില്‍ കഴിഞ്ഞയാഴ്ച രണ്ടു തവണ വെടിവെപ്പ് നടത്തിയിരുന്നതായി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചക്കുമുമ്പാണ് സൈനികര്‍ പരസ്പരം നിറയൊഴിച്ചത്.
അതിനിടെ, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ നുഴഞ്ഞു കയറ്റമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് നിരന്തരം കടന്നുകയറ്റങ്ങളും അതിര്‍ത്തി ലംഘനങ്ങളും നടക്കുന്നതിനിടെയാണ് ഒരു തരത്തിലുള്ള നുഴഞ്ഞു കയറ്റവും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഇന്നലെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.
യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈന പലതവണ അതിര്‍ത്തി ലംഘനം നടത്തിയിട്ടുണ്ടെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൊവ്വാഴ്ച ലോക്‌സഭയില്‍ പറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ രേഖയില്‍ ചൈന കടന്നു കയറിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം ഈ രേഖ തന്നെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു.
അതിനിടെ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം വഷളായിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇന്നലെ പാര്‍ലമെന്റില്‍ വ്യക്തമാക്കി. അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഇന്ത്യ വളരെ പ്രാധാന്യം നല്‍കുന്നു.
കഴിഞ്ഞ ആറു മാസത്തിനിടെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് ഒരു നുഴഞ്ഞു കയറ്റവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയില്‍ എം.പി ഡോ. അനില്‍ അഗര്‍വാളിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് 47 കടന്നുകയറ്റ ശ്രമങ്ങളുണ്ടായിട്ടുണ്ടെന്നും മന്ത്രിയുടെ മറുപടിയില്‍ പറയുന്നു. ഏപ്രില്‍ മാസത്തില്‍ മാത്രം 24 തവണ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റമുണ്ടായി. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ മറ്റു വിശദാംശങ്ങളൊന്നും തന്നെ വ്യക്തമാക്കുന്നുമില്ല. നുഴഞ്ഞു കയറ്റം തടയാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലും അതിര്‍ത്തി നിയന്ത്രണ രേഖയിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്റലിജന്റ്‌സ് സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.     
    കിഴക്കന്‍ ലഡാക്കില്‍ ഉള്‍പ്രദേശങ്ങളില്‍ നിരവധി തര്‍ക്ക സ്ഥലങ്ങളുണ്ടെന്നും പലയിടത്തും വന്‍തോതില്‍ സൈന്യത്തെയും യുദ്ധസാമഗ്രികളും വിന്യസിച്ചിട്ടുണ്ടെന്നുമാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ വ്യക്തമാക്കിയത്. ലഡാക്കില്‍ ഇന്ത്യ വന്‍ വെല്ലുവിളി നേരിടുന്നുണ്ടെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരുന്നു.
    എന്നാല്‍, ഇന്ത്യയ്ക്ക് അവകാശപ്പെട്ട എത്രത്തോളം ഭൂമി ചൈന കൈയടക്കി വെച്ചിട്ടുണ്ടെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞില്ല. കഴിഞ്ഞ 45 വര്‍ഷത്തിനിടെ സെപ്റ്റംബര്‍ ഏഴിന് അതിര്‍ത്തിയില്‍ ചൈനീസ് സേന വെടിയുതിര്‍ത്തത് സംബന്ധിച്ചും രാജ്‌നാഥ് സിംഗ് മൗനം പാലിച്ചു.
ആഭ്യന്തര സഹമന്ത്രി രാജ്യസഭയില്‍ നല്‍കിയ ഉത്തരം പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്കു വിരുദ്ധമല്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. നുഴഞ്ഞ് കയറ്റം  എന്നാല്‍ ഭീകരരോ മറ്റു വിരുദ്ധ ശക്തികളോ അതിര്‍ത്തി കടന്ന് രാജ്യത്തിനകത്തേക്ക് പ്രവേശിക്കുന്നതാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയില്‍ പറഞ്ഞത് ചൈനീസ് സേനയുടെ അതിര്‍ത്തി ലംഘനത്തെ കുറിച്ചാണെന്നും വിശദീകരിക്കുന്നു.  

 

Latest News