Sorry, you need to enable JavaScript to visit this website.

സൗദിയിൽ പ്രതിശീർഷ വരുമാനത്തിൽ 10 ശതമാനം വളർച്ചക്ക് സാധ്യത

റിയാദ് - സൗദിയിൽ പ്രതിശീർഷ വരുമാനത്തിൽ 10 ശതമാനത്തോളം വളർച്ച രേഖപ്പെടുത്തുമെന്ന് റിപ്പോർട്ട്. വർഷാവസാനത്തോടെ സൗദിയിൽ പ്രതിശീർഷ വരുമാനം 21,900 റിയാലായി ഉയരും. ആദ്യ പാദത്തിൽ ഇത് 19,981 റിയാലായിരുന്നു. ആദ്യ പാദത്തെ അപേക്ഷിച്ച് വർഷാവസാനത്തിൽ പ്രതിശീർഷ വരുമാനം 9.6 ശതമാനം തോതിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തെ സാമ്പത്തിക അനുകൂല റിപ്പോർട്ടുകൾ സാമ്പത്തിക വളർച്ച മെച്ചപ്പെടുമെന്ന പ്രതീക്ഷ ശക്തമാക്കുന്നു. വർഷാവസാനത്തോടെ മൊത്തം ആഭ്യന്തരോൽപാദനം വർധിക്കുകയും പൊതുകടം കുറയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 
ലോക്ഡൗൺ ലഘൂകരിക്കുകയും സർക്കാർ മൂലധന ധനവിയോഗം വർധിപ്പിക്കുകയും ചെയ്തതിലൂടെ സൗദി സമ്പദ്‌വ്യവസ്ഥ സന്തുലനം വീണ്ടെടുത്തതായി സാംബ കാപിറ്റൽ റിപ്പോർട്ട് പറയുന്നു. മൂല്യവർധിത നികുതി ഉയർത്തിയത് ഉപയോക്താക്കൾ അവണിച്ചു എന്നാണ് വിൽപനയുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നത്. മറ്റു നിരവധി വികസ്വര വിപണികളെ പോലെ തന്നെ സൗദി അറേബ്യയും കൊറോണ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നത് തുടരുകയാണ്. മറ്റു ഭൂരിഭാഗം വികസ്വര രാജ്യങ്ങളെയും അപേക്ഷിച്ച് കൂടുതൽ മികച്ച നിലയിൽ ആരോഗ്യ ഭീഷണി കൈകാര്യം ചെയ്യാൻ സൗദി അറേബ്യക്ക് സാധിച്ചു. 


എണ്ണ വരുമാനം കുറഞ്ഞതും ചരക്ക് നീക്കത്തിനും ആളുകളുടെ സഞ്ചാരത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കഴിഞ്ഞ മാസങ്ങളിൽ നേരിട്ട പ്രധാന തിരിച്ചടികളായിരുന്നു. ചരക്ക് നീക്കത്തിനും ആളുകളുടെ സഞ്ചാരത്തിനും ബാധകമാക്കിയ നിയന്ത്രണങ്ങൾ പ്രാദേശിക ഉപഭോഗം കുറച്ചു. വൻതോതിലുള്ള ധനകരുതൽ ശേഖരം, വലിയ തോതിലുള്ള വിദേശ ആസ്തികൾ, കുറഞ്ഞ വിദേശ കടം, ശക്തമായ പ്രാദേശിക ബാങ്കിംഗ് സംവിധാനം എന്നിവയുടെ ഫലമായി ഈ വെല്ലുവിളികളെ സൗദി അറേബ്യ ശക്തമായി നേരിട്ടു. ഈ വർഷം ബജറ്റ് കമ്മി 277 ബില്യൺ റിയാലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 10.2 ശതമാനമാണ്. ഈ വർഷത്തെ ബജറ്റ് കമ്മി ഏറെ കൂടുതലാണെങ്കിലും 2016 കമ്മിയെ അപേക്ഷിച്ച് ഇത് കുറവാണ്. 2016 ൽ ബജറ്റ് കമ്മി മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 13 ശതമാനമായിരുന്നു. ഈ വർഷത്തെ ബജറ്റ് കമ്മി 311 ബില്യൺ റിയാലായിരിക്കുമെന്നാണ് സാംബ നേരത്തെ പ്രതീക്ഷിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ രാജ്യത്തിന്റെ ബജറ്റ് കമ്മി ഇതിലും കുറവായിരിക്കും. 


സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനം ഈ വർഷം 722 ബില്യൺ ഡോളറായി കുറയും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.1 ശതമാനം കുറവാണിത്. 2019 ൽ മൊത്തം ആഭ്യന്തരോൽപാദനം 793 ബില്യൺ ഡോളറായിരുന്നു. അടുത്ത വർഷാവസാനത്തോടെ ഇത് 793 ബില്യൺ റിയാലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷത്തെ അപേക്ഷിച്ച് അടുത്ത കൊല്ലം മൊത്തം ആഭ്യന്തരോൽപാദനത്തിൽ 4.7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ശരാശരി പ്രതിശീർഷ വരുമാനം ഈ വർഷാവസാനത്തോടെ 21,900 റിയാലായും അടുത്ത വർഷത്തോടെ 23,400 റിയാലായും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 


ഈ വർഷം ആദ്യ പാദത്തിൽ മൊത്തം ആഭ്യന്തരോൽപാദനം 695.6 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് 3.2 ശതമാനം കുറവാണിത്. ആദ്യ പാദത്തിൽ പ്രതിശീർഷ വരുമാനം 5.7 ശതമാനം തോതിൽ കുറഞ്ഞ് 19,981 റിയാലായി. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ ശരാശരി പ്രതിശീർഷ വരുമാനം 21,189 റിയാലായിരുന്നു. സൗദിയിൽ പ്രതിശീർഷ വരുമാനം 2018 ആദ്യ പാദത്തിൽ 21,119 റിയാലും രണ്ടാം പാദത്തിൽ 22,181 റിയാലും മൂന്നാം പാദത്തിൽ 22,230 റിയാലും നാലാം പാദത്തിൽ 22,726 റിയാലും 2019 ആദ്യ പാദത്തിൽ 21,189 റിയാലും രണ്ടാം പാദത്തിൽ 21,893 റിയാലും മൂന്നാം പാദത്തിൽ 21,718 റിയാലും നാലാം പാദത്തിൽ 22,292 റിയാലുമായിരുന്നു. 

 

Latest News