Sorry, you need to enable JavaScript to visit this website.
Thursday , September   24, 2020
Thursday , September   24, 2020

സത്യസന്ധമായ വിജയങ്ങളാണ്  ജീവിതത്തിൽ സന്തോഷം നൽകുന്നത്

വിജയപാത എപ്പോഴും തിളക്കമേറിയതാകുമ്പോഴാണ് നേടിയ വിജയം നമുക്ക് സന്തോഷം പകരുന്നത്. തികഞ്ഞ കിടമൽസരത്തിന്റെ ലോകത്ത് ജീവിക്കുമ്പോഴും നിരന്തര പരിശ്രമങ്ങളിലൂടെ വിജയം സ്വന്തമാക്കുവാനാണ് നാം ശ്രമിക്കേണ്ടത്. മൽസര വേദിയിൽ തർക്കിച്ചും വാശിപിടിച്ചും നേടുന്ന പല ജയങ്ങളും താൽക്കാലികമായ നേട്ടങ്ങൾക്ക് കാരണമായേക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ തികഞ്ഞ പരാജയമായിരുന്നെന്ന് പിന്നീട് തിരിച്ചറിഞ്ഞേക്കും.
അനുചിതമായ ഒരു വികാരവുമുണ്ടാകാതിരിക്കുക എന്നതു തന്നെ ജീവിതത്തിന്റെ വിജയ രഹസ്യം എന്നാണ് ഓസ്‌കർ വൈൽഡ് പറഞ്ഞത്.
2012 ഡിസംബറിൽ സ്പെയിനിലെ ബുർലാഡയിൽ നടന്ന അന്താരാഷ്ട്ര മാരത്തോണിലെ അവിസ്മരണീയമായ ഒരു രംഗം ഏറെ പ്രാധാന്യത്തോടെയാണ് ലോകം ഇന്നും അനുസ്മരിക്കുന്നത്. വാശിയേറിയ മത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്ലറ്റ് ആബേൽ മുത്തായ്യും സ്പാനിഷ് അത്ലറ്റ് ഇവാൻ ഫെർണാണ്ടസുമാണ് ഓട്ടത്തിൽ മുന്നിലുണ്ടായിരുന്നത്. ഫിനിഷിംഗ് ലൈനിന്റെ സൈനേജ് (അടയാളം) തിരിച്ചറിയുന്നതിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിക്കഴിഞ്ഞുവെന്ന തെറ്റിദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽ ഓട്ടം അവസാനിപ്പിച്ചു.
എന്നാൽ തൊട്ടുപിന്നിൽ ഓടിവരുന്ന സ്പാനിഷ് അത്ലറ്റ് ഇവാൻ ഫെർണാണ്ടസിന് കാര്യം പിടികിട്ടി. അദ്ദേഹം ആ കെനിയക്കാരനോട് ഫിനിഷിംഗ് ലൈൻ എത്തിയിട്ടില്ലെന്നും ഓട്ടം തുടരണമെന്നും ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാൽ സ്പാനിഷ് ഭാഷ അറിയാത്തതുകൊണ്ട് കെനിയൻ താരത്തിന് കാര്യം മനസ്സിലായില്ല. അദ്ദേഹം പ്രതികരിച്ചതുമില്ല. ഇത് മനസ്സിലാക്കിയ സ്പാനിഷ് താരം ഇവാൻ ആബേലിനെ പിറകിൽ നിന്ന് തള്ളി ഫിനിഷിംഗ് പോയന്റിലെത്തിച്ച് ഒന്നാം സ്ഥാനം നേടിക്കൊടുത്താണ് ചരിത്രത്തിൽ സ്ഥാനം നേടിയത്.
അമ്പരന്നു നിന്ന കാഴ്ചക്കാരുടെ ഇടയിൽ നിന്നും ഒരു പത്രപ്രവർത്തകൻ ഇവാനോട് ചോദിച്ചു: 'താങ്കൾ എന്തിനാണീ കെനിയക്കാരനെ വിജയത്തിലേക്ക് തള്ളിവിട്ടത്. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ഈ വിജയം താങ്കളുടേതാകുമായിരുന്നില്ലേ' അതിന് ഇവാൻ പറഞ്ഞ മറുപടിയാണ് ലോകത്തിന്റെ മുന്നിൽ ഇവാനെ എന്നും വീരപുരുഷനാക്കുന്നത്. 
