Sorry, you need to enable JavaScript to visit this website.

വിദൂര വിദ്യാഭ്യാസത്തിന് പുതിയ സര്‍വകലാശാല; ആസ്ഥാനം കൊല്ലത്ത്‌

തിരുവനന്തപുരം- പൊതുസമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും നിലവിലുള്ള വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും കൊല്ലം ആസ്ഥാനമായി ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
കാലിക്കറ്റ്, കണ്ണൂര്‍, കേരള സര്‍വകലാശാലകളില്‍ ഇപ്പോള്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ അക്കാദമിക് പ്രോഗ്രാം നടത്തുന്നുണ്ട്. എം.ജി. സര്‍വകലാശാല 2015 മുതല്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്തുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് 2019ല്‍ യു.ജി.സി പുതിയ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അതുപ്രകാരം നാക് അക്രഡിറ്റേഷന്‍ നാലില്‍ 3.26 നു മുകളില്‍ സ്‌കോര്‍ ഉെണ്ടങ്കിലേ സര്‍വകലാശാലക്ക് വിദൂര വിദ്യാഭ്യാസ പദ്ധതി നടത്താന്‍ കഴിയുകയുള്ളൂ.
വിദൂര വിദ്യാഭ്യാസ കോഴ്‌സ് നടത്തുന്ന മൂന്ന് സര്‍വകലാശാലകള്‍ക്കും ഇപ്പോള്‍ ഈ സ്‌കോര്‍ ഇല്ല. അതേസമയം ഏകദേശം രണ്ടു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ വിദൂര വിദ്യാഭ്യാസം തേടുന്നുണ്ട്. 2018-19ല്‍ 80552 വിദ്യാര്‍ഥികളാണ് വിവിധ ബിരുദ കോഴ്‌സുകള്‍ക്ക് ചേര്‍ന്നത്. ഈ സാഹചര്യത്തില്‍ വിദൂര വിദ്യാഭ്യാസം മുഖേനയുള്ള വിദ്യാഭ്യാസ പരിപാടി സുഗമമായി നടപ്പാക്കുന്നതിനാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഡോ. ജെ. പ്രഭാഷിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ തയാറാക്കിയത്.
അടിസ്ഥാന ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, ഭാഷ, കല, സംസ്‌കാരം, രാഷ്ട്രീയം, ആരോഗ്യം, തൊഴില്‍, കൃഷി, വ്യവസായം, വിനോദസഞ്ചാരം, നിയമം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ കോഴ്‌സുകള്‍ നടത്തുന്നതിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങള്‍ നിര്‍ദിഷ്ട സര്‍വകലാശാലയില്‍ ഉണ്ടായിരിക്കും.

സര്‍വകലാശാലയുടെ ഭാഗമായി മേഖലാ പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്ന മുറക്ക് സര്‍വകലാശാല നിലവില്‍ വരും. ഇത് സംബന്ധിച്ച് തയാറാക്കിയ കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

 

 

Latest News