കഴിഞ്ഞ മാസം 28.32 ലക്ഷം ആഭ്യന്തര യാത്രക്കാര്‍

ന്യൂദല്‍ഹി- കഴിഞ്ഞ മാസം രാജ്യത്ത് ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്തത് 28.32 ലക്ഷം പേര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 76 ശതമാനമാണ് ആഭ്യന്തര യാത്രക്കാരിലുണ്ടായ കുറവെന്ന്   ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ അറിയിച്ചു.
ഇന്‍ഡിഗോ വിമാനത്തില്‍ 16.82 ലക്ഷം പേരാണ് ഓഗസ്റ്റില്‍ യാത്ര ചെയ്തത്. മൊത്തം ആഭ്യന്തര യാത്രക്കാരുടെ 59.4 ശതമാനം. സ്‌പൈസ് ജെറ്റില്‍ 3.91 ലക്ഷം യാത്രക്കാരാണ് പറന്നത്. ഇത് മൊത്തം യാത്രക്കാരുടെ 13.8 ശതമാനം വരും.
എയര്‍ ഇന്ത്യ- 2.78 ലക്ഷം, എയര്‍ ഏഷ്യ ഇന്ത്യ- 1.92 ലക്ഷം, എയര്‍ ഇന്ത്യ- 1.42 ലക്ഷം, വിസ്താര, ഗോ എയര്‍- 1.33 ലക്ഷം എന്നിങ്ങനെയാണ് ഓഗസ്റ്റില്‍ മറ്റു വിമാനങ്ങളില്‍ യാത്ര ചെയ്തവരുടെ എണ്ണം.
ജൂലൈയില്‍ 21.07 ലക്ഷം പേരാണ് ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്തിരുന്നത്.  
ലോക്ഡൗണില്‍ വീണ്ടും ഇളവു വരുത്തിയതിനു ശേഷം യാത്രക്കാര്‍  വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് ഓഗസ്റ്റില്‍ സ്ഥിതി മെച്ചപ്പെട്ടതെന്ന്  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം നിര്‍ത്തിവെച്ച വിമാന സര്‍വീസ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 നാണ്് പുനരാരംഭിച്ചത്. ഇന്ത്യന്‍ എയര്‍ലൈന്‍സിന് കോവിഡിനു മുമ്പ് സര്‍വീസ് നടത്തിയിരുന്ന ആഭ്യന്തര വിമാനങ്ങളുടെ പരമാവധി 60 ശതമാനം സര്‍വീസ് നടത്താന്‍ അനുമതിയുണ്ടായിരുന്നു.
ജൂണില്‍ മൊത്തം 19.84 ലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്തത്. മെയ് 25 നും മെയ് 31 നും ഇടയില്‍ 2.81 ലക്ഷം പേര്‍ ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്തതായും ഡിജിസിഎ അറിയിച്ചു.
ബംഗളൂരു, ദല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നീ മെട്രോ വിമാനത്താവളങ്ങളില്‍ ഓഗസ്റ്റില്‍ ഇന്‍ഡിഗോ 98.5 ശതമാനം മികച്ച പ്രകടനം കാഴ്ചവെച്ചതായി ഡിജിസിഎ കണക്കുകള്‍ വ്യക്തമാക്കുന്നു. നാല് വിമാനത്താവളങ്ങളില്‍ എയര്‍ ഏഷ്യ ഇന്ത്യയും വിസ്താരയും യഥാക്രമം 97.6 ശതമാനവും 95.9 ശതമാനവും കൃത്യത പുലര്‍ത്തിയതായി ഡിജിസിഎ അറിയിച്ചു.
വിസ്താരയും എയര്‍ ഇന്ത്യയും ഓഗസ്റ്റില്‍ 14.99 ശതമാനവും 12.05 ശതമാനവും വിമാനങ്ങള്‍ റദ്ദാക്കി.
കൊറോണ  കണക്കിലെടുത്ത് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍  വ്യോമയാന മേഖലയെ ഗുരുതരമായാണ് ബാധിച്ചത്.
ചെലവ് നിയന്ത്രിക്കുന്നതിനായി ഇന്ത്യയിലെ എല്ലാ എയര്‍ലൈനുകളും ശമ്പളം വെട്ടിക്കുറക്കുക, ശമ്പളമില്ലാതെ അവധി നല്‍കുക, ജീവനക്കാരെ ജോലിയില്‍നിന്ന് പിരിച്ചുവിടുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചിരുന്നു.  

 

Latest News