അദ്ദേഹം പറഞ്ഞു: വിജയത്തിന്റെ പാതയിലായിരുന്ന അവന്റെ ആശയക്കുഴപ്പത്തിൽ ഞാൻ നേടുന്ന വിജയത്തിന് എനിക്ക് എന്ത് സന്തോഷം. ഞാൻ അങ്ങനെ ചെയ്താൽ, ഇതു കണ്ടുകൊണ്ടിരിക്കുന്ന എന്റെ അമ്മ എന്ത് വിചാരിക്കും. ജീവിതത്തിൽ സത്യസന്ധതയും വിശ്വസ്തയും അടിയറ പറയരുതെന്നാണ് എന്റെ അമ്മ പഠിപ്പിച്ച ഏറ്റവും വലിയ പാഠം.
മാരത്തോണിൽ വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും അമൂല്യമായ മൂല്യങ്ങളും ജീവിത സന്ദേശവും ആ കായികതാരത്തെ അവിസ്മരണീയനാക്കുകയാണ്. അതുകൊണ്ടാണ് വർഷങ്ങളേറെ കഴിഞ്ഞെങ്കിലും ഇന്നും വിജയത്തെക്കാളേറെ വിശ്വാസത്തിനും സത്യസന്ധതക്കും പ്രാമുഖ്യം നൽകിയ ഇവാന്റെ ഉദാഹരണം സ്‌കൂളുകളിലും കോളേജുകളിലും മാത്രമല്ല മറ്റു പല വേദികളിലും ആവർത്തിച്ച് ഉദ്ധരിക്കപ്പെടുന്നത്. സത്യസന്ധതയാണ് മനുഷ്യ നന്മകളുടെ മാതാവെന്ന അനശ്വര യാഥാർഥ്യമാണ് തന്റെ ജീവിതാനുഭാവത്തിലൂടെ ഇവാൻ അടയാളപ്പെടുത്തിയത്.
വിജയിക്കാനുള്ള തെറ്റായ വഴികളല്ല സത്യസന്ധതയുടെ മൂല്യങ്ങളാണ് നാം മുറുകെ പിടിക്കേണ്ടത് എന്ന മഹത്തായ സന്ദേശം ലോകത്തിന് നൽകിയാണ് മെഡലുകളേക്കാളും ജനഹൃദയങ്ങളിൽ ഒരായിരം കിരീടങ്ങളുമണിയിച്ച് ഇവാൻ ഇന്നും സജീവമായി നിലനിൽക്കുന്നതും. മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നവരുടെ തോൽവിക്കും മാധുര്യമേറുമെന്ന കാര്യത്തിൽ സംശയം വേണ്ട. സത്യസന്ധതയുടെയും നീതിയുടെയും പാതയിൽ മുന്നേറുമ്പോൾ തോറ്റുകൊടുക്കേണ്ടി വന്നാൽ പോലും ആത്മസംതൃപ്തിയും സായൂജ്യവും ജീവിതത്തെ സന്തോഷപ്രദമാക്കും. മനുഷ്യത്വത്തിന്റേയും സ്നേഹത്തിന്റേയും ഉദാത്തമായ മൂല്യങ്ങളോടെ നാം വർത്തിക്കുമ്പോഴും ജീവിതം കൂടുതൽ ധന്യവും വിജയകരവുമാകും.
മനുഷ്യർക്കു ജീവിതം മൂന്നു തരത്തിലാണ്. പരസ്യമായത്, സ്വകാര്യമായത്, രഹസ്യമായത്: ആ മൂന്നിടങ്ങളിലും സത്യസന്ധതയും ആത്മാർഥതയും പുലർത്തുന്നതാണ് വിജയമെന്നാണ് കൊളംബിയൻ നോവലിസ്റ്റും പത്രപ്രവർത്തകനും നൊബേൽ സമ്മാന ജേതാവുമായ ഗബ്രിയേൽ ഗർസിയ മാർക്വേസ് അഭിപ്രായപ്പെട്ടത.്
പതിവായി, വയസ്സായ ഒരു സ്ത്രീയുടെ പെട്ടിക്കടയിൽ നിന്നും ഓറഞ്ചുകൾ വാങ്ങുന്ന ഒരാളുടെ കഥ കേട്ടിട്ടില്ലേ. സ്ഥിരമായി ആ പാവപ്പെട്ട സ്ത്രീയുടെ പെട്ടിക്കടയിൽ നിന്നാണ് അയാൾ ഓറഞ്ച് വാങ്ങുക. ഓറഞ്ച് തൂക്കി വാങ്ങി കാശു കൊടുത്ത ശേഷം ഓറഞ്ച് തന്റെ ബാഗിൽ ഇടും. എന്നിട്ട് അതിൽ നിന്ന് ഒരു ഓറഞ്ച് എടുത്ത് പൊളിച്ച് ഒരു അല്ലി കഴിച്ചതിനു ശേഷം പുളി ആണെന്ന് പറഞ്ഞ് അത് ആ സ്ത്രീക്ക് തന്നെ തിരിച്ചു കൊടുക്കും.
വൃദ്ധ അതിൽ നിന്ന് ഒരു അല്ലി എടുത്ത് കഴിച്ചിട്ട് 'ഇതിനു മധുരം ആണല്ലോ?' എന്ന് പറയുന്നുണ്ടാവും, പക്ഷേ അപ്പോഴേക്കും തന്റെ ബാഗും എടുത്ത് അയാൾ പോയിരിക്കും. അയാളുടെ ഭാര്യ എപ്പോഴും അയാളോട് ചോദിക്കും 'ഓറഞ്ചിന് എപ്പോഴും നല്ല മധുരം ആണല്ലോ? പിന്നെ എന്തിനാണ് ഈ നാടകം? അയാൾ ചിരിച്ചുകൊണ്ട് പറയും: 'ആ വയസ്സായ സ്ത്രീ മധുരമുള്ള ഓറഞ്ചുകൾ വിൽക്കുന്നുണ്ടെങ്കിലും അതിൽനിന്നും ഒരെണ്ണം പോലും അവർ കഴിക്കുന്നില്ല. ഇങ്ങനെ ആകുമ്പോൾ കാശ് നഷ്ടപ്പെടാതെ തന്നെ അവർക്ക് ഒരെണ്ണമെങ്കിലും കഴിക്കുവാൻ സാധിക്കുമല്ലോ.'
തൊട്ടടുത്ത് പച്ചക്കറികൾ വിൽക്കുന്ന മറ്റൊരു സ്ത്രീ എല്ലാ ദിവസവും ഇത് കാണാറുണ്ടായിരുന്നു. അവർ ഒരിക്കൽ ഓറഞ്ച് വിൽക്കുന്ന ഈ വയസ്സായ സ്ത്രീയോട് ചോദിച്ചു: 'എപ്പോഴും അയാൾ നിങ്ങളുടെ ഓറഞ്ചിനെപ്പറ്റി കുറ്റം പറയുന്നെങ്കിലും തൂക്കത്തിൽ കൂടുതൽ ഓറഞ്ച് നിങ്ങൾ അയാൾക്ക് കൊടുക്കുന്നത് ഞാൻ കാണുന്നുണ്ടല്ലോ. അതെന്തിനാണ്.
വയസ്സായ സ്ത്രീ ചിരിച്ചുകൊണ്ട് പറഞ്ഞു: 'എനിക്കറിയാം അയാൾ ഓറഞ്ചിനെ കുറ്റം പറഞ്ഞുകൊണ്ട് തിരിച്ചു തരുന്നത് ഒരെണ്ണം എനിക്ക് കഴിക്കുവാൻ വേണ്ടിയാണ് എന്ന്. എന്നാൽ എനിക്കത് അറിയാം എന്ന് അയാൾക്ക് അറിയില്ല, അതുകൊണ്ടാണ് ഞാൻ തൂക്കത്തിൽ കൂടുതൽ ഓറഞ്ചുകൾ അയാൾക്ക് കൊടുക്കുന്നത്.'
നോക്കൂ, എത്രയോ മഹത്തായ പാഠങ്ങളാണ് ഈ സംഭവം നമുക്ക് പകർന്നു നൽകുന്നത്. ഉപഭോഗ സംസ്‌കാരവും കമ്പോളവൽക്കരണവുമൊക്കെ അരങ്ങു വാഴുമ്പോഴും മനുഷ്യത്വത്തിന്റേയും സ്നേഹത്തിന്റേയും ഉദാത്തമായ മൂല്യങ്ങൾ ഇപ്പോഴും സജീവമായി നിലനിൽക്കുന്ന ഇടങ്ങളുള്ളതാണ് ഈ ലോകത്തെ തന്നെ നിലനിർത്തുന്നത്. മറ്റുള്ളവരുടെ കാര്യങ്ങളെ മനസ്സിലാക്കുകയും ഹൃദയ വിശാലതയോടെ ജീവിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ ജീവിതം മധുരമാകുന്നത്.
വാക്കും പ്രവൃത്തിയും തമ്മിൽ ചേർച്ചയുണ്ടാവുകയും പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുകയെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വിജയ മന്ത്രം. പ്രാവർത്തികമാക്കുന്ന മൂല്യങ്ങൾക്കാണ് പ്രസംഗിക്കുന്ന മൂല്യങ്ങളേക്കാൾ കർമശേഷി. അതിനാൽ കൂടുതൽ അധ്വാനം കുറച്ച് ശബ്ദം എന്ന നിലപാടിലേക്ക് നാം മാറേണ്ടിയിരിക്കുന്നു.
വാക്കിലും പ്രവൃത്തിയിലും കാണുന്ന വൈരുധ്യമാണ് പലപ്പോഴും ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നത്. വളർന്നു വരുന്ന കുട്ടികൾ വായിക്കുകയും കേൾക്കുകയും ചെയ്യുന്ന സൽക്കർമങ്ങളും ജീവിത മൂല്യങ്ങളും ജീവിക്കുന്ന ചുറ്റുപാടുകളിൽ കണ്ടെത്താനായില്ലെങ്കിൽ അവ പാലിക്കാനും പ്രാവർത്തികമാക്കുവാനും പ്രയാസമാകും.
എങ്ങനെ സത്യസന്ധരാകാം എന്ന ചോദ്യത്തിന് ഉത്തരം എഴുതുമ്പോൾ പോലും മുഴുവൻ മാർക്കും വാങ്ങാനായി കോപ്പി അടിക്കേണ്ടി വരുന്ന മൂല്യശോഷണത്തിന്റെ കാലത്ത് വാക്കുകളും പ്രവൃത്തികളും പരസ്പര പൂരകങ്ങളാവേണ്ടത് അത്യാവശ്യമാണ്.
വളർത്തുന്നവരിൽ നിന്നാണ് വളരുന്നവർക്ക് വേണ്ട പോഷണവും മാതൃകയും ലഭിക്കുക. കേട്ടു പഠിക്കുന്നതിനേക്കാൾ കണ്ടാണ് നാം കൂടുതലും പഠിക്കുന്നത്. അതിനാൽ രക്ഷിതാക്കളും അധ്യാപകരും സമൂഹ നേതൃത്വവുമൊക്കെ ഏറെ ജാഗ്രതയോടെ കാത്തു സൂക്ഷിക്കേണ്ട ഈ വിജയ മന്ത്രത്തിന്റെ സമകാലിക പ്രസക്തി അനുദിനം വർധിക്കുകയാണ്.
സുപ്രസിദ്ധ ചൈനീസ് തത്വചിന്തകനായിരുന്ന കൺഫ്യൂഷസിന്റേതായി പറയപ്പെടുന്ന, ഞാൻ കേൾക്കുന്നത് മറക്കുന്നു, കാണുന്നത് ഓർക്കുന്നു, ചെയ്യുന്നത് മനസ്സിലാക്കുന്നു എന്ന വാചകം ഏറെ അർഥ തലങ്ങളുള്ളതാണ്.
 

Latest News