ദല്‍ഹി കലാപം: 17,500 പേജുള്ള കുറ്റപത്രത്തില്‍ പ്രതികളെല്ലാം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍

ന്യൂദല്‍ഹി- ദല്‍ഹി കലാപക്കേസില്‍ ദല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച 17,500 പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരെല്ലാം വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍. രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിനിടയാക്കിയ നിയമ ഭേദഗതിക്കെതിരെ ശബ്ദമുയര്‍ത്തിയവരാണ് പ്രതി ചേര്‍ക്കപ്പെട്ട 15 പേരും. രണ്ടു ഉരുക്കു പെട്ടികളിലായാണ് ഈ കുറ്റപത്രം സമര്‍പ്പിച്ചത്്. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ മാത്രം 2600ലേറെ പേജുകളിലായാണ് വിശദീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പേജ് അനുബന്ധങ്ങളും. കാടന്‍ നിയമമായ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളും ഇതില്‍പ്പെടും. പുറത്താക്കപ്പെട്ട മുന്‍ എഎപി നേതാവ് താഹിര്‍ ഹുസൈനും പല വിദ്യാര്‍ത്ഥി പ്രക്ഷോഭകരും പ്രതികളിലുള്‍പ്പെടും. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റു പ്രതികളെ ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ്  പറഞ്ഞു. 

ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ മുസ്‌ലിംകളെ ഉന്നമിട്ടു നടന്ന വംശഹത്യയില്‍ 50ലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു. കുറ്റപത്രത്തിലുള്‍പ്പെട്ട പ്രതികള്‍ കലാപ പ്രദേശങ്ങളിലുണ്ടായിരുന്ന കലാപകാരികളുമായി നേരിട്ട് ബന്ധമുള്ളവരാണെന്നും, രൂക്ഷമായ കലാപം നടന്ന സീലംപൂരിലും ജാഫറാബാദിലും കലാപമുണ്ടാക്കിയത് രണ്ടു വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിച്ചാണെന്നും പോലീസ് പറയുന്നു.

കലാപം ആളിക്കത്തിക്കുന്നതില്‍ ദല്‍ഹി പോലീസിന്റെ പങ്ക് നേരത്തെ വാര്‍ത്തയായിരുന്നു. കേസ് അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദല്‍ഹി പോലീസിന്റെ  പക്ഷപാതിത്വവും ഒരു സമുദായത്തെ മാത്രം പ്രതിക്കൂട്ടിലാക്കുന്ന നടപടിയും ചൂണ്ടിക്കാട്ടി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരടക്കം രംഗത്തു വരികയും ചെയ്തിരുന്നു. കലാപത്തില്‍ പോലീസ് ഒരു വിഭാഗത്തിനൊപ്പം നില്‍ക്കുന്നതിന് തെളിവായി നിരവധി വിഡിയോകളും പുറത്തു വന്നിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ തെരുവില്‍ നിന്ന് ഒഴിഞ്ഞില്ലെങ്കില്‍ ്അടിച്ചോടിക്കുമെന്ന ബിജെപി നേതാവ് കപില്‍ മിശ്ര പോലീസുകാര്‍ക്കടുത്ത് നിന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന വിഡിയോയും പ്രചരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടില്ല.

Latest News