Sorry, you need to enable JavaScript to visit this website.

മശാഇർ മെട്രോയെ ഹറമുമായി ബന്ധിപ്പിക്കണമെന്ന് ശൂറാ കൗൺസിൽ

റിയാദ് - മിനാ, മുസ്ദലിഫ, അറഫ എന്നിവിടങ്ങളെ ബന്ധിപ്പിച്ച് ഹജ് തീർഥാടകർക്കു വേണ്ടി പൂർത്തിയാക്കിയ മശാഇർ മെട്രോയെ വിശുദ്ധ ഹറമിനു സമീപത്തെ സെൻട്രൽ ഏരിയയുമായി ബന്ധിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി ഹജ്, ഉംറ മന്ത്രാലയം നടപടികൾ സ്വീകരിക്കണമെന്ന് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. 
ഹജ്, ഉംറ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ നടന്ന ചർച്ചക്കിടെയാണ് ശൂറാ കൗൺസിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. ബഹുനില തമ്പുകൾ, ലഗേജ് രഹിത ഹജ് എന്നിവ അടക്കം ഹജ്, ഉംറ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് നടപ്പാക്കിയ പദ്ധതികളുടെ ഫലസിദ്ധി ഹജ്, ഉംറ മന്ത്രാലയം വിലയിരുത്തണമെന്നും ഭാവിയിൽ ഈ പദ്ധതികൾ കൂടുതൽ വ്യാപിക്കുന്നതിനുള്ള സാധ്യത പഠിക്കണമെന്നും ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. 


അനുമതി പത്രങ്ങൾക്കുള്ള ആപ്, പുണ്യസ്ഥലങ്ങളിൽ വഴിതെറ്റുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്ന ആപ് എന്നിവ അടക്കമുള്ള ആപ്പുകൾ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ മന്ത്രാലയം പൂർത്തിയാക്കണം. മികച്ച മാനദണ്ഡങ്ങളോടെയുള്ള താമസ സ്ഥലങ്ങൾ ഹജ്, ഉംറ തീർഥാടകർക്ക് ലഭ്യമാണെന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി മന്ത്രാലയം ഉറപ്പു വരുത്തണം. ഉംറ സർവീസ് കമ്പനികളുടെയും ആഭ്യന്തര ഹജ് സർവീസ് കമ്പനികളുടെയും ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകളുടെയും മേൽ കൊറോണ വ്യാപനം ചെലുത്തിയ പ്രത്യാഘാതങ്ങളും വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങളും ഹജ്, ഉംറ മന്ത്രാലയം പഠിക്കണമെന്നും ഹജ്, ഉംറ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് അനുയോജ്യമായ പോംവഴികൾ നിർദേശിക്കണമെന്നും ശൂറാ കൗൺസിൽ ഹജ്, ഉംറ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.


സ്വകാര്യ സ്ഥാപനങ്ങളിലെ സൗദിവൽക്കരണ അനുപാതവും ഉന്നത തസ്തികകളിലെ സൗദിവൽക്കരണ അനുപാതവും 75 ശതമാനത്തിൽ കുറയരുത് എന്ന് അനുശാസിക്കുന്ന നിലക്ക് തൊഴിൽ നിയമത്തിലെ 26 ാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന നിർദേശത്തിലും ശൂറാ കൗൺസിലിൽ ഇന്നലെ വിശദമായ ചർച്ച നടന്നു. 
ഇതുമായി ബന്ധപ്പെട്ട് അംഗങ്ങൾ പ്രകടിപ്പിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ പഠിച്ച് മറുപടി നൽകാൻ ശൂറാ കൗൺസിലിലെ സാമൂഹിക, കുടുംബ, യുവജന കമ്മിറ്റി കൂടുതൽ സമയം തേടുകയും ഇത് കൗൺസിൽ അംഗീകരിക്കുകയും ചെയ്തു. 

 

Latest News