ജപ്പാനില്‍ ആബെയുടെ വലംകൈ സുഗ പുതിയ പ്രധാനമന്ത്രി

ടോക്കിയോ- ജപ്പാനില്‍ പുതിയ പ്രധാനമന്ത്രിയായി യോഷിഹിഡെ സുഗയെ തെരഞ്ഞെടുത്തു. ദീര്‍ഘകാലമായി പ്രധാനമന്ത്രി സ്ഥാനത്തു തുടര്‍ന്ന ഷിന്‍സോ ആബെക്കു പകരമാണ് അദ്ദേഹത്തിന്റെ വലംകൈയായ  സുഗയെ തെരഞ്ഞെടുത്തിരിക്കുന്നത്.
പാര്‍ലമെന്റിന്റെ  ശക്തമായ അധോസഭയില്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ അദ്ദേഹം പലതവണ തലതാഴ്ത്തി വിനയാന്വിതനായി. തെരഞ്ഞെടുപ്പ് ഉപരിസഭയും അംഗീകരിച്ചു.
ചീഫ് കാബിനറ്റ് സെക്രട്ടറിയും ആബെയുടെ കീഴിലുള്ള ഉന്നത സര്‍ക്കാര്‍ വക്താവുമായിരുന്നു സുഗ.  പുതുമുഖങ്ങളേയും നിലവിലെ മന്ത്രിമാരേയും മുന്‍ മന്ത്രിമാരേയും ഉള്‍പ്പെടുത്തി  മന്ത്രിസഭ രൂപീകരിച്ചു.  ആബെയുടെ മാര്‍ഗം പിന്തുടരുമെന്നും സാധാരണക്കാരുടെയും ഗ്രാമീണ സമൂഹങ്ങളുടെയും താല്‍പര്യങ്ങള്‍ നിറവേറ്റുമെന്നും സുഗ പറഞ്ഞു. ആബെയുടെ പൂര്‍ത്തീകരിക്കാത്ത നയങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും കൊറോണ വൈറസിനെതിരായ പോരാട്ടമാണ് മുന്‍ഗണനയെന്നും   അദ്ദേഹം പറഞ്ഞു.
വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന് രാജിവെക്കുകയാണെന്ന് 65 കാരനായ ആബെ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. സുഗയുടെ സര്‍ക്കാരിനെ പിന്തുണക്കുമെന്ന് അദ്ദേഹം ബുധനാഴ്ച പറഞ്ഞു.
ആബെയുടെ നയതന്ത്രത്തെയും സാമ്പത്തിക നയങ്ങളെയും പ്രശംസിച്ച 71 കാരനായ സുഗ,  ജപ്പാനിലെ ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കാന്‍  പുതിയ സര്‍ക്കാര്‍ ഏജന്‍സി ആരംഭിക്കുമെന്ന് പറഞ്ഞു.

 

Latest News