Sorry, you need to enable JavaScript to visit this website.

പുതിയ പ്രതീക്ഷ; കോവിഡ് തിരിച്ചടിയുടെ ആഘാതം കുറയും

 പ്രതീക്ഷിച്ച തിരിച്ചടിയില്ലെന്നും അടുത്ത വര്‍ഷം അഞ്ച് ശതമാനം
വളര്‍ച്ച കൈവരിക്കുമെന്നും ഒ.ഇ.സി.ഡി കണക്കാക്കുന്നു

പാരിസ്- ആഗോള സമ്പദ്‌വ്യവസ്ഥയില്‍ കോവിഡ് ഏല്‍പിച്ച ആഘാതം തുടരുന്നുണ്ടെങ്കിലും  നേരത്തെ പ്രതീക്ഷിച്ചത്രയും മോശമായിട്ടില്ലെന്ന് അന്താരാഷ്ട്ര സാമ്പത്തിക സഹകരണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. അമേരിക്കയിലും ചൈനയിലുമടക്കം മുമ്പ് പ്രവചിച്ചയത്രയും തിരിച്ചടിയില്ലെന്നാണ്  ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റ് (ഒ.ഇ.സി.ഡി) റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലോകത്തെ മൊത്ത ആഭ്യന്തര ഉത്പാദനം ഈ വര്‍ഷം 4.5 ശതമാനം കുറയുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  ആറു ശതമാനം തകര്‍ച്ച നേരിടുമെന്നാണ്  ജൂണില്‍ പ്രവചിച്ചിരുന്നത്.  
അടുത്ത വര്‍ഷം ആഗോള സമ്പദ്‌വ്യവസ്ഥ അഞ്ച് ശതമാനം വളര്‍ച്ചയിലേക്ക് തിരിച്ചെത്തുമെന്നും സംഘടന പറയുന്നു. അതേസമയം, പകര്‍ച്ചവ്യാധി തുടരുന്നതിനാല്‍ തങ്ങളുടെ നിലപാട്  അനിശ്ചിതത്വത്തിന് വിധേയമാണെന്നും ഇതില്‍ മാറ്റമുണ്ടാകാമെന്നും ഒഇസിഡി അഭിപ്രായപ്പെടുന്നു. പലരാജ്യങ്ങളിലും കോവിഡ് ഇനിയും വ്യാപിക്കുമെന്നും  2021 അവസാനം വരെ വാക്‌സിന്‍ ലഭ്യമാകില്ലെന്നുമാണ് സംഘടനയുടെ അനുമാനം.
യു.എസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പ്രവചനം ഒഇസിഡി പുതുക്കി.  മുമ്പ് 7.3 ശതമാനം ഇടിവാണ് പ്രവചിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത്  3.8 ശതമാനമായാണ് പുതുക്കിയിരിക്കുന്നത്.  
20 സമ്പദ്‌വ്യവസ്ഥകളുടെ ഗ്രൂപ്പില്‍ ഈ വര്‍ഷം വളര്‍ച്ച പ്രകടമാക്കുന്ന ഏക രാജ്യം ചൈനയായിരിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്. മുമ്പ് പ്രതീക്ഷിച്ചിരുന്ന 2.6 ശതമാനം ഇടിവിന് പകരം 1.8ശതമാനം വളര്‍ച്ചയാണ് ചൈനയുടെ കാര്യത്തില്‍ ഇപ്പോള്‍ പ്രവചിക്കുന്നത്.
ഇന്ത്യ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ കുറിച്ചുള്ള പ്രവചനങ്ങളും ഒഇസിഡി വെട്ടിക്കുറച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം നികുതി വര്‍ധിപ്പിക്കുകയോ ചെലവുകള്‍ കുറയ്ക്കുകയോ ചെയ്യരുതെന്ന് സാമ്പത്തിക നയത്തെക്കുറിച്ച് വികസിത രാജ്യങ്ങളെ ഉപദേശിക്കുന്ന പാരിസ് ആസ്ഥാനമായുള്ള സംഘടന നിര്‍ദേശിച്ചു. സമ്പദ്ഘടനകളുടെ ആത്മവിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും അനിശ്ചിതത്വം പരിമിതപ്പെടുത്തുന്നതിനും ഇത് ആവശ്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
സമ്പദ്‌വ്യവസ്ഥ ദുര്‍ബലമായിരിക്കുന്ന ഘട്ടത്തില്‍ ബജറ്റ് കര്‍ശനമാക്കുന്നത് ഒഴിവാക്കണമെന്നും സര്‍ക്കാരുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.

 

Latest News