Sorry, you need to enable JavaScript to visit this website.

റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കാന്‍ റെഡ്ഡീസ് ലാബുമായി കരാര്‍

ന്യൂദല്‍ഹി- റഷ്യ വികസിപ്പിച്ച കോവിഡ് മരുന്നായ സ്പുട്‌നിക് വി വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നതിനായി ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി കരാറിലെത്തിയതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) അറിയിച്ചു. റെഗുലേറ്ററി അംഗീകാരത്തിന് ശേഷം ആര്‍ഡിഐഎഫ് 100 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തിന് നല്‍കും.
കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കോവിഡിനെതിരായ പോരാട്ടത്തില്‍ തങ്ങളുടെ വാക്‌സിന്‍ ഇന്ത്യയ്ക്ക് സുരക്ഷിതവും ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതുമായ ആയുധമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ഡിഐഎഫ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കിറില്‍ ദിമിട്രീവ് പ്രസ്താവനയില്‍ പറഞ്ഞു.
വിജയകരമായ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി  ഡ്രഗ്‌സ് കണ്‍ട്രോളറുടെ അംഗീകാരം ഉടന്‍ ലഭിക്കുമെന്നും ഡിസംബറോടെ മരുന്ന് എത്തിക്കാന്‍ സാധിക്കുമെന്നും കരുതുന്നതായി അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ വിതരണം മാത്രമാണ് കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഉല്‍പാദനത്തിനായി ഇന്ത്യയിലെ നിര്‍മ്മാതാക്കളുമായി കമ്പനി ചര്‍ച്ച നടത്തിവരികയാണെന്നും ആര്‍ഡിഐഎഫ് വക്താവ് പറഞ്ഞു.
റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍  നടത്താന്‍ ഇന്ത്യ തയാറാണെന്നും വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാന്‍ രണ്ടോ നാലോ ഇന്ത്യന്‍ കമ്പനികള്‍ ചര്‍ച്ച നടത്തിവരികയാണെന്നും നീതി ആയോഗ് അംഗം (ആരോഗ്യം) വി.കെ. പോള്‍ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു.
ആര്‍ഡിഐഎഫിന്റെ പിന്തുണയോടെ ഗമാലേയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത ഹ്യൂമന്‍ അഡെനോവൈറസ് വെക്റ്റര്‍ അധിഷ്ഠിത വാക്‌സിന്‍ ഇതിനകം റഷ്യയില്‍ അംഗീകാരം നേടിയിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാതെ തന്നെ  രജിസ്റ്റര്‍ ചെയ്ത ലോകത്തിലെ ആദ്യത്തെ കോവിഡ് 19 വാക്‌സിനാണിത്.
രജിസ്റ്റര്‍ ചെയ്ത ശേഷം ഇപ്പോള്‍ നടത്തുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍
40,000 സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ടെന്ന് റഷ്യന്‍ ഫണ്ട് അറിയിച്ചു.  സ്പുട്‌നിക് വി വാക്‌സിന്‍ പരീക്ഷണങ്ങളുടെ അന്തിമ ഫലങ്ങള്‍ ഒക്ടോബറിലോ നവംബറിലോ പ്രസിദ്ധീകരിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.
 76 രോഗികളില്‍ നടത്തിയ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളുടെ  ഫലങ്ങള്‍ അവലോകനം ചെയ്തുവെന്നും വാക്‌സിന്‍ സുരക്ഷിതമാണെന്നും കോവിഡിനെതിരെ പ്രതിരോധശേഷി നല്‍കുന്നതാണെന്നും ഈ മാസം ആദ്യം  ലാന്‍സെറ്റ് ജേണല്‍ വെളിപ്പെടുത്തിയിരുന്നു.

 

Latest News