Sorry, you need to enable JavaScript to visit this website.

ഡിഡി പ്രകൃതി വരുന്നു; ഇന്ത്യയുടെ സ്വന്തം ജ്യോഗ്രഫിക് ചാനല്‍

ന്യുദല്‍ഹി- ദേശീയ പരിസ്ഥിതി, വന്യജീവി സംരക്ഷണ കര്‍മ പദ്ധതിയുടെ ഭാഗമായി അടുത്ത വര്‍ഷത്തോടെ പുതിയ പരിസ്ഥിതി ചാനല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ 2017-2018 വര്‍ഷത്തേക്കുള്ള കര്‍മ പദ്ധതിയുടെ ഭാഗമായുള്ള ശുപാര്‍ശകളിലൊന്നാണിത്.
 
 
ലോക പ്രശസ്ത പരിസ്ഥിതി, വന്യജീവി ചാനലുകളായ ഡിസ്‌കവറി, നാഷണല്‍ ജ്യോഗ്രഫിക് എന്നിവയുടെ മാതൃകയില്‍ പരിസ്ഥിതി കാര്യങ്ങള്‍ക്കു മാത്രമായി ദൂര്‍ദര്‍ശന്റേയും വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റേയും സഹായത്തോടെ  ഡി ഡി പ്രകൃതി ചാനല്‍ ആരംഭിക്കണമെന്നാണ് മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.
 
രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്ന സാമൂഹിക, സാമ്പത്തിക മാറ്റങ്ങള്‍ക്ക് പരിസ്ഥിതി വന്യജീവി സംരക്ഷണത്തിനുമേല്‍ വലിയ സ്വാധീനമുണ്ട്. ഇത്തരം സ്വാധീനങ്ങള്‍ ഗുണപരമാക്കി മാറ്റാന്‍ പരിസ്ഥിതി സാക്ഷരത കൊണ്ടു മാത്രമെ സാധിക്കുവെന്ന് കര്‍മ പദ്ധതിയില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഫിലിം നിര്‍മാതാക്കളെ സഹായിക്കുകയാണ് ഈ പദ്ധതിയുടെ ഒരു ലക്ഷ്യമെങ്കിലും പ്രകൃതിസംരക്ഷണ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്നതിനാണ് മുന്‍ഗണനയെന്നും പദ്ധതിയില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയ്ക്കു പുറത്തു നിന്നുള്ള ഉള്ളടക്കങ്ങളുമായി എത്തുന്ന ഡിസ്‌കവറി ചാനലും നാഷണല്‍ ജ്യോഗ്രഫിക് ചാനലും മാത്രം കാണുന്നതിനു പകരം ഇന്ത്യക്കാരുടെ സ്വന്തം പാരിസ്ഥിതിക ദൃശ്യാവതരണങ്ങളും ചിത്രങ്ങളും ഡോക്യൂമെന്ററികളും പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ ചാനല്‍.
 
ഏപ്രിലില്‍ ഇന്ത്യയുടെ ദേശീയ വന്യജീവി പാര്‍ക്കുകളില്‍ ഷൂട്ടിംഗ് നടത്തുന്നതില്‍നിന്ന് ബിബിസിയെ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. അസമിലെ കാസിരംഗ ദേശീയ പാര്‍ക്കിലെ മൃഗവേട്ട തടയാന്‍ നടപ്പിലാക്കിയ തന്ത്രത്തെ വിമര്‍ശിച്ച് തയാറാക്കിയ ഡോക്യുമെന്ററി വിദേശത്ത് ഇന്ത്യയ്ക്കു നാണക്കേടുണ്ടാക്കിയതായിരുന്നു കാരണം.
 
അതേസമയം ഒരു വിഷയത്തെ മാത്രം ആസ്പദമാക്കിയുള്ള ചാനല്‍ പരീക്ഷണം നടത്തി പരാജയപ്പെട്ട ചരിത്രമാണ് ദൂര്‍ദര്‍ശനുള്ളത്. 2015-ല്‍ അവതരിപ്പിച്ച കാര്‍ഷിക ചാനലായ ഡിഡി കിസാന്‍ പ്രേക്ഷകര്‍ കൈയൊഴിയുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 153 ലക്ഷം കാഴ്ച്ചകാരുണ്ടായിരുന്ന ചാനലിന് ഡിസംബര്‍ ആയപ്പോഴേക്കും അത് 58 ലക്ഷമായി ഇടിഞ്ഞു. ഈ വര്‍ഷം 80 കോടി രൂപയാണ് ഈ ചാനലിന് സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ചത്.  ഡിഡി പ്രകൃതിയുടെ കാര്യത്തിലും എന്തു സംഭവിക്കുമെന്ന് കണ്ടറിയണം.

Latest